ഇന്ത്യ ‘ജനാധിപത്യത്തിന്‍റെ മാതാവ്’, പാകിസ്താന് ‘ആഗോള ഭീകരതയുടെ പിതാവെ’ന്ന് അപരനാമം -രാജ്നാഥ് സിങ്
text_fieldsരാജ്നാഥ് സിങ്
ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും ഒരേസമയം സ്വാതന്ത്ര്യം നേടിയെങ്കിലും ഇന്ന് ഇന്ത്യയെ ‘ജനാധിപത്യത്തിന്‍റെ മാതാവാ’യി കണക്കാക്കുമ്പോൾ പാകിസ്താന് ‘ആഗോള ഭീകരതയുടെ പിതാവെ’ന്ന് അപരനാമമാണ് ലഭിച്ചതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പാകിസ്താൻ ഭീകരവാദത്തിന്‍റെ വളർത്തുകേന്ദ്രമാണ്. ആ രാജ്യത്തിന് സാമ്പത്തിക സഹായം നൽകുന്നതിൽനിന്ന് അന്താരാഷ്ട സമൂഹം വിട്ടുനിൽക്കണം. ഭീകരവിരുദ്ധ പാനലിന്‍റെ ഉപാധ്യക്ഷനായി പാകിസ്താനെ തെരഞ്ഞെടുത്ത യു.എൻ രക്ഷാസമിതിയുടെ തീരുമാനത്തിൽ പ്രതിരോധമന്ത്രി ഞെട്ടൽ രേഖപ്പെടുത്തി. ചൊവ്വാഴ്ച ഡെറാഡൂണിൽ നടന്ന പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം.
“പാകിസ്താൻ പതിറ്റാണ്ടുകളായി ഭീകരരെ സഹായിക്കുകയും പിന്തുണക്കുകയും അവർക്ക് അഭയം നൽകുകയുമാണ്. അവർ എപ്പോഴും ഭീകരതയെ ന്യായീകരിക്കുന്നു. പാകിസ്താനുമേൽ അന്താരാഷ്ട്ര തലത്തിൽ നയതന്ത്രപരവും സാമ്പത്തികവുമായ സമ്മർദം ചെലുത്തണം. ഭീകരതക്കെതിരെ ഇന്ത്യ സ്വീകരിച്ച ഏറ്റവും വലിയ നടപടിയാണ് ഓപറേഷൻ സിന്ദൂർ. ഭീകരരെ മാത്രമല്ല, അവരുടെ തവളങ്ങളും ഇന്ത്യൻ സേന തകർത്തു. കശ്മീരിൽ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താനുള്ള പാക് നീക്കങ്ങൾ നടപ്പാകില്ല.
ഒരു മതത്തിനും പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയ കക്ഷിക്കും ഭീകരതയെ ന്യായീകരിക്കാനാകില്ല. മാനുഷികമായ യാതൊന്നും രക്തംചിന്തിയോ അക്രമത്തിലൂടെയോ നേടാനാകില്ല. പാകിസ്താന് സഹായം നൽകുകയെന്നാൽ ഭീകരതെ സഹായിക്കുകയെന്നാണ്. അത് അംഗീകരിക്കാനാകില്ല. ഭീകരതയെ പിന്തുണക്കുന്ന രാജ്യം ഭീകരതക്കെതിരെ പോരാടുമെന്ന് കരുതുന്നില്ല. അന്താഷ്ട്ര സംഘടനകൾ ഭീരവാദം പോലുള്ള വിഷയങ്ങളെ കുറിച്ച് കൂടുതലായി ചർച്ച ചെയ്യണം” -രാജ്നാഥ് സിങ് പറഞ്ഞു.
ഏപ്രിൽ 22നാണ് കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ ഭീകരർ വെടിവെച്ച് കൊന്നത്. പാകിസ്താനിൽ വേരുള്ള ദ റസിസ്റ്റന്ഡസ് ഫ്രണ്ടാണ് ഇതിന്‍റെ ഉത്തരവാദിത്തമേറ്റത്. പിന്നാലെ പാകിസ്താനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച ഇന്ത്യ, സിന്ദുനദീജല കരാറുൾപ്പെടെ റദ്ദാക്കി. മേയ് ഏഴിന് ഓപറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യൻ സേന നടത്തിയ തിരിച്ചടിയിൽ പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തു. സൈനിക ദൗത്യത്തിലൂടെ നൂറിലേറെ ഭീകരരെ വധിച്ചെന്ന് കേന്ദ്രം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.