സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഇസ്രായേലും
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഇസ്രായേൽ സന്ദർശനത്തിൽ
ജറൂസലേം: ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം പുതിയ തലത്തിലേക്ക് ഉയർത്താൻ ഇന്ത്യയും ഇസ്രായേലും തീരുമാനിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മനുഷ്യരാശി സംഘർഷങ്ങൾക്ക് ഇരയാകരുതെന്ന് പറഞ്ഞ നരേന്ദ്ര മോദി, ഗസ്സ വെടിനിർത്തൽ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലെ സ്വതന്ത്ര വ്യാപാര കരാർ ഉടൻ നിലവിൽവരുമെന്നും ഇരുവരും പ്രഖ്യാപിച്ചു.
വ്യാപാരം, കൃഷി, ഊർജം, സൈബർസ്പേസ്, ഡിജിറ്റൽ പേമെന്റ് തുടങ്ങി വിവിധ മേഖലകളിൽ സഹകരണത്തിന് ഇരു രാജ്യങ്ങളും കരാറുകളിൽ ഒപ്പുവെച്ചു. സൈനികോപകരണങ്ങൾ സംയുക്തമായി നിർമിച്ച് പ്രതിരോധ സഹകരണം ശക്തമാക്കാനും തീരുമാനമായി. ഇന്ത്യയിലെ ഡിജിറ്റൽ പേമെന്റിനുള്ള യു.പി.ഐ സംവിധാനം ഇസ്രായേലിലും നടപ്പാക്കാൻ ധാരണയായി. ഇന്ത്യ-മിഡിലീസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി, ഐ2യു2 (ഇന്ത്യ-ഇസ്രായേൽ-യു.എ.ഇ-യു.എസ്.എ) സഖ്യം എന്നിവയെക്കുറിച്ചും ഇരുകൂട്ടരും ചർച്ച ചെയ്തു.
ഇന്ത്യയുടെ സുരക്ഷാ താൽപര്യം മിഡിലീസ്റ്റിലെ സമാധാനവും സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മോദി പ്രസ്താവനയിൽ പറഞ്ഞു. ഗസ്സ സമാധാന പദ്ധതിയെ ഇന്ത്യ പൂർണമായി പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ചയാണ് മോദി ഇസ്രായേലിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

