
ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പം, എല്ലാവരുടെയും സുരക്ഷക്കായി രാജ്യം പ്രാർഥിക്കുന്നു -മോദി
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകര്‍ന്നതിനെ തുടർന്നുണ്ടായ ദുരന്തത്തെ സംബന്ധിച്ച് നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് പ്രാധനാമന്ത്രി നരേന്ദ്ര മോദി. 'ഉത്തരാഖണ്ഡിലെ നിർഭാഗ്യകരമായ സാഹചര്യം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയൊട്ടാകെ ഉത്തരാഖണ്ഡിനൊപ്പം നിൽക്കുന്നു. എല്ലാവരുടെയും സുരക്ഷക്കായി രാജ്യം പ്രാർഥിക്കുകയാണ്' -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥരോട് നിരന്തരം സംസാരിക്കുകയും സുരക്ഷ സേനയുടെ വിന്യാസം, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് വിവരങ്ങൾ തേടിയതായും അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്കത്തിൽ മരിച്ച പത്ത് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് കര-വ്യോമസേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നൂറിലധികം പേരെയാണ് ഇവിടെ കാണാതായിരിക്കുന്നത്.
മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്ന് ജോഷിമഠിൽ ധൗലിഗംഗ നദി കരകവിഞ്ഞ് ഒഴുകിയാണ് വെള്ളപ്പൊക്കമുണ്ടായത്. നിരവധി വീടുകൾ തകർന്നു. നിരവധി പേർ ഒഴുകിപ്പോയി. മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്.
