കശ്മീർ: നെഹ്‌റുവിന്റെ വിഡ്ഢിത്തങ്ങൾക്ക് ഇന്ത്യ ഇപ്പോഴും വില കൊടുക്കുന്നു -മന്ത്രി റിജിജു
text_fieldsന്യൂഡൽഹി: കശ്മീർ ഇന്ത്യയുമായി ലയിച്ചതിന്റെ ചരിത്രം കോൺഗ്രസ് നെഹ്റുവിന് വേണ്ടി വളച്ചൊടിക്കുകയാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. കശ്മീർ വിഷയത്തിൽ നെഹ്റുവിന്റെ സംശയാസ്പദമായ പങ്ക് ഒളിപ്പിക്കാൻ കോൺഗ്രസ് ചരിത്രപരമായ നുണ പറയുകയാണ്. അതാണ് ജയറാം രമേശ് ആവർത്തിക്കുന്നത്. ജയറാം രമേശിന്റെ നുണ പൊളിക്കാൻ നെഹ്റുവിനെ തന്നെ ഉദ്ധരിക്കാമെന്നും റിജിജു പറഞ്ഞു.
1952 ൽ ശൈഖ് അബ്ദുല്ലയുമായുള്ള കരാറിന് ശേഷം ലോക്‌സഭയിൽ നെഹ്‌റു നടത്തിയ പ്രസംഗങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് റിജിജു ട്വീറ്റ് ചെയ്തത്.
ഇന്ത്യയിൽ ചേരുന്നതിനായി മഹാരാജാ ഹരി സിങ് ആദ്യമായി നെഹ്‌റുവിനെ സമീപിച്ചത് 1947 ജൂലൈയിൽ തന്നെയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ഒരു മാസം മുമ്പ്. നെഹ്‌റുവാണ് മഹാരാജാവിനെ തള്ളിപ്പറഞ്ഞത്' നെഹ്‌റുവിന്റെ പ്രസംഗത്തിൽ നിന്ന് ഉദ്ധരിച്ച് റിജിജു പറഞ്ഞു. നെഹ്‌റുവിന്റെ വിഡ്ഢിത്തങ്ങൾക്ക് ഇന്ത്യ ഇപ്പോഴും വില കൊടുക്കുകയാണെന്നും കിരൺ റിജിജു എഴുതി.
ഇന്ത്യയുമായി ചേരണമെന്ന ഹരി സിങ്ങിന്റെ അഭ്യർഥന നെഹ്‌റു നിരസിക്കുകയും പിന്നീട് കാശ്മീരിന് വേണ്ടി ചില 'പ്രത്യേക' കേസുമായി വരികയും വെറുതെ ഇന്ത്യയോട് ചേരുന്നതിന് പകരം പ്രത്യേകമായി ചേരാനും നെഹ്റു ആഗ്രഹിച്ചു. 'എന്തായിരുന്നു ആ പ്രത്യേക കേസ്? വോട്ട് ബാങ്ക് രാഷ്ട്രീയം?' റിജിജു ചോദിച്ചു.
'അതിനാൽ ജമ്മു-കശ്മീർ സംസ്ഥാനത്തെ കൂട്ടിച്ചേർക്കാൻ തിരക്കിട്ട് നടപടി എടുക്കേണ്ടതില്ലെന്ന് ഞങ്ങൾ 1947 ജൂലൈ മാസത്തിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ ഞങ്ങൾ മഹാരാജിന്റെ സർക്കാരിനെയും അറിയിച്ചു. ഇക്കാര്യത്തിൽ തിടുക്കം കൂട്ടേണ്ടെന്ന് അവിടത്തെ ജനകീയ പ്രസ്ഥാനത്തിന്റെ നേതാക്കളും പറഞ്ഞു എന്നായിരുന്നു റിജിജു പങ്കുവെച്ച നെഹ്‌റുവിന്റെ പ്രസംഗത്തിന്റെ സ്‌ക്രീൻഷോട്ട്.
സർദാർ പട്ടേലിന്റെ പാതയിലൂടെ നടന്ന് കശ്മീർ പ്രശ്‌നം പരിഹരിക്കാമെന്ന് പ്രധാനമന്ത്രി മോദി തിങ്കളാഴ്ച ഗുജറാത്തിൽ നടന്ന റാലിയിൽ പ്രസംഗിച്ചിരുന്നു. 'സർദാർ സാഹിബ് എല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യയുമായി ലയിപ്പിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ കശ്മീരിന്റെ ഈ ഒരു വിഷയം കൈകാര്യം ചെയ്തത് മറ്റൊരാൾ,'നെഹ്‌റുവിന്റെ പേര് പരാമർശിക്കാതെ മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തോട് പ്രതികരിച്ചുകൊണ്ട് ബി.ജെ.പി യഥാർഥ ചരിത്രത്തെ വെള്ളപൂശുകയാണെന്ന് ജയറാം രമേശ് ആരോപിച്ചു.
നെഹ്‌റുവിനെ ജമ്മു കശ്മീർ വിഷയത്തിൽ കുടുക്കാൻ വേണ്ടി മാത്രമാണ് മോദി വസ്തുതകൾ അവഗണിക്കുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. 'മഹാരാജ ഹരി സിങ് സ്വാതന്ത്ര്യം സ്വപ്നം കണ്ടു. എന്നാൽ പാകിസ്താൻ ആക്രമിച്ചപ്പോൾ ഹരി സിങ് ഇന്ത്യയിലേക്ക് ചേക്കേറി. നെഹ്‌റുവുമായുള്ള സൗഹൃദവും ആരാധനയും ഗാന്ധിയോടുള്ള ബഹുമാനവും കൊണ്ടാണ് ശൈഖ് അബ്ദുല്ല ഇന്ത്യയോട് ചേർന്നത്. 1947 സെപ്തംബർ 13-ന് ജുനാഗഡ് നവാബ് പാകിസ്താനിൽ ചേരുന്നത് വരെ ജമ്മു കശ്മീർ പാകിസ്തനിൽ ചേരുന്നതിൽ സർദാർ പട്ടേൽ കുഴപ്പം കണ്ടില്ലെന്നും ജയറാം രമേശ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

