രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്; 9,111 പുതിയ കേസുകൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് ദിവസേനയുള്ള കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,111 കോവിഡ് കേസുകൾ രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രാജ്യത്ത് 10,093 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന രോഗ സ്ഥിതീകരണ നിരക്ക് 8.40 ശതമാനവും പ്രതിവാര രോഗ സ്ഥിതീകരണ നിരക്ക് 4.94 ശതമാനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സജീവമായ കേസുകളുടെ എണ്ണം 60,000 കടന്നു, നിലവിൽ 60,313 കേസുകളാണുള്ളത്. രാജ്യത്തെ മൊത്തം സജീവ കേസുകളുടെ എണ്ണം ആകെ അണുബാധയുടെ 0.13% ആണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ആകെ മരണസംഖ്യ 5,31,141 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,313 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 4,42,35,772 ആയി.