ലഡാക്കിലെ 28 സ്ഥലങ്ങൾക്കും ഭൂപ്രദേശങ്ങൾക്കും ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ
text_fieldsന്യൂഡൽഹി: ലഡാക്കിലെ 28 സ്ഥലങ്ങൾക്കും ഭൂപ്രദേശങ്ങൾക്കും ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ. സർവേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടങ്ങളിലാണ് പുതിയ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെ ഭരണകൂടവുമായി ആലോചിച്ചാണ് സ്ഥലങ്ങൾ തിരിച്ചറിഞ്ഞത്. ഇവയെ കൃത്യമായി രേഖപ്പെടുത്തുന്നതിനും പൊതുജനങ്ങൾക്ക് കൂടുതൽ പരിചിതമാക്കുന്നതിനുമാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.
കൊടുമുടികൾ, മലനിരകൾ, ചുരങ്ങൾ, ഹിമാനികൾ, താഴ്‌വര, നദി, തടാകം, ജലാശയം, വിവിധ ഭൂഭാഗങ്ങൾ എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അതിഷ ഗിരി, കനിഷ്ക പീക്ക്, മാർത്താണ്ഡ ഗിരി, സോറാവർ പീക്ക്, റിൻചെൻ സാങ്പോ, സാക്യശ്രീ ഗിരി, മാർപ ലോത്സാവ റി, മിലാരെപ കാങ്‌രി, ശിവ റി, മഹേശ്വര റി എന്നിവയാണ് പേരിട്ട പ്രധാന കൊടുമുടികൾ.
കരുണ്‍ പീർ, ഡ്രാക് കാർപ്പോ, ജോൽമോരി എന്നിവ മലനിരകളായും ചാപ്ചിംഗൽ പാസ്, ഷാച്മിർക്ക് പാസ് എന്നിവ ചുരങ്ങളായും പട്ടികപ്പെടുത്തിയിട്ടുണ്ട്. പാർപിക്, സ്കാംറി എന്നിവയാണ് പേരിട്ട ഹിമാനികൾ. ഷ്കോർഗ വാലി, യാങ്പ നദി, ഗുരു റിൻപോച്ചെ തടാകം, ഹോട്ട് സ്പ്രിംഗ് എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നു.
2020ലെ ഗാൽവൻ സംഘർഷത്തിന് പിന്നാലെ ഇന്ത്യ-ചൈന സൈനികർ തമ്മിൽ സംഘർഷാവസ്ഥ നിലനിന്നിരുന്ന ഗോഗ്ര, ഹോട്ട് സ്പ്രിംഗ് പ്രദേശങ്ങളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനിക സാന്നിധ്യം ഇപ്പോഴും തുടരുകയാണ്. വിവിധ ഘട്ടങ്ങളിലായി നടന്ന സൈനിക, നയതന്ത്ര ചർച്ചകൾക്ക് ശേഷം ചില മേഖലകളിൽ സൈനിക പിൻമാറ്റം നടന്നിട്ടുണ്ട്.
സ്ഥലങ്ങളെ സർവേ ഓഫ് ഇന്ത്യയുടെ ഭൂപടത്തിൽ ഔദ്യോഗികമായി തിരിച്ചറിയുന്നതിനും പൊതുജനങ്ങൾക്ക് കൂടുതൽ പരിചിതമാക്കുന്നതിനുമാണ് പേരുകൾ നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക പ്രസ്താവനയിൽ ചൈനയെയോ അതിർത്തി തർക്കത്തെയോ നേരിട്ട് പരാമർശിച്ചിട്ടില്ല.
അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന അടുത്തിടെ ചൈനീസ് പേരുകൾ നൽകുകയും പ്രദേശത്തിന്മേൽ അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇന്ത്യ ഈ പേരുമാറ്റവും ചൈനയുടെ അവകാശവാദങ്ങളും തള്ളുകയും അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

