അറബിക്കടലിൽ കണ്ണ് നട്ട് ചൈന: ലക്ഷദ്വീപിൽ മൂന്നാമത്തെ നാവികത്താവളത്തിനൊരുങ്ങി ഇന്ത്യ
text_fieldsകവരത്തി: കവരത്തിയിലെ ഐ.എൻ.എസ് ദീപ്രക്ഷക്, മിനിക്കോയിയിലെ ഐ.എൻ.എസ് ജടായു എന്നിവക്ക് പിന്നാലെ ലക്ഷദ്വീപിൽ മൂന്നാമത്തെ നാവികത്താവളമായ 'ഐ.എൻ.എസ് ബിത്ര' വരുന്നു. പ്രതിരോധ, തന്ത്രപ്രധാനമായ ആവശ്യങ്ങൾക്കായി 36 ദ്വീപുകളുള്ള ഈ ശൃംഖലയിലെ ഏറ്റവും ചെറിയ ജനവാസ ദ്വീപായ ബിത്ര ഏറ്റെടുക്കാനുള്ള നടപടികൾ ലക്ഷദ്വീപ് ഭരണകൂടം ആരംഭിച്ചു. സാമൂഹിക ആഘാത പഠനത്തിന് ലക്ഷദ്വീപ് തുടക്കം കുറിച്ചു. ബിത്രയുടെ തന്ത്രപ്രധാനമായ സ്ഥാനവും ദേശീയ സുരക്ഷാ പ്രാധാന്യവും ചൂണ്ടിക്കാട്ടി, ദ്വീപ് പ്രതിരോധ, തന്ത്രപരമായ ഏജൻസികൾക്ക് പൂർണ്ണമായി കൈമാറാനാണ് ലക്ഷ്യമിടുന്നത്.
വെറും 0.105 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ബിത്രയിൽ 2011ലെ സെൻസസ് പ്രകാരം 105 കുടുംബങ്ങളിലായി 271 നിവാസികളാണുള്ളത്. കവരത്തിക്കും അഗത്തിക്കും ഇടയിലുള്ള നിരീക്ഷണ വിടവ് നികത്തിക്കൊണ്ട് ഇത് ഉത്തര ലക്ഷദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. മലക്കാ കടലിടുക്കിനെ ഏദൻ ഉൾക്കടലുമായും ഹുർമുസ് കടലിടുക്കുമായും ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാാര പാതകളായ എട്ട്, ഒൻപത് ഡിഗ്രി ചാലുകളിൽ തെക്ക് ഭാഗത്ത് മിനിക്കോയി നിരീക്ഷണം നടത്തുമ്പോൾ, സുപ്രധാന സമുദ്രപാതകൾ നിരീക്ഷിക്കാനും കടൽകൊള്ളയും ലഹരികടത്തും തടയാനും അറേബിക്കടലിലെ വർധിച്ചുവരുന്ന ചൈനീസ് പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും നാവികസേനക്ക് ഒരു ഉത്തരഘടകം നൽകാൻ ബിത്രക്ക് സാധിക്കും.
പദ്ധതി നടപ്പിലായാൽ, 2024 മാർച്ച് 6ന് കമ്മീഷൻ ചെയ്ത ഐ.എൻ.എസ് ദീപ്രക്ഷക്, ഐ.എൻ.എസ് ജടായു എന്നിവക്ക് ശേഷമുള്ള മൂന്നാമത്തെ പ്രതിരോധ സ്ഥാപനമായി ബിത്ര മാറും. ഉത്തര ലക്ഷദ്വീപിലെ നിരീക്ഷണ വിടവുകൾ നികത്താനും പ്രവർത്തന വ്യാപ്തി വർധിപ്പിക്കാനും ഈ താവളം ആവശ്യമാണെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ, അഗത്തി എയർഫീൽഡിന്‍റെ ആസൂത്രിത വിപുലീകരണത്തിലും ഐ.എൻ.എസ് ജടായുവുമായി സംയോജിപ്പിച്ച് മിനിക്കോയിയിൽ പുതിയ എയർഫീൽഡ് നിർമിക്കുന്നതിലും കാണുന്നതുപോലെ, കേന്ദ്ര സർക്കാറിന്‍റെ ഇരട്ട-ഉപയോഗ മാതൃകയിലൂടെ തൊഴിലവസരങ്ങൾ, ആരോഗ്യ രംഗം, കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചർ എന്നിവയും ഇത് കൊണ്ടുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

