Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപട്ടാപ്പകൽ മുസ്‍ലിംകളെ...

പട്ടാപ്പകൽ മുസ്‍ലിംകളെ കൊന്നൊടുക്കിയവർ ഇന്ത്യ ഭരിക്കുമ്പോൾ; ഇതിനെ ജനാധിപത്യം എന്ന് വിളിക്കാനാവില്ല -അരുന്ധതി റോയ്

text_fields
bookmark_border
arundathi roy
cancel

ഗുഡ് ആഫ്റ്റർ നൂൺ. സിസ്സി ഫാരൻഹോൾഡ് പ്രഭാഷണത്തിൽ സംസാരിക്കാൻ എന്നെ ക്ഷണിച്ചതിന് ആദ്യമേ നന്ദി പറയുന്നു. പ്രഭാഷണം ആരംഭിക്കുന്നതിന് മുമ്പ്, യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ച് കുറച്ച് വാക്കുകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തെ ഞാൻ അങ്ങേയറ്റം അപലപിക്കുകയും യുക്രേനിയൻ ജനതയുടെ ധീരമായ ചെറുത്തുനിൽപ്പിനെ അഭിനന്ദിക്കുകയും ചെയ്യുന്നു.

സ്വന്തം ജീവിതംപോലും വിലവെക്കാതെ യുദ്ധത്തെ എതിർത്ത് മുന്നോട്ടുവന്ന റഷ്യൻ വിമതരുടെ ധൈര്യത്തെയും ഞാൻ അഭിനന്ദിക്കുന്നു. ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ സമാനമായ യുദ്ധങ്ങൾ ഒരുമിച്ച് നടത്തിയ അമേരിക്കയുടെയും യൂറോപ്പിന്റെയും കാപട്യത്തെക്കുറിച്ച് നിശിതവും വേദനാജനകവുമായ ബോധ്യത്തോടെയാണ് ഞാൻ ഇത് പറയുന്നത്. അവർ ഒരുമിച്ച് ആണവ മൽസരത്തിന് നേതൃത്വം നൽകുകയും നമ്മുടെ ഗ്രഹത്തെ നശിപ്പിക്കാൻ ആവശ്യമായ ആയുധങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. അവർ ഈ ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നു. ഇപ്പോൾ അവരോട് സഖ്യം കൊതിച്ച ഒരു രാജ്യം-അവിടുത്തെ ജനങ്ങൾ-പ്രദേശങ്ങൾ-അവരുടെ നിലനിൽപ് എന്നിവയൊക്കെ അപകടത്തിലായ സന്ദർഭത്തിൽ അവർ നിസഹായരായി നോക്കിനിൽക്കുന്നു എന്നത് എന്തൊരു വിരോധാഭാസമാണ്. യുദ്ധക്കളികളും ആധിപത്യത്തിനായുള്ള നിരന്തരമായ അന്വേഷണവും തുടർന്നുകൊണ്ടേയിരിക്കുന്നു.

ഇനി ഞാൻ ഇന്ത്യയിലേക്ക് വരാം. ഇന്ത്യയിൽ ദിനംപ്രതി തടവുകാർ വർധിച്ചുവരുന്നു. തടവുകാർക്ക് ഞാൻ ഈ പ്രഭാഷണം സമർപ്പിക്കുന്നു. പണ്ഡിതനും ആക്ടിവിസ്റ്റുമായ പ്രഫസർ ജി. എൻ സായിബാബ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റുകൾ, ഗായകർ, അഭിഭാഷകർ, പണ്ഡിതർ, അഞ്ച് മാസം മുമ്പ് അറസ്റ്റിലായ ഖുറം പർവേസ് എന്നിവരെ നാം വല്ലപ്പോഴുമൊക്കെ ഓർക്കേണ്ടതുണ്ട്.

കശ്മീരിൽ എനിക്കറിയാവുന്നവരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് ഖുറം. അദ്ദേഹവും അദ്ദേഹം പ്രവർത്തിക്കുന്ന ജമ്മു കശ്മീർ കോളിഷൻ ഓഫ് സിവിൽ സൊസൈറ്റി (ജെ.കെ.സി.സി.എസ്) എന്ന സംഘടനയും വർഷങ്ങളായി കശ്മീരിലെ ജനങ്ങൾ അനുഭവിക്കുന്ന പീഡനങ്ങളുടെയും തിരോധാനങ്ങളുടെയും മരണത്തിന്റെയും കഥകൾ സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഇന്നത്തെ എന്റെ ഭാഷണം അവർക്കെല്ലാം ഞാൻ സമർപ്പിക്കുന്നു.


