വ്യാപാര സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തൽ; ഭൂട്ടാനിലേക്ക് രണ്ട് റെയിൽ പാതകൾ പ്രഖ്യാപിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: ഭൂട്ടാനുമായുള്ള വ്യാപാര സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി 4000 കോടിയലധികം രൂപ ചെലവിൽ രണ്ട് റെയിൽവേ പദ്ധതികൾ പ്രഖ്യാപിച്ച് ഇന്ത്യ. ഭൂട്ടാനെ അസം, പശ്ചിമ ബംഗാൾ എന്നീ അതിർത്തി പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന 69 കിലോമീറ്ററും 20 കിലോമീറ്ററും നീളമുള്ള രണ്ട് ക്രോസ്-ബോർഡർ റെയിൽവേ പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ചേർന്ന് വാർത്ത മാധ്യമങ്ങളിലൂടെയാണ് വിവരം പുറത്തുവിട്ടത്.
ഭൂട്ടാന്റെ ഗെലെഫു, സാംത്സെ എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതികൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഇത് നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ഇരുവരും അറിയിച്ചു. ഭൂട്ടാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഭൂട്ടാന്റെ കയറ്റുമതി-ഇറക്കുമതി വ്യാപാരത്തിന്റെ ഭൂരിഭാഗവും ഇന്ത്യൻ തുറമുഖങ്ങൾ വഴിയാണ് നടക്കുന്നത്. അതിനാൽ സുഗമമായ റെയിൽവേ കണക്റ്റിവിറ്റി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
കോക്രജാറിനും ഗെലെഫുവിനും ഇടയിലുള്ള 69 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ പാതയിൽ 2.39 കിലോമീറ്റര്‍ ഭൂട്ടാന്‍ ഭാഗത്തായിരിക്കും. ഇരുനഗരങ്ങള്‍ക്കുമിടയില്‍ ആറ് സ്‌റ്റേഷനുകള്‍ ഉണ്ടാകും. രണ്ട് പ്രധാന പാലങ്ങള്‍, രണ്ട് ഗുഡ്‌ഷെഡുകള്‍, ഒരു റോഡ്ഓവർ ബ്രിഡ്ജ്, 39 റോഡ് അണ്ടർ ബ്രിഡ്ജുകള്‍ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 3,456 കോടി രൂപയാണ് ഇതിന് വരുന്ന ചെലവ്. 17.42 കിലോമീറ്റർ ഇന്ത്യൻ ഭാഗത്തായിരിക്കം. ബനാര്‍ഹട്ടില്‍ നിന്ന് സാംത്സെയിലേക്കുള്ള 20 കിലോമീറ്റര്‍ നീളമുള്ള രണ്ടാമത്തെ പാതക്കിടയിൽ രണ്ട് സ്‌റ്റേഷനുകള്‍ ഉണ്ടാകും. 577 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
'രണ്ട് പദ്ധതികളും ജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിനും ചരക്കുകളുടെ കയറ്റുമതി, ഇറക്കുമതി എളുപ്പമാക്കുന്നതിനും സഹായിക്കുന്നു. ഇത് മേഖലയിലെ ജനങ്ങൾക്ക് മികച്ച സാമ്പത്തിക, തൊഴിലവസരങ്ങൾ നൽകും'- വൈഷ്ണവ് പറഞ്ഞു.
വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകൾ സഞ്ചരിക്കുന്നതിന് ലൈനുകൾ പൂർണ്ണമായും വൈദ്യുതീകരിക്കുകയും വിപുലമായ സിഗ്നലിങ് സംവിധാനം ഉൾപ്പെടെ സജ്ജീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തത്തിലുള്ള ബന്ധം വർധിപ്പിക്കുമെന്നും തെരഞ്ഞെടുത്ത രണ്ട് മേഖലകൾ പ്രധാനമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു. പദ്ധതിയുടെ ഇന്ത്യയുടെ ഭാഗത്തിന് റെയിൽവേ മന്ത്രാലയം ധനസഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഭൂട്ടാന്റെ ഏറ്റവും വലിയ വികസന സഹായം നൽകുന്ന രാജ്യമാണ് ഇന്ത്യ. 2024-29 കാലയളവിൽ നടക്കുന്ന ഭൂട്ടാന്‍റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കും ഇന്ത്യ പിന്തുണ നൽകുന്നു. 10,000 കോടി രൂപയുടെ പിന്തുണ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

