ഒമാൻ തീരത്തെ കപ്പലാക്രമണം; അമേരിക്കയോട് പ്രതിഷേധിച്ച് ഇന്ത്യ
text_fieldsന്യൂഡല്‍ഹി: ഒമാന്‍ തീരത്ത് എണ്ണക്കപ്പലിനു നേര്‍ക്കുണ്ടായ അമേരിക്കൻ ആക്രമണത്തില്‍ ഇന്ത്യക്കാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഡല്‍ഹിയിലെ യു.എസ് നയതന്ത്ര പ്രതിനിധി ജേസണ്‍ മീക്‌സിനെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. മേഖലയിലെ കപ്പലുകള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണം കനത്ത ആശങ്കയുളവാക്കുന്നതാണെന്നും ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ അറിയിച്ചതായും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ആക്രമണങ്ങളിൽ ഉൾപ്പെട്ട കപ്പലുകൾ ഇന്ത്യയുടേതല്ല. വിദേശ പതാകയുള്ളവയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം മൂന്നായി. കാണാതായ രണ്ടുപേരും മരണപ്പെട്ടതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.
ഇതിനിടെ, സംഭവത്തിൽ ഇന്ത്യ അമേരിക്കയോട് മൃദു സമീപനം തുടരുകയാണെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ വിമർശിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടതിനെ സംബന്ധിച്ചുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ അമേരിക്കയെ കുറ്റപ്പെടുത്തുന്നില്ലെന്ന് സി.പി.എം വിമർശിച്ചു. നാവികരുടെ സുരക്ഷക്ക് ഇന്ത്യ ഉയർന്ന മുൻഗണന നൽകുന്നുണ്ടെന്നും ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും രൺധീർ ജയ്‌സ്വാൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രശ്നപരിഹാരത്തിന് ചർച്ചകളും നയതന്ത്ര മാർഗങ്ങളും സ്വീകരിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സമില്ലാതെ നടക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സീമെൻ വെൽഫെയർ ഫണ്ട് സൊസൈറ്റി വഴി 10 ലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന് തുറമുഖ, ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. ഗൾഫ് മേഖലയിൽ നിലവിൽ 18,000ത്തോളം ഇന്ത്യൻ നാവികർ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും ഹുര്‍മുസ് കടലിടുക്കിലെ തടസ്സം നീക്കാനും ഇന്ത്യ ഇടപെട്ട് യു.എസിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് കോൺഗ്രസും സി.പി.എമ്മും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