എല്ലാ വിയോജിപ്പുകളും ഇന്ത്യയിൽ കുറ്റകരമാക്കിയിരിക്കുന്നു. വിയോജിപ്പുള്ളവരെ ദേശവിരുദ്ധർ എന്നാണ് അടുത്ത കാലംവരെ വിളിച്ചിരുന്നത്. ഇപ്പോൾ ഞങ്ങൾ 'ബൗദ്ധിക ഭീകരർ' എന്ന് പരസ്യമായി മുദ്രകുത്തപ്പെട്ടിരിക്കുന്നു. ബൗദ്ധിക ഭീകരതയോടുള്ള നിലവിലെ ഭരണകൂടത്തിന്റെ അഭിനിവേശം ഉൾക്കൊള്ളുന്നതിനായി ആളുകളെ വർഷങ്ങളോളം വിചാരണ കൂടാതെ തടവിലാക്കിയ ഭയാനകമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം ഭേദഗതി ചെയ്തു. ഞങ്ങളെല്ലാവരും മാവോയിസ്റ്റുകൾ എന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ മുതുകിൽ അർബൻ-നക്സലുകൾ അല്ലെങ്കിൽ ജിഹാദികൾ എന്ന പേരുകൾ അവർ മുദ്രവെച്ചിരിക്കുന്നു.

ഞാൻ ന്യൂഡൽഹി വിട്ടിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ. ഈ ഏതാനും ദിവസങ്ങൾക്കുള്ളിൽ മാത്രം, അവിടെ അരങ്ങേറുന്ന സംഭവങ്ങളുടെ ആക്കം ഒരുകാര്യം വ്യക്തമാക്കുന്നു. ഞങ്ങളുടെ രാജ്യം എല്ലാ തരം പരിധിയും കടന്നിരിക്കുന്നു. ഒരിക്കൽ നമ്മുടേതാണെന്ന് നാം തിരിച്ചറിഞ്ഞ തീരങ്ങളിലേക്ക് നമുക്ക് ഇനി മടങ്ങാനാവില്ല.

2022 മാർച്ചിൽ, ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശ് ഭരിക്കാനായി ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) രണ്ടാം തവണയും അഭൂതപൂർണമായ വിജയം കൈവരിച്ചിരിക്കുന്നു. 2024 മെയ് മാസത്തിൽ പ്രതീക്ഷിക്കപ്പെടുന്ന പൊതുതെരഞ്ഞെടുപ്പിന്റെ 'സെമി ഫൈനൽ' എന്ന നിലയിലാണ് യു.പി തെരഞ്ഞെടുപ്പുകൾ സാധാരണയായി വായിക്കപ്പെടുന്നത്. കാവി വസ്ത്രധാരികളായ ആൾദൈവങ്ങൾ ആൾക്കൂട്ട കൊലപാതകത്തിനും മുസ്‍ലിം സമുദായത്തെ സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്‌കരണത്തിനും പരസ്യമായി ആഹ്വാനം ചെയ്യുന്നതാണ് തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തുപോലും രാജ്യം കണ്ടത്.

തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ വിജയം ബി.ജെ.പി പ്രവർത്തകരിലും നേതാക്കളിലും അമിത ആത്മവിശ്വാസത്തിന്റെ അസഹനീയവുമായ ഒരു മിശ്രിതം സൃഷ്ടിച്ചതായി തോന്നുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ഈ വർഷം റമദാനിനോട് അനുബന്ധിച്ച് ഹിന്ദുക്കൾ രാമനവമി ആഘോഷിച്ചു. രാമനവമി പ്രമാണിച്ച്, വാളുകളും വടികളുമായി അക്രമാസക്തരായ ഹിന്ദു ജനക്കൂട്ടം ഇന്ത്യയിലെ പതിനൊന്നോളം നഗരങ്ങളിൽ അക്രമം നടത്തി. സ്വാമിമാരുടെയും ബി.ജെ.പി പ്രവർത്തകരുടെയും നേതൃത്വത്തിൽ അവർ മുസ്‍ലിം സെറ്റിൽമെന്റുകളിലും ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലും പ്രവേശിച്ചു. മുസ്‍ലിം പള്ളികൾക്ക് പുറത്ത് നായയെപോലെ അവർ ഓരിയിട്ടു. ചൂളം വിളിച്ചു. അസഭ്യം പറഞ്ഞു. മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്ത് ഗർഭം ധരിപ്പിക്കാൻ പരസ്യമായി ആഹ്വാനം ചെയ്തു. മുസ്ലീം പുരുഷന്മാരെ വംശഹത്യ ചെയ്യണമെന്ന് വിളിച്ചുപറഞ്ഞു.

ഇതിനൊക്കെ എതിരായ മുസ്‌ലിംകളുടെ ഏതൊരു പ്രതികരണവും അവരുടെ സ്വത്തുക്കൾ സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതിലേക്കോ അക്രമാസക്തരായ ജനക്കൂട്ടം കത്തിക്കുന്നതിലേക്കോ നയിച്ചു. അറസ്റ്റിലായവർ ഭൂരിഭാഗവും മുസ്‍ലിംകൾ ആണ്. ഗൂഢാലോചനയിലും കലാപത്തിലും കുറ്റാരോപിതരായിരിക്കുന്നതും മുസ്‍ലിംകളാണ്.

