പാക് അധീന കശ്മീരിൽ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളെന്ന് ഇന്ത്യ
text_fieldsഒക്ടോബർ ഒന്നിന് പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിൽ നടന്ന സമരത്തെത്തുടർന്ന് നടന്ന പ്രതിഷേധത്തിനിടെ പ്രകടനക്കാരെ പിരിച്ചുവിടാൻ പോലീസ് ഉദ്യോഗസ്ഥൻ കണ്ണീർ വാതകം പ്രയോഗിക്കുന്നു
ന്യൂഡൽഹി: നിരപരാധികളായ പ്രക്ഷോഭകർക്ക് നേരെ പാക് അധീന കശ്മീരിൽ നടക്കുന്നത് ഭീതിജനകമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് ഇന്ത്യ. ഇതിനെ ശക്തമായി അപലപിച്ച വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പാക് അധീന കശ്മീരിലെ പ്രക്ഷോഭങ്ങൾക്ക് കാരണം പാകിസ്താന്റെ അടിച്ചമർത്തൽ നയമാണെന്നും കുറ്റപ്പെടുത്തി.
പാക് അധീന കാശ്മീരിൽ നിരപരാധികളായ പൗരന്മാർക്ക് നേരെ നടക്കുന്ന ക്രൂരമായ അതിക്രമങ്ങളുടെ നിരവധി റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് ജയ്സ്വാൾ തുടർന്നു. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ഈ ഭൂപ്രദേശമെന്നും അദ്ദേഹം പറഞ്ഞു.
‘പാക് അധീന കശ്മീരിന്റെ പല ഭാഗങ്ങളിലും നടക്കുന്ന പ്രതിഷേധവും സാധാരണക്കാർക്ക് നേരെ പാക് സൈന്യം നടത്തുന്ന ക്രൂരതകളും ശ്രദ്ധയിൽപ്പെട്ടു. ഇതിന്റെ എല്ലാ ഉത്തരവാദിത്വവും പാകിസ്താൻ ഏറ്റെടുക്കണം. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് അവിടെ നടക്കുന്നത്. പാകിസ്താന്റെ അടിച്ചമർത്തൽ സമീപനത്തിന്റേയും നിയമവിരുദ്ധമായ കടന്നുകയറ്റത്തിന്‍റെ ഫലമായി നടക്കുന്ന വിഭവ കൊള്ളയുടെയും പരിണിതഫലമാണ് ഇതെന്നാണ് ഇന്ത്യ കരുതുന്നത്. ഈ കടുത്ത മനുഷ്യാവകാശ ലംഘനത്തിന് പൂർണ ഉത്തരവാദികൾ പാകിസ്താനാണ്’,- വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

