ന്യൂഡൽഹി: വർധിച്ചു വരുന്ന വിലക്കയറ്റത്തിലും തൊഴിലില്ലാഴ്മയിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ സ്ഥിതിഗതികൾ ശ്രീലങ്കയിലേതിന് സമാനമായാണ് നീങ്ങി കൊണ്ടിരിക്കുന്നതെന്ന് രാഹുൽ പറഞ്ഞു.
സർക്കാരിന്‍റെ ഭരണ പരാജയങ്ങളിൽ നിന്നും വിലക്കയറ്റത്തിൽ നിന്നും തൊഴിലില്ലാഴ്മയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി കേന്ദ്രം മറ്റ് വിഷയങ്ങൾ മറയാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിലൂടെ വസ്തുതകളെ മാറ്റാൻ സാധിക്കില്ല. ഒരുപാട് വിഷയങ്ങളിൽ ഇന്ത്യയുടെ നിലവിലെ സ്ഥിതി ശ്രീലങ്കയെ പോലെയാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. തൊഴിലില്ലാഴ്മ, പെട്രോൾ വില വർധനവ്, വർഗീയ കലാപം തുടങ്ങിയവയുടെ കണക്കുകളിൽ ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധപ്പെടുത്തുന്ന ഒരു ഗ്രാഫും അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജ്യത്തെ വിലക്കയറ്റമുൾപ്പടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെ നിരന്തരം കടന്നാക്രമിക്കുന്ന കോൺഗ്രസ് ശ്രീലങ്കയിലെ മോശം സാമ്പത്തിക സ്ഥിതി കാരണം പ്രധാനമന്ത്രിക്ക് രാജി വെക്കേണ്ടി വന്നതായും കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ചു.