അവർ വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടിവരും. കുറ്റം ആരോപിക്കപ്പെട്ടവരിൽ ഒരാൾ രാമനവമിക്ക് വളരെ മുമ്പുതന്നെ മറ്റൊരു കുറ്റം ചുമത്തി ജയിലിൽ കിടക്കുന്ന ആളായിരുന്നു. മറ്റൊരാൾ, ഹിന്ദു ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞുവെന്നാരോപിക്കപ്പെട്ട വസീം ഷെയ്ഖ് ആണ്. ഇരു കൈപ്പത്തികളും ഇല്ലാത്തയാൾ. ഇവരുടെ വീടുകളും കടകളും സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ചില നഗരങ്ങളിൽ ഭ്രാന്ത് പിടിച്ച ടി.വി അവതാരകർ ബുൾഡോസറുകൾക്കുള്ളിൽ കയറി സർക്കാർ നടപടികളെ പിന്തുണച്ചു.

അതിനിടെ, 2020ലെ ഡൽഹി കൂട്ടക്കൊലക്ക് മുന്നോടിയായി ഹിന്ദു കലാപകാരികളെ പരസ്യമായി ഇളക്കിവിട്ട ബി.ജെ.പി നേതാക്കളെ അടുത്തിടെ ഡൽഹി ഹൈക്കോടതി വെറുതെ വിട്ടിരുന്നു. പ്രകോപനപരമായ കാര്യങ്ങൾ പുഞ്ചിരിയോടെ പറഞ്ഞാൽ ക്രിമിനൽ കുറ്റമില്ലെന്ന് കോടതി വിധിച്ചു. അവരിൽ ചിലർ മറ്റ് നഗരങ്ങളിലെ തെരുവുകളിൽ സമാനമായ അക്രമം അഴിച്ചുവിട്ടു. എന്നിട്ടും മുസ്ലീം യുവാവായ ഉമർ ഖാലിദ് ഇപ്പോഴും ജയിലിലാണ്. സി.എ.എ വിരുദ്ധ പ്രതിഷേധത്തിനിടെ, ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സാഹോദര്യം, സ്നേഹം, അഹിംസ എന്നിവയെ കുറിച്ചുള്ള ഉമറിന്റെ പ്രസംഗത്തിനാണ് ശിക്ഷ. 2020ലെ ഡൽഹി കൂട്ടക്കൊലക്ക് ഗൂഢാലോചന നടത്തി എന്നാണ് പൊലീസ് കുറ്റപത്രം.

ഡൊണാൾഡ് ട്രംപിന്റെ സന്ദർശന വേളയിൽ ഇന്ത്യയുടെ സത്പേരിനെ കളങ്കപ്പെടുത്തുന്നതിനായി മുസ്‍ലിംങ്ങൾ കലാപമുണ്ടാക്കാനും ആത്മഹത്യ ചെയ്യാനും ഗൂഢാലോചന നടത്തി എന്നാണ് അധികൃതരുടെ ഭാഷ്യം.

2002ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മുസ്‍ലിം വിരുദ്ധ വംശഹത്യയിലൂടെ സ്വന്തം രാഷ്ട്രീയ ജീവിതം ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രചോദനാത്മക വ്യക്തിയായി ഇപ്പോഴും രാജ്യത്ത് തുടരുന്നു. സംഭവ വികാസങ്ങളിലെല്ലാം മോദി പലപ്പോഴും നിശബ്ദനാണ്.

ആക്രമണത്തിന് ആഹ്വാനം ചെയ്ത് കൊലവിളി മുഴക്കുന്ന ഹിന്ദുത്വ ആൾക്കൂട്ടത്തി​ന്റെയും അവരുടെ വിശുദ്ധ നേതാക്കളുടെയും മിശിഹയാണ് മോദി. പൂർവകാലത്ത് മുസ്‌ലിംകൾ നടത്തിയ ചരിത്രപരമായ അടിച്ചമർത്തലിന്റെയും വംശഹത്യയുടെയും ഇരകളായി തങ്ങളെ ചിത്രീകരിച്ചുകൊണ്ട് ഇവർ വാട്സാപ്പിലൂടെ പ്രചരണങ്ങൾ നടത്തുകയും അതിനൊക്കെ ഇപ്പോൾ പ്രതികാരം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.



