പഠനം നിലച്ച കുട്ടികൾ കൂടുതൽ ഗുജറാത്തിൽ; ആദ്യ മൂന്ന് സ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ; കാരണം ദാരിദ്ര്യവും ബാലവേലയുമെന്ന് കേന്ദ്രം
text_fields(Photo credit: Anjali Mody scroll.in/)
ഗുജറാത്തിൽ 2024നെ അപേക്ഷിച്ച് 340 ശതമാനത്തിലേറെ കുട്ടികൾ ഈ വർഷം സ്കൂളിലെത്തിയില്ല
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും കൂടുതൽ കുട്ടികൾ വിദ്യാലയങ്ങളിൽനിന്ന് കൊഴിഞ്ഞുപോകുന്നതിൽ ആദ്യമൂന്ന് സ്ഥാനങ്ങളും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് സ്വന്തം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്താണ് ഇക്കാര്യത്തിൽ മുന്നിൽ. 2025-26 അധ്യയനവർഷം 2,40,000 വിദ്യാർഥികളാണ് ഗുജറാത്തിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചത്. കേന്ദ്ര വനിതാ-ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂറാണ് ഈ കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ചത്.
ഗുജറാത്തിലെ കൊഴിഞ്ഞുപോക്കിൽ വൻ വർധനവാണ് ഇത്തവണ ഉണ്ടായത്. 2024 ൽ സംസ്ഥാനത്ത് 54,541 കുട്ടികളായിരുന്നു ഈ കണക്കിൽ ഉണ്ടായിരുന്നത്. ആകെ ഒരു പെൺകുട്ടി മാത്രമാണ് സ്കൂൾ ഉപേക്ഷിച്ചിരുന്നത്. എന്നാൽ, ഈ വർഷം പഠനം നിർത്തിയ ആകെ കുട്ടികളുടെ എണ്ണം 340 ശതമാനത്തിലധികം ഉയർന്ന് 2.40 ലക്ഷമായി. പെൺകുട്ടികളുടെ എണ്ണം കുതിച്ചുയർന്ന് 1.1 ലക്ഷമായി.
രാജ്യത്ത് ആകെ പഠനം നിർത്തിയത് 65.7 ലക്ഷം കുട്ടികൾ
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 65.7 ലക്ഷം കുട്ടികൾ സ്കൂൾ പഠനം ഉപേക്ഷിച്ചതായി കേന്ദ്ര വനിതാ-ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂർ അറിയിച്ചു. അതിൽ പകുതിയോളം പേർ - 29.8 ലക്ഷം - കൗമാരക്കാരായ പെൺകുട്ടികളാണെന്നും മന്ത്രി വ്യക്തമാക്കി. കോൺഗ്രസ് എംപി റെങ്കുവ ചൗധരിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ഏറ്റവും കൂടുതൽ കുട്ടികൾ പഠനം നിർത്തിയതിൽ രണ്ടാം സ്ഥാനത്ത് ബി.ജെ.പി തന്നെ ഭരിക്കുന്ന അസം ആണ്. ആകെ 1,50,906 കുട്ടികൾ അസമിൽ പഠനമുപേക്ഷിച്ചു. അതിൽ 57,409 പേർ പെൺകുട്ടികളാണ്. മൂന്നാംസ്ഥാനത്തുള്ള ഉത്തർപ്രദേശിൽ 56,462 പെൺകുട്ടികൾ ഉൾപ്പെടെ 99,218 കൊഴിഞ്ഞുപോയി.
കാരണം ദാരിദ്ര്യം, ബാലവേല
പെൺകുട്ടികൾ സ്കൂൾ ഉപേക്ഷിക്കുന്നതിന് നിരവധി കാരണങ്ങളുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കുടിയേറ്റം, ദാരിദ്ര്യം, ബാലവേല, ഗാർഹിക ഉത്തരവാദിത്തങ്ങൾ, സാമൂഹിക സമ്മർദങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പഠനം തുടരുന്നതിൽ നിന്ന് ഈ പ്രശ്നങ്ങൾ പലപ്പോഴും കുട്ടികളെ തടയുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിനെ പ്രതിരോധിക്കാൻ സീനിയർ സെക്കൻഡറി തലം വരെ പുതിയ സ്കൂളുകൾ ആരംഭിക്കുക, കൂടുതൽ ക്ലാസ് മുറികൾ അനുവദിക്കുക, കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയങ്ങൾ വികസിപ്പിക്കുക, സൗജന്യമായി യൂണിഫോമും പാഠപുസ്തകങ്ങളും ഗതാഗത സഹായവും നൽകുക തുടങ്ങിയവ കൈക്കൊള്ളണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

