ഇവിടെ പറ്റില്ല, നിങ്ങൾ മറ്റൊരു രാജ്യത്തെ സമീപിക്കൂ; ശ്രീലങ്കൻ സ്വദേശിയുടെ ഹരജിയിൽ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ലോകത്തുള്ള എല്ലാ അഭയാർഥികളെയും സ്വീകരിക്കാൻ ഇന്ത്യ ധർമശാലയല്ലെന്ന് ഓർമിപ്പിച്ച് സുപ്രീംകോടതി. ശ്രീലങ്കൻ സ്വദേശിയുടെ അഭയം തേടിയുള്ള ഹരജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. എൽ.ടി.ടി.ഇയുമായുള്ള ബന്ധം ആരോപിച്ച് 2015ൽ അറസ്റ്റിലായ ശ്രീലങ്കൻ സ്വദേശിയായ തമിഴ് പൗരനാണ് അഭയം നൽകണമെന്ന് കാണിച്ച് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. യു.എ.പി.എ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. കേസിൽ 2018ൽ വിചാരണകോടതി 10 വർഷത്തെ തടവും വിധിച്ചു. 2022ൽ മദ്രാസ് ഹൈകോടതി തടവ് ശിക്ഷ ഏഴ് വർഷമായി കുറച്ചു. ശിക്ഷാകാലാവധി കഴിഞ്ഞാൽ ഉടൻ രാജ്യംവിടണമെന്നും അതുവരെ ഡിപ്പോർട്ടേഷൻ ക്യാമ്പിൽ കഴിയാമെന്നും ഹൈകോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ താൻ ഇന്ത്യയിലേക്ക് വന്നത് നിയമാനുസൃത വിസയിലാണെന്നും നാട്ടിലേക്ക് മടങ്ങിപ്പോയാൽ ജീവൻ അപകടത്തിലാവുമെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. മാത്രമല്ല, തന്റെ ഭാര്യയും കുട്ടികളും ഇന്ത്യയിൽ സ്ഥിരതാമസക്കാരാണെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു. എന്നാൽ സുപ്രീംകോടതി ഈ വാദങ്ങൾ കണക്കിലെടുത്തില്ല. തുടർന്നാണ് ഇന്ത്യയിൽ 140 കോടി ജനങ്ങളുണ്ടെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭയാർഥികളായി എത്തുന്നവർക്ക് അഭയം നൽകാൻ ഇത് ധർമശാലയല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയത്. മൂന്ന് വർഷമായി ഇന്ത്യൻ ജയിലിലാണെന്നും തന്നെ നാടുകടത്താനുള്ള നടപടികൾ തുടങ്ങിയിട്ടില്ലെന്നുമുള്ള ഹരജിക്കാരന്റെ വാദവും കോടതി മുഖവിലക്കെടുത്തില്ല.
ഭരണഘടനയുടെ 21ാം അനുഛേദം (ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കൽ), സംസാര സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ നൽകുന്ന 19 ാം അനുഛേദം എന്നിവ പ്രകാരമാണ് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ നിയമപ്രകാരം കസ്റ്റഡിയിലെടുത്തതിനാൽ ഹർജിക്കാരന്റെ തടങ്കൽ ആർട്ടിക്കിൾ 21 ന്റെ ലംഘനമല്ലെന്ന് ജസ്റ്റിസ് ദത്ത പറഞ്ഞു. ആർട്ടിക്കിൾ 19 ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ലഭ്യമാകൂ എന്നും ഓർമിപ്പിച്ചു. തുടർന്ന് ഇവിടെ സ്ഥിരതാമസമാക്കാൻ ഹരജിക്കാരന് എന്തവകാശമാണുള്ളതെന്നും കോടതി ചോദിച്ചു.
ഹരജിക്കാരന്റെ ജീവൻ അപകടത്തിലാവുമെന്ന് അഭിഭാഷകൻ ബോധിപ്പിച്ചപ്പോൾ മറ്റൊരു രാജ്യത്തേക്ക് പോകാനായിരുന്നു സുപ്രീംകോടതിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

