ബംഗ്ലാദേശ് ഹിന്ദു നേതാവിന്റെ വധത്തിൽ പ്രതിഷേധവുമായി ഇന്ത്യ
text_fieldsഭാബേഷ് ചന്ദ്ര റോയി
ന്യൂഡൽഹി: വടക്കൻ ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദു ന്യൂനപക്ഷ നേതാവായ ഭാബേഷ് ചന്ദ്ര റോയിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ. സംഭവത്തെ അപലപിച്ച ഇന്ത്യ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശി ഇടക്കാല സർക്കാർ ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ നേതാവായ ഭാബേഷ് ചന്ദ്ര റോയിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത് ദുഃഖത്തോടെയാണ് കേട്ടതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഹിന്ദു ന്യൂനപക്ഷത്തിനെതിരെ ബംഗ്ലാദേശിൽ വ്യവസ്ഥാപിതമായ രീതിയിൽ നടക്കുന്ന പീഡനങ്ങളുടെ തുടർച്ചയാണ് ഈ കൊലയും. മുമ്പ് സമാന സംഭവങ്ങളുടെ കുറ്റവാളികൾക്കെതിരെ ശിക്ഷാ നടപടികൾ ഉണ്ടായില്ലെന്നും ഇടക്കാല സർക്കാറിന് കീഴിൽ ഹിന്ദു ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നുവെന്നാണ് ഈ കൊലപാതകം കാണിക്കുന്നതെന്നും ഇന്ത്യൻ പറഞ്ഞു.
ഒഴികഴിവ് പറയാതെയോ വേർതിരിവ് കാണിക്കാതെയോ ഹിന്ദുക്കളടക്കമുള്ള എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇടക്കാല സർക്കാറിനുണ്ടെന്ന് വിദേശ മന്ത്രാലയം പ്രസ്താവനയിൽ ഓർമപ്പെടുത്തി.
ധാക്കയിൽനിന്ന് 330 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ദിനാജ്പുർ ജില്ലയിലെ ബസുദേബ്പുർ ഗ്രാമത്തിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയ അമ്പത്തെട്ടുകാരനായ റോയിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മോദി-യൂനുസ് കൂടിക്കാഴ്ച ഫലപ്രദമായില്ലെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിൽ മുഹമ്മദ് യൂനുസുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല കൂടിക്കാഴ്ച ഫലപ്രദമല്ലെന്ന് കൊലപാതകം തെളിയിച്ചുവെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾ, വിശേഷിച്ചും ഹിന്ദു സഹോദരീ സഹോദരന്മാർ, തുടർച്ചയായി അതിക്രമങ്ങൾ നേരിടുകയാണെന്ന് ഖാർഗെ പറഞ്ഞു.
പ്രമുഖ ഹിന്ദു സമുദായ നേതാവായ ഭാബേഷ് ചന്ദ്ര റോയിയുടെ ക്രൂരമായ കൊലപാതകം ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സൗഹൃദ കൂടിക്കാഴ്ച പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ 76 ആക്രമണങ്ങൾ നടന്നതായും അതിന്റെ ഫലമായി 23 പേർ കൊല്ലപ്പെട്ടതായും സർക്കാർ പാർലമെന്റിനെ അറിയിച്ചതാണ്. മറ്റു മതന്യൂനപക്ഷങ്ങൾക്കെതിരെയും സമാനമായ ആക്രമണങ്ങൾ തുടരുന്നുണ്ടെന്ന് ഖാർഗെ ആരോപിച്ചു.
പശ്ചിമ ബംഗാളിൽ ഹിന്ദുക്കൾക്കെതിരെ ആരോപിക്കപ്പെടുന്ന ആക്രമണങ്ങളിൽ കോൺഗ്രസ് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ബി.ജെ.പി ഖാർഗെയോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

