ചൈനയെ ലക്ഷ്യം വെച്ച് ഇന്ത്യ അത്യാധുനിക മിസൈൽ വികസിപ്പിക്കുന്നുവെന്ന് അമേരിക്ക
text_fieldsവാഷിങ്ടൺ: ചൈനയെ മുഴുവനായും പരിധിയിലാക്കാൻ ശേഷിയുള്ള മിസൈൽ ഇന്ത്യ തയാറാക്കുന്നുവെന്ന് അമേരിക്ക. യു.എസിൽ നിന്നുള്ള ഡിജിറ്റൽ മാസികയായ ‘ആഫ്റ്റർ മിഡ്നൈറ്റി’ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അമേരിക്കൻ ആണവ വിദഗ്ധർ ഇന്ത്യ അത്യാധുനിക ശേഷിയുള്ള മിസൈൽ വികസിപ്പിക്കുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ബേസുകളിൽനിന്നും ചൈനയെ ലക്ഷ്യമിട്ട് ആണവ സംവിധാനം ആധുനികവൽക്കരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്ന് ലേഖനം വ്യക്തമാക്കുന്നു.
ആണവായുധത്തിന് ഉപയോഗിക്കാൻ പറ്റുന്നതരത്തിൽ 600 കിലോ പ്ലൂട്ടോണിയം ഇന്ത്യ നിർമിച്ചിട്ടുണ്ടെന്നാണു വിവരം. 150 മുതൽ 200 വരെ ആണവായുധങ്ങൾ നിർമിക്കാനാവശ്യമായ പ്ലൂട്ടോണിയം കൈവശമുണ്ടെങ്കിലും, 120 – 130 വരെ ആണവായുധങ്ങളേ ഇതുവരെ നിർമിച്ചിട്ടുണ്ടാകൂയെന്നും ലേഖനത്തിൽ പറയുന്നു. ഹാൻസ് എം. ക്രിസ്റ്റെൻസെൻ, റോബർട്ട് എസ്. നോറിസ് എന്നിവരാണ് ‘ഇന്ത്യൻ നൂക്ലിയർ ഫോഴ്സസ് 2017’ എന്ന തലക്കെട്ടിൽ ലേഖനമെഴുതിയിരിക്കുന്നത്.
പാകിസ്താനെ ലക്ഷ്യം വെച്ചാണ് ഇന്ത്യ ആണവ നയം രൂപീകരിച്ചതെങ്കിലും നിലവിലുള്ള ആണവ സംവിധാനം ആധുനികവൽക്കരിക്കാനുള്ള ഈ നീക്കങ്ങൾ ചൈനയെ ലക്ഷ്യമിട്ടുള്ളതാണ്. നിലവിൽ ഏഴ് ആണവ സംവിധാനങ്ങളാണ് ഇന്ത്യ നിർമിക്കുന്നത്.
രണ്ടു വിമാനങ്ങളും നിലത്തുനിന്നു തൊടുക്കാവുന്ന നാല് ബാലിസ്റ്റിക് മിസൈലുകളും കടലിൽനിന്നു വിക്ഷേപിക്കാവുന്ന ഒരു ബാലിസ്റ്റിക് മിസൈലുമാണ് ഇന്ത്യ നിർമിക്കുന്നത്.
ഇതുകൂടാതെ നാല് സംവിധാനങ്ങൾക്കൂടി ഇന്ത്യ വികസിപ്പിക്കുന്നുണ്ട്. കടലിൽ നിന്നും കരയിൽ നിന്നും വിക്ഷേപിക്കാവുന്ന അതിദൂര മിസൈലുകളാണത്. അടുത്ത പത്തു വർഷത്തിനുള്ളിൽ ഇവ സേനയുടെ ഭാഗമാക്കി വിന്യസിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വടക്കുകിഴക്കൻ ഇന്ത്യയിൽനിന്ന് ചൈനയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്കു വിക്ഷേപിക്കാൻ ഉതകുന്നതരത്തിലാണ് അഗ്നി–4െൻറ നിർമാണം. ചൈനയുടെ പ്രധാന നഗരങ്ങളായ ബെയ്ജിങ്, ഷാങ്ഹായ് എന്നിവയും അഗ്നി–4െൻറ ദൂരപരിധിയിൽപ്പെടുന്നു. 5000ൽ അധികം കിലോമീറ്ററുകൾ സഞ്ചരിക്കാൻ പര്യാപ്തമായ തരത്തിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (അഗ്നി 5) ഇന്ത്യ വികസിപ്പിക്കുകയാണ്. പരീക്ഷണഘട്ടത്തിലുള്ള അഗ്നി 5 വിജയകരമായാൽ ഇന്ത്യയുടെ മധ്യ, ദക്ഷിണ മേഖലകളിൽനിന്നു ചൈനയെ ലക്ഷ്യമാക്കി ഇവ വിക്ഷേപിക്കാനാകുമെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
