ഇനി പ്ലംബർമാരെ കിട്ടാൻ അങ്ങ് യൂറോപ്പിലേക്ക് പോവണം; ഇന്ത്യയിൽ ബ്ലൂ കോളർ തൊഴിലാളികൾ ഇല്ലാതാകുന്നു
text_fieldsന്യൂഡൽഹി: വരും വർഷങ്ങളിൽ ഇന്ത്യ കടുത്ത ബ്ലൂ കോളർ ജോലിക്ഷാമത്തിലേക്ക് നീങ്ങിയേക്കാമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യൻ തൊഴിലാളികൾ വൻതോതിൽ വിദേശത്തേക്ക് ചേക്കേറുന്നതാണ് ഇതിന് കാരണം. കാനഡ ആസ്ഥാനമായുള്ള മാക്രോ ട്രെൻഡ്സ് റിസർച്ച് സ്ഥാപനമായ 'പൈൻട്രീ'യുടെ സ്ഥാപകൻ റിതേഷ് ജെയിൻ ആണ് ഈ ആശങ്ക പങ്കുവെച്ചത്. അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയിൽ പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, കാർപെന്റർമാർ, ഡ്രൈവർമാർ, നഴ്സുമാർ, കെയർഗിവർമാർ എന്നിവർക്ക് കടുത്ത ക്ഷാമം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യയിലെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ ജനനനിരക്ക് കുത്തനെ കുറയുകയും വയോജനങ്ങളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുകയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, 1970-കൾക്ക് ശേഷം ലോകത്തിലെ 65 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം ഇരട്ടിയായി. ലോകജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകളും ജീവിക്കുന്നത് ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായതിലും കുറഞ്ഞ ജനനനിരക്കുള്ള രാജ്യങ്ങളിലാണ്.
ഇത് നിർമ്മാണം, ലോജിസ്റ്റിക്സ്, ആരോഗ്യമേഖല, അറ്റകുറ്റപ്പണികൾ തുടങ്ങിയ മേഖലകളിൽ വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ജർമ്മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ പോലും ഇലക്ട്രീഷ്യൻമാർ, വെൽഡർമാർ, മെക്കാനിക്കുകൾ എന്നിവരെ കിട്ടാനില്ലാത്ത അവസ്ഥയാണ്. വിരമിക്കുന്ന പ്രായമായ തൊഴിലാളികൾക്ക് പകരമായി പുതിയ തലമുറ ഈ ജോലികളിലേക്ക് എത്തുന്നതുമില്ല. തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ വികസിത രാജ്യങ്ങൾ തങ്ങളുടെ കുടിയേറ്റ നയങ്ങളിൽ മാറ്റം വരുത്താൻ നിർബന്ധിതരായിരിക്കുകയാണ്. കെയർഗിവർമാർ, ആരോഗ്യപ്രവർത്തകർ, സാങ്കേതിക വിദഗ്ധർ എന്നിവർക്കായി പല രാജ്യങ്ങളും വിസ നടപടികൾ വേഗത്തിലാക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ യുവാക്കളുള്ള രാജ്യമെന്ന നിലയിൽ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത് ഇന്ത്യയെയാണ്. പതിറ്റാണ്ടുകളായി ഗൾഫ് രാജ്യങ്ങളിലേക്കും മറ്റും തൊഴിലാളികളെ കയറ്റി അയക്കുന്ന ഇന്ത്യയിൽ നിന്ന്, വരും ദിവസങ്ങളിൽ കൂടുതൽ വിദഗ്ധ തൊഴിലാളികൾ ഉയർന്ന ശമ്പളം തേടി പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറാൻ ഇത് വഴിവെക്കും. ആഗോളതലത്തിൽ ബ്ലൂ കോളർ തൊഴിലാളികൾക്ക് ഡിമാൻഡ് കൂടുമ്പോൾ, ഇന്ത്യയിൽ പ്രതിവർഷം ദശലക്ഷക്കണക്കിന് ബിരുദധാരികളാണ് പുറത്തിറങ്ങുന്നത്. ഇന്ത്യയിലെ തൊഴിൽ വിപണിയിൽ നിലവിൽ വലിയൊരു അസന്തുലിതാവസ്ഥയുണ്ട്.
തൊഴിൽക്ഷാമവും, തൊഴിലിലെ വൈദഗ്ദ്യക്കുറവും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. വരും വർഷങ്ങളിൽ ഇന്ത്യയിലെ വികസനത്തിനും ദൈനംദിന ജീവിതത്തിനും ഏറ്റവും ആവശ്യമുള്ള സാങ്കേതിക തൊഴിലാളികൾ വിദേശത്തേക്ക് ചേക്കേറുകയും, രാജ്യം വലിയൊരു കൂട്ടം തൊഴിൽരഹിതരായ ബിരുദധാരികളെക്കൊണ്ട് നിറയുകയും ചെയ്യുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

