കോവാക്സിൻ 206 രൂപ, കോവിഷീൽഡ് 200
text_fieldsകേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ
ന്യൂഡൽഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയ ഒാക്സ്ഫഡ് ആസ്ട്ര സെനക വാക്സിൻ 'കോവിഷീൽഡ്' 200 രൂപക്കും തദ്ദേശീയ വാക്സിനായ 'കോവാക്സിൻ' 206 രൂപക്കുമാണ് നിർമാതാക്കളിൽനിന്ന് സർക്കാർ സംഭരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. സിഡസ് കാഡില, സ്ഫുട്നിക് വി, ജെനോവ, ബയോളജിക്കൽ ഇ എന്നീ നാലു വാക്സിനുകൾക്കുകൂടി അനുമതി നൽകുന്നത് പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കോവിഷീൽഡ് ഒരു കോടി 10 ലക്ഷം ഡോസും ഭാരത് ബയോടെക്കിൽനിന്ന് കോവാക്സിൻ 38.5 ലക്ഷം ഡോസുകളുമാണ് സർക്കാർ ഓർഡർ ചെയ്തത്. കൂടാതെ, ഭാരത് ബയോടെക് 16.5 ലക്ഷം വാക്സിൻ സർക്കാറിന് സൗജന്യമായി നൽകും.
28 ദിവസത്തിനുള്ളില്‍ രണ്ട് ഡോസ് വാക്സിനാണ് എടുക്കേണ്ടത്. ആദ്യ ഡോസ് സ്വീകരിച്ചശേഷം 14 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസ് കൂടി സ്വീകരിച്ചാലേ വാക്സിന് ഫലപ്രദമായി പ്രവര്‍ത്തിക്കൂ. സംസ്ഥാനങ്ങൾക്കോ വ്യക്തികൾക്കോ ഏതു വാക്സിൻ വേണമെന്ന് തീരുമാനിക്കാനാകില്ല. മറ്റേതൊരു രാജ്യത്തും ഇത് സാധ്യമല്ല.രാജ്യത്ത് 2,16,558 രോഗികളാണ് നിലവിലുള്ളത്. ഇതിൽ കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ് 50,000ത്തിനു മുകളിൽ രോഗികളുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരി 16നാണ് രാജ്യത്ത് ഒന്നാംഘട്ട വാക്സിൻ വിതരണം തുടങ്ങുന്നത്. ഒരുകോടി ആരോഗ്യപ്രവർത്തകർക്കും രണ്ടുകോടി കോവിഡ് മുൻനിര പ്രവർത്തകർക്കുമാണ് ആദ്യഘട്ട വാക്സിൻ നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

