കോവിഡ് രണ്ടാം തരംഗം: മുന്നറിയിപ്പുകൾ കേന്ദ്രസർക്കാർ അവഗണിച്ചുവെന്ന് ആരോഗ്യവിദഗ്ധർ
text_fieldsന്യൂഡൽഹി: പുതിയ കോവിഡ് വകഭേദത്തെ കുറിച്ചുള്ള മുന്നറിയിപ്പ് മാർച്ച് ആദ്യവാരത്തിൽ തന്നെ കേന്ദ്രസർക്കാറിന് ലഭിച്ചുവെന്ന് ആരോഗ്യവിദഗ്ധർ. അതിവേഗത്തിൽ വ്യാപിക്കുന്ന കോവിഡ് വകഭേദം ഇന്ത്യയിലെ ഗ്രാമീണ ജില്ലകളിൽ കണ്ടെത്തിയെന്നായിരുന്നു മുന്നറിയിപ്പ്. ഇതിൽ അടിയന്തര ശ്രദ്ധ വേണമെന്നും നിർദേശിച്ചിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ നടപടികളെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പൊതുജനാരോഗ്യ രംഗത്ത് 30 വർഷത്തെ അനുഭവ പാരമ്പര്യമുള്ള ഡോ. സുഭാഷ് സലുനക പറഞ്ഞു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് B.1.617 എന്ന വകഭേദം ആദ്യമായി പടർന്നത്. ഫെബ്രുവരി ആദ്യവാരത്തിൽ ഇവിടെ കോവിഡ് കേസുകളിൽ വലിയ വർധനയുണ്ടായി. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുേമ്പാഴായിരുന്നു ഇത്. ഇതുസംബന്ധിച്ച് നീതി ആയോഗ് അംഗം വി.കെ പോൾ ഉൾപ്പടെയുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും അത് അവർ കാര്യമായി എടുത്തില്ലെന്ന് സലുനക പറഞ്ഞു.
അതേസമയം ഡോ.സുഭാഷ് സലുനക വിവരങ്ങൾ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നും നീതി ആയോഗ് അംഗം വി.കെ പോൾ പ്രതികരിച്ചു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനോട് പുതിയ വകഭേദം സംബന്ധിച്ച് കൂടുതൽ പഠനം നടത്താൻ നിർദേശിക്കണമെന്നാണ് സലുനക ആവശ്യപ്പെട്ടതെന്നും വി.കെ പോൾ കൂട്ടിച്ചേർത്തു. എന്നാൽ ഇക്കാര്യത്തിൽ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തിയോയെന്ന് വ്യക്തമാക്കാൻ വി.കെ പോൾ തയാറായില്ല. ഐ.സി.എം.ആറും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 12,000 ആയി കുറഞ്ഞതിനെ തുടർന്ന് മഹാമാരിയെ തോൽപ്പിച്ചതായി മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ജനുവരിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

