ഇന്ത്യയുടെ സമുദ്രശക്തിക്ക് പുതിയ കരുത്ത്; ‘സൂര്യ’ ഫ്ലീറ്റ് സപ്പോർട്ട് കപ്പൽ നീറ്റിലിറക്കി
text_fieldsആദ്യ ഫ്ലീറ്റ് സപ്പോർട്ട് കപ്പൽ (എഫ്.എസ്.എസ്-1) ‘സൂര്യ’, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനവേളയിൽ
വിശാഖപട്ടണം: ഇന്ത്യൻ നാവികസേനക്കായി നിർമിക്കുന്ന ആദ്യ ഫ്ലീറ്റ് സപ്പോർട്ട് കപ്പൽ (എഫ്.എസ്.എസ്-1) ‘സൂര്യ’ വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്‌യാർഡിൽ നീറ്റിലിറക്കി. എഫ്.എസ്.എസ്-5ന്റെ കീലിടലും നവീകരിച്ച സ്ലിപ്‌വേ-4, 300 ടൺ ശേഷിയുള്ള ഗൊലൈത്ത് ക്രെയിൻ എന്നിവ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യയുടെ കപ്പൽ നിർമാണശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതികൾ. കപ്പൽ നീറ്റിലിറക്കിയത് രാജ്യത്തിന്റെ നേട്ടത്തെയും കീലിടൽ ദൃഢനിശ്ചയത്തെയും പുതിയ സ്ലിപ്‌വേ വർധിച്ചുവരുന്ന നിർമാണശേഷിയെയും അടയാളപ്പെടുത്തുന്നതാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. കപ്പൽ നിർമാണത്തിനൊപ്പം രാജ്യത്തിന്റെ ഭാവിയിലെ സമുദ്രശക്തിയുടെ അടിത്തറയും ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കപ്പൽ നിർമാണത്തിൽ ഇന്ത്യക്ക് വലിയ സാധ്യതകളുണ്ടെങ്കിലും അവയെ നിർമാണശേഷിയിലേക്കും ആഗോള മത്സരക്ഷമതയിലേക്കും മാറ്റുകയാണ് അടുത്ത വെല്ലുവിളിയെന്ന് രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. സമയബന്ധിതമായ നിർമാണം, ഉൽപാദനക്ഷമത, തദ്ദേശീയ രൂപകൽപന, വിതരണശൃംഖലയുടെ കരുത്ത്, വിദഗ്ധ തൊഴിലാളികളുടെ ലഭ്യത, നിർമാണശേഷി, ചെലവ് മത്സരക്ഷമത തുടങ്ങിയ മേഖലകളിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
നവീകരിച്ച സ്ലിപ്‌വേ-4ന്റെ നീളവും ഭാരവഹിക്കാനുള്ള ശേഷിയും വർധിപ്പിച്ചിട്ടുണ്ട്. ഗൊലൈത്ത് ക്രെയിനിനൊപ്പം ഇത് ഉപയോഗിക്കുന്നതിലൂടെ 45,000 ഡെഡ്‌വെയ്റ്റ് ടൺ (ഡി.ഡബ്ല്യു.ടി) വരെ ഭാരമുള്ള കപ്പലുകൾ നിർമിച്ച് നീറ്റിലിറക്കാൻ ഷിപ്‌യാർഡിന് കഴിയും. വലുതും സങ്കീർണവുമായ കപ്പലുകൾ നിർമിക്കാനുള്ള ഹിന്ദുസ്ഥാൻ ഷിപ്‌യാർഡിന്റെ ശേഷി ഇതോടെ വർധിക്കുമെന്ന് പി.ഐ.ബി അറിയിച്ചു.
നാവികസേനക്കായി നിർമിക്കുന്ന അഞ്ച് ഫ്ലീറ്റ് സപ്പോർട്ട് കപ്പലുകളിൽ ആദ്യത്തേതാണ് ‘സൂര്യ’. സ്റ്റീൽ കട്ടിങ് കഴിഞ്ഞ് 18 മാസത്തിനകം കപ്പൽ ബംഗാൾ ഉൾക്കടലിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 43,500 ടൺ ഭാരമുള്ള ഈ കപ്പലുകൾ കടലിൽവെച്ച് യുദ്ധക്കപ്പലുകൾക്ക് ഇന്ധനവും മറ്റ് ആവശ്യസാധനങ്ങളും എത്തിക്കും. ഇതുവഴി ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ നാവികസേനയുടെ പ്രവർത്തനശേഷിയും സഞ്ചാരപരിധിയും വർധിപ്പിക്കാനാകും.
എഫ്.എസ്.എസ്-5ന്റെ കീലിടലോടെ പദ്ധതി പരമ്പര നിർമാണത്തിലേക്ക് മുന്നേറുകയാണെന്നും പി.ഐ.ബി വ്യക്തമാക്കി. നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, പ്രതിരോധ ഉൽപാദന സെക്രട്ടറി സഞ്ജീവ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പരിപാടിക്ക് മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് ഈസ്റ്റേൺ നേവൽ കമാൻഡ് വിശാഖപട്ടണത്ത് സംഘടിപ്പിച്ച ബരാഖാനയിലും രാജ്നാഥ് സിങ് പങ്കെടുത്തു. നാവികസേനാ ഉദ്യോഗസ്ഥരുമായും കുടുംബാംഗങ്ങളുമായും അദ്ദേഹം സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