നമുക്ക് അംഗീകരിക്കാനോ തർക്കിക്കാനോ കഴിയുന്ന ഒരു കൂട്ടം വസ്തുതകളോ ചരിത്രങ്ങളോ ഇല്ലാത്ത അപകടകരമായ സ്ഥലത്താണ് നാമിപ്പോൾ. ആഖ്യാനങ്ങൾ പരസ്‌പരം ഒത്തുപോകുകയോ കൂടിച്ചേരുകയോ ചെയ്യുന്നില്ല. ഇത് മിഥ്യയും ചരിത്രവും തമ്മിലുള്ള ഏറ്റുമുട്ടലാണ്. സർക്കാർ സംവിധാനങ്ങളും കോർപ്പറേറ്റ് പണവും എണ്ണമറ്റ മുഴുസമയ ടെലിവിഷൻ വാർത്താ ചാനലുകളും ഈ മിഥ്യയെ പിന്തുണക്കുന്നു. അതിന്റെ വ്യാപ്തിയും ശക്തിയും സമാനതകളില്ലാത്തതാണ്. ഇതിന് മുമ്പും ഇങ്ങനെ ഒരു ലോകം ഇവിടെ ഉണ്ടായിരുന്നു. സംവാദവും വാദപ്രതിവാദങ്ങളും അവസാനിക്കുമ്പോൾ യുദ്ധം ആരംഭിക്കുമെന്ന് നമുക്കറിയാം.

മരണമോ തടവറയോ സമ്മാനിക്കാൻ നിങ്ങൾ അടയാളപ്പെടുത്തപ്പെടുന്നത് എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കുക. മുസ്‌ലിംകൾ ഇതിനകം തന്നെ അപരവത്കരിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‌കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. മുസ്‌ലിംകൾ പതിവായി 'ലൗ ജിഹാദ്' (മുസ്ലിം ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനായി ഹിന്ദു സ്ത്രീകളെ അവരുമായി പ്രണയത്തിലാകാൻ ഗൂഢാലോചന നടത്തുന്നു), 'കൊറോണ ജിഹാദ്' (കോവിഡ് ബോധപൂർവ്വം പ്രചരിപ്പിക്കാൻ ഗൂഢാലോചന നടത്തുന്നു -നാസികൾ ജൂതന്മാർക്കെതിരെ മനപ്പൂർവ്വം ടൈഫസ് പടർത്തുന്നു എന്ന ആരോപണം എങ്ങനെ ഉന്നയിച്ചു എന്നതിന്റെ റീപ്ലേ), 'ജോബ് ജിഹാദ്' (സിവിൽ സർവീസുകളിൽ ജോലി നേടാനും ഹിന്ദു ജനതയെ ഭരിക്കാനും ഗൂഢാലോചന നടത്തുന്നു), 'ഭക്ഷണ ജിഹാദ്', 'വസ്ത്രധാരണ ജിഹാദ്', 'ചിന്താ ജിഹാദ്', 'ചിരി ജിഹാദ്' എന്നിവയെക്കുറിച്ച് ഒന്നും പറയാനില്ല. മുനവർ ഫാറൂഖി എന്ന യുവ മുസ്‍ലിം സ്റ്റാൻഡ് അപ്പ് കൊമേഡിയൻ താൻ ഒരിക്കലും ചെയ്യാത്ത തമാശക്ക് മാസങ്ങളോളം ജയിലിൽ കിടന്നു. ഏത് ചെറിയ വാഗ്വാദത്തിനും ഏത് ചെറിയ തെറ്റിനും ഒരു മുസ്‍ലിമിനെ തല്ലിക്കൊന്നേക്കാം. അങ്ങനെ തല്ലിക്കൊല്ലുന്നവർക്ക് ശോഭനമായ രാഷ്ട്രീയ ഭാവിയുണ്ട്. അവർ പുരസ്കാരങ്ങൾ നൽകി സ്വീകരിക്കപ്പെടും. ഇങ്ങനെയൊക്കെ നടക്കുമോ, അവർ ഇപ്പോഴും നിലയുറപ്പിക്കുകയാണോ, ഇത് സംഘടിതമാണോ അതോ നിയന്ത്രണാതീതമാണോ എന്നൊക്കെ നമുക്കിടയിലെ ചിലർപോലും ഇപ്പോഴും പരസ്പരം കുശുകുശുക്കുന്നത് കാണാം.

ഒരു രാജ്യമെന്ന നിലയിൽ, ഒരു ആധുനിക ദേശ രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ നിലനിൽക്കുന്നത് ഭരണഘടനയാൽ നിയമപരമായി ബന്ധിപ്പിച്ചിരിക്കുന്ന നിരവധി മതങ്ങൾ, ഭാഷകൾ, ജാതികൾ, വംശങ്ങൾ, ഉപരാഷ്ട്രങ്ങൾ എന്നിവക്കിടയിലുള്ള ഒരു സാമൂഹിക കോംപാക്ട് എന്ന നിലയിലാണ്. ഓരോ ഇന്ത്യൻ പൗരനും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ന്യൂനപക്ഷമാണ്. ഈ ന്യൂനപക്ഷങ്ങൾക്കിടയിൽ സാമൂഹികമായ അടുപ്പങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് നമ്മുടെ രാജ്യം നിലനിൽക്കുന്നത്. ഇതിനെതിരെ പുതിയ ഒരുതരം രാഷ്ട്രീയ ഭൂരിപക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൃത്രിമമായി നിർമ്മിച്ചെടുത്ത ''ആക്രമിക്കപ്പെട്ട ഹിന്ദു ഭൂരിപക്ഷം'' എന്ന വ്യാജ നിർമിതികൾ ഈ സാമൂഹിക അടുപ്പങ്ങളെ തകർക്കുന്നു. ഹിന്ദു രാഷ്ട്രത്തിന്റെ യോഗ്യരായ പൗരന്മാർ തങ്ങളാണെന്നും ആദ്യ ജനത തങ്ങളാണെന്ന് വിശ്വസിക്കാനും ഒരു കൂട്ടരെ പഠിപ്പിക്കുന്നു. 'രാഷ്ട്രവിരുദ്ധ അപരർ'ക്കെതിരെ സ്വയം നിർവചിക്കുന്ന ഭൂരിപക്ഷം ഇന്ത്യയെ ഇല്ലാതാക്കുകയാണ്.

നമ്മിൽ ചുരുക്കം ആളുകൾക്ക് വൃത്തിയുള്ളതും കളങ്കമില്ലാത്തതുമായ ഒരു ചരിത്രം മുന്നോട്ട് വെക്കാൻ കഴിയും. അവർ ഒരുമിച്ചാണ് നമ്മളെ നമ്മളാക്കുന്നത്. ജാതി, വർഗം, മതം, ലിംഗഭേദം, വംശം എന്നിവയുടെ അതിരുകടന്ന ശ്രേണി ഒഴികെ, നമ്മുടെ സമൂഹം ഒരു തന്മാത്രാ തലത്തിൽ പരസ്പരം ശ്രേണിപരമാണ്. സൂക്ഷ്മ കൊളോണിയലിസം, സൂക്ഷ്മ ചൂഷണം, സൂക്ഷ്മ പരസ്പരാശ്രിതത്വം എന്നിവയുണ്ട്. പാണ്ഡിത്യവും പഠനവും വാദവും സംവാദവും പ്രതിഫലനവും ആവശ്യപ്പെടുന്ന ഒരു ഇതിഹാസമാണ് ഈ ഓരോ നൂലിഴകളും. എന്നാൽ ഈ നെയ്ത്തുകാരിൽ നിന്ന് ഒരൊറ്റ നൂൽ വേർപെടുത്തി അതിനെ കൂട്ടബലാത്സംഗത്തിന് വിട്ടുകൊടുക്കണോ?. വംശഹത്യക്ക് പ്രേരിപ്പിക്കണോ?. അത് പരിഗണിക്കപ്പെടേണ്ട കാര്യമാണോ?.

ഇന്ത്യൻ ഉപഭൂഖണ്ഡം വിഭജിക്കപ്പെട്ട് നൂറുകണക്കിന് സ്വതന്ത്ര നാട്ടുരാജ്യങ്ങൾ ഒന്നുചേർന്നപ്പോൾ അവയിൽ ചിലത് നിർബന്ധിതമായി കൂട്ടിയിണക്കപ്പെട്ടു. ഒന്നുകിൽ ഇന്ത്യയിലേക്കോ അല്ലെങ്കിൽ പാകിസ്താനിലേക്കോ എന്ന ചോദ്യമുയർന്നു.

ഹിന്ദു, മുസ്ലീം, സിഖ് എന്നിവ പരസ്പരം തിരിഞ്ഞു. ഒരു ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്തു. വ്യക്തിപരമോ സമുദായപരമോ ആയ ദുരന്തങ്ങളുടെയും നിർഭാഗ്യങ്ങളുടെയും ഏതെങ്കിലും ഒരു കഥ, അത് എത്ര ശരിയാണെങ്കിലും, മറ്റ് കഥകളെ ഇല്ലാതാക്കുന്ന രീതിയിൽ പറയുമ്പോൾ അത് തെറ്റാണ്. അപകടകരമായ ഒരു നുണ കലുഷിതമായ ഒരു ചരിത്രത്തെ തിരുത്തുകയാണ്. അതിന്റെ സൂക്ഷ്മത കവർന്നെടുക്കുകയാണ്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

ഉപഭൂഖണ്ഡത്തിലെ നമുക്കെല്ലാവർക്കും തെരഞ്ഞെടുപ്പിനുള്ള പരമാധികാരമുണ്ട്. ഒന്നുകിൽ നീതിയെക്കുറിച്ചുള്ള ഒരു സങ്കൽപ്പത്തിനായി പരസ്പരം പ്രവർത്തിക്കുക. അല്ലെങ്കിൽ നമ്മുടെ കൂട്ടായ ഓർമ്മയെ കടിച്ചുകീറുന്ന വേദനയും വെറുപ്പും വർദ്ധിപ്പിക്കുന്നതിന് പണിയെടുക്കുക.

ഇന്ത്യൻ പ്രധാനമന്ത്രിയും അദ്ദേഹത്തെ നയിക്കുന്ന രാഷ്ട്രീയ പാർട്ടിയും അതിന്റെ മാതൃഘടകമായ ഫാസിസ്റ്റ് സംഘടന രാഷ്ട്രീയ സ്വയംസേവക് സംഘും രണ്ടാമത്തെ വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നമ്മുടെ രക്തത്തിൽ കുതിർന്ന ഭൂമിയുടെ കുടലിൽ നിന്ന് അവർ എന്തോ അഗാധമായ ദുഷ്ടത വിളിച്ചറിയിക്കുന്നു. അവർ കത്തിച്ച തീ ഒരു നിയുക്ത പാതയിലൂടെ കത്തി അണയുന്നതല്ല. അത് രാജ്യത്തെ കത്തിച്ചേക്കാം. തീ ആളിപ്പടരാൻ തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലെയും കശ്മീരിലെയും മുസ്ലീങ്ങൾക്കൊപ്പം ക്രിസ്ത്യാനികളും അവരുടെ ആക്രമണത്തിന്റെ ഇരകളാകുന്നു. ഈ കഴിഞ്ഞ വർഷം മാത്രം നൂറുകണക്കിന് പള്ളികൾക്ക് നേരെ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ക്രിസ്തുവിന്റെ പ്രതിമകൾ അവഹേളിക്കപ്പെട്ടു. വൈദികരെയും കന്യാസ്ത്രീകളെയും ശാരീരികമായി ആക്രമിച്ചു.

ഞങ്ങൾ ഒറ്റക്കാണ്. ഒരു സഹായവും വരില്ല. യെമനിലോ ശ്രീലങ്കയിലോ റുവാണ്ടയിലോ ആരുടെയും സഹായം വന്നില്ല. പിന്നെ ഇന്ത്യയിൽ മാത്രം നമ്മൾ എന്തിന് മറിച്ചു പ്രതീക്ഷിക്കണം?. സാർവദേശീയ രാഷ്ട്രീയത്തിൽ ലാഭം, അധികാരം, വർഗം, ഭൗമരാഷ്ട്രീയം എന്നിവ മാത്രമാണ് ധാർമ്മികതയെ നിർണ്ണയിക്കുന്നത്. മറ്റെല്ലാം വെറും വെറുതെയും നിഴൽ നൃത്തവുമാണ്.

ആയിരക്കണക്കിന് മുസ്‌ലിംകളെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി, വ്യാജ ആക്രമണങ്ങളുടെയും കൊലപാതക ഗൂഢാലോചനയിലൂടെയും നിർമ്മിച്ച ഉന്മാദത്തിന്റെ പരമ്പരയിൽ അധികാരത്തിൽ കയറിയവരാണ് ഇന്ത്യ ഭരിക്കുന്നത്. തീർച്ചയായും ഇതിനെതിരെ എതിർപ്പുകൾ ഉയരുന്നുണ്ട്. പൗരത്വ പ്രക്ഷോഭം, കർഷക സമരം എന്നിവയിൽ അത് കണ്ടു. പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും പ്രാദേശിക രാഷ്ട്രീയ പാർട്ടികളിൽ നിന്നും തീർച്ചയായും ഈ വിദ്വേഷത്തിനെതിരെ എതിർപ്പുണ്ട്. കേരളവും മഹാരാഷ്ട്രയും ബി.ജെ.പിയെ തോൽപിച്ചു. ഭൂരിഭാഗം ഇന്ത്യക്കാരും നിലവിലെ സംഭവ വികാസങ്ങളെ അംഗീകരിക്കുന്നില്ല എന്നു പറയുന്നതാണ് ഉചിതം. പക്ഷേ, അവരുടെ വിയോജിപ്പ് ഫാസിസ്റ്റ് കേഡറിന്റെ കത്തുന്ന പ്രത്യയശാസ്ത്ര ആവേശത്തിന് മുമ്പിൽ തീർത്തും നിഷ്ഫലമായിപ്പോകുന്നു. ഒരേയൊരു ദേശീയ പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷനൽ കോൺഗ്രസ് തങ്ങൾക്ക് ബലഹീനതയും ധാർമ്മിക നിലപാട് സ്വീകരിക്കാനുള്ള കഴിവില്ലായ്മയും മാത്രമാണ് വാഗ്ദാനം ചെയ്യാനുള്ളതെന്ന് തെളിയിക്കുന്നു. പൊതു പ്രസംഗങ്ങളിൽ മുസ്‍ലിം എന്ന വാക്ക് പോലും പറയാൻ കോൺഗ്രസിന് ധൈര്യമില്ല. 'കോൺഗ്രസ് മുക്ത ഭാരതം' എന്ന മോദിയുടെ റാലിയിലെ ആഹ്വാനം പ്രതിപക്ഷമില്ലാത്ത സർക്കാരിനുള്ള ആഹ്വാനമാണ്. ഇതിനെ ജനാധിപത്യം എന്ന് വിളിക്കാനാവില്ല.

ഇന്ത്യ ഒരു തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ രാജ്യം എന്ന നിലക്കുള്ള എല്ലാ തന്ത്രങ്ങളും ഈ കാലയളവിൽ പ്രദർശിപ്പിച്ചുപോന്നിട്ടുണ്ട്. മതേതരം എന്ന് നാം വിശേഷിപ്പിക്കുന്ന ഒരു ഭരണഘടന, സോഷ്യലിസ്റ്റ് റിപ്പബ്ലിക്, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകക്ഷിയും പ്രതിപക്ഷവും, സ്വതന്ത്ര ജുഡീഷ്യറിയും സ്വതന്ത്ര മാധ്യമങ്ങളും ഇതൊക്കെ ഇവിടെ ഉണ്ടായിരുന്നു. ജുഡീഷ്യറി, സിവിൽ സർവീസ്, സുരക്ഷാ സേന, രഹസ്യാന്വേഷണ സേവനങ്ങൾ, പൊലീസ്, തെരഞ്ഞെടുപ്പ് പ്രക്രിയകൾ എന്നിവയൊക്കെ ഇവിടെ നിലനിൽക്കുന്നു.

ഇന്ത്യയിലെ ഏറ്റവും ശക്തമായ സംഘടന പ്രത്യക്ഷ ഫാസിസ്റ്റ്, ഹിന്ദു ദേശീയവാദ സംഘടനയായ ആർ.എസ്.എസ് ആണ്. 1925ൽ സ്ഥാപിതമായ ആർ.എസ്.എസ്, ഇന്ത്യയുടെ ഭരണഘടന മാറ്റണമെന്നും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ദീർഘകാലമായി പ്രചാരണം നടത്തിവരുന്നു. ആർ.എസ്.എസ് സൈദ്ധാന്തികർ ഹിറ്റ്ലറെ പരസ്യമായി അഭിനന്ദിക്കുകയും ഇന്ത്യയിലെ മുസ്‍ലിംകളെ ജർമ്മനിയിലെ ജൂതന്മാരോട് തുല്യമാക്കുകയും ചെയ്തു.

ആര്യൻ മേധാവിത്വം അതാണ് ആർ.എസ്.എസിനെ നയിക്കുന്നത്. ചില മനുഷ്യർ ദൈവികരും ദൈവതുല്യരുമാണെന്നും മറ്റുള്ളവർ ഉപ-മനുഷ്യരും മലിനീകരിക്കപ്പെട്ടവരും തൊട്ടുകൂടാത്തവരുമാണെന്ന ആശയം. എല്ലാത്തിനുമുപരി, ഹിന്ദു സമൂഹത്തിന്റെ സംഘടിത തത്വമായ ഹിന്ദു ജാതി വ്യവസ്ഥയെ അത് അംഗീകരിക്കുന്നു. ബ്രാഹ്മണിസത്തെ അടിസ്ഥാനമാക്കിയാണ് ആർ.എസ്.എസ് പ്രവർത്തിക്കുന്നത്. ഇന്ന് ദൗർഭാഗ്യകരമെന്നു പറയട്ടെ, ഏറ്റവും അടിച്ചമർത്തപ്പെട്ടവർ പോലും ആർ.എസ്‌.എസിന്റെ ലക്ഷ്യത്തിനായി അണിനിരന്നുകഴിഞ്ഞു. അവർ ആർ.എസ്.എസ് പ്രചാരണത്തിന്റെ സുനാമിയിൽ വീണു. 2025ൽ ആർ.എസ്.എസ് നൂറാം വർഷം ആഘോഷിക്കും. നൂറു വർഷത്തെ പ്രവർത്തനം അതിനെ രാഷ്ട്രത്തിനുള്ളിൽ ഒരു രാഷ്ട്രമാക്കി മാറ്റി. ചരിത്രപരമായി ആർ.എസ്.എസിനെ പടിഞ്ഞാറൻ തീരത്തെ ബ്രാഹ്മണരുടെ ഒരു കൂട്ടം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഇന്ന് അതിൽ 15 ദശലക്ഷം അംഗങ്ങളുണ്ട്. അവരിൽ മോദിയും അദ്ദേഹത്തിന്റെ നിരവധി കാബിനറ്റ് മന്ത്രിമാരും മുഖ്യമന്ത്രിമാരും ഗവർണർമാരും ഉൾപ്പെടുന്നു. പതിനായിരക്കണക്കിന് പ്രൈമറി സ്കൂളുകൾ, കർഷകർ, തൊഴിലാളികൾ, വിദ്യാർത്ഥി സംഘടനകൾ, സ്വന്തം പ്രസിദ്ധീകരണ വിഭാഗം, വനവാസികളായ ഗോത്രങ്ങൾക്കിടയിൽ അവരെ 'ശുദ്ധീകരിക്കാനും തിരിച്ചുവിടാനും' പ്രവർത്തിക്കുന്ന ഒരു ഇവാഞ്ചലിക്കൽ വിഭാഗം എന്നിവയൊക്ക ഉള്ള ഒരു സമാന്തര പ്രപഞ്ചമാണിന്ന് ആർ.എസ്.എസ്. ഹിന്ദു സ്ത്രീകളുടെ സായുധ സേന അടക്കം അക്രമാസക്തമായ ഹിന്ദു ദേശീയവാദ സംഘടനകളുടെ ഒരു ബാഹുല്യം തന്നെ ഇന്ന് ആർ.എസ്.എസിൽ കാണാം.

ഇന്ത്യ തൊഴിലവസരങ്ങൾ ചോരുകയും സാമ്പത്തിക അരാജകത്വത്തിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ, ബി.ജെ.പി ക്രമാനുഗതമായി സമ്പന്നമായി വളർന്നു. ഇപ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാർട്ടിയാണ്. കോർപ്പറേറ്റ് ഫണ്ടിംഗിന്റെ ഇലക്ടറൽ ബോണ്ടുകൾ അവരെ ഒന്നാമതെത്തിച്ചു. എല്ലാ ഇന്ത്യൻ ഭാഷകളിലെയും നൂറുകണക്കിന് കോർപ്പറേറ്റ് ഫണ്ട് ടി.വി വാർത്താ ചാനലുകൾ ഇതിനെ പിന്തുണക്കുന്നു.

ഇതിനെല്ലാം ഉപരിയായി ബി.ജെ.പി ഇപ്പോഴും ആർ.എസ്.എസിന്റെ മുന്നണി ഓഫീസ് മാത്രമായി തുടരുന്നു. ഇപ്പോൾ രാജ്യത്തിനുള്ളിലെ രാഷ്ട്രം അതിന്റെ നിഴലിൽ നിന്ന് മാറി ലോക വേദിയിൽ സ്ഥാനം പിടിക്കാൻ തയ്യാറെടുക്കുകയാണ്. വിദേശ നയതന്ത്രജ്ഞർ ആർ.എസ്.എസ് ആസ്ഥാനത്തേക്ക് തങ്ങളുടെ യോഗ്യതാപത്രങ്ങൾ സമർപ്പിക്കാനും ആദരവുകൾ അർപ്പിക്കാനും ഇതിനകം തന്നെ എത്തിയിട്ടുണ്ട്. നിയമസാധുതക്കായുള്ള ഈ നിരാശാജനകമായ അന്വേഷണത്തിലെ പുതിയ യുദ്ധക്കളമാണ് യുനൈറ്റഡ് സ്റ്റേറ്റ്സിലെ യൂനിവേഴ്സിറ്റി കാമ്പസുകൾ. ന്യായമായി നേടിയെടുക്കാൻ കഴിയാത്തത് ഒരു അനിയന്ത്രിതമായ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ വാങ്ങാൻ കഴിയുമെന്ന് ആരോപണത്തിന് നേതൃത്വം നൽകുന്നവർ വിശ്വസിക്കുന്നു എന്നതാണ് അപകടം.


2025ലെ ആർ.എസ്.എസ് ശതാബ്ദി ആഘോഷം ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പ്രധാന അടയാളമായിരിക്കും. അതിനുമുമ്പ് ഒരു പൊതുതെരഞ്ഞെടുപ്പ് ഉണ്ടാകും. ഇത് ഒരുപക്ഷേ അക്രമാസക്തമായ പ്രവർത്തനങ്ങൾ വളരെ വേഗം ത്വരിതപ്പെടുത്തും.

അതേസമയംതന്നെ മോദി മിശിഹാ സർവ്വവ്യാപിയായി. ഞങ്ങളുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ മുഖമുണ്ട്. ദശലക്ഷക്കണക്കിന് തൊഴിലില്ലാത്തവർക്ക് ജോലിക്ക് പകരമായി വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളിലും മോദിയുടെ ചിത്രമുണ്ട്. പിന്നെ ആളുകൾ എങ്ങനെ നന്ദിയുള്ളവരാകാതിരിക്കും?.

മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ഇന്ത്യ കൂട്ട ശവസംസ്‌കാരങ്ങളും ആഴം കുറഞ്ഞ ശവക്കുഴികളും കണ്ടു. പവിത്രമായ ഗംഗ നദി ശവശരീരങ്ങളാൽ നിറഞ്ഞതും അതിന്റെ തീരങ്ങൾ ആഴം കുറഞ്ഞ കുഴിമാടങ്ങളാൽ നിറഞ്ഞതും കണ്ടു. മോദി ആയിരുന്നില്ലെങ്കിൽ കാര്യങ്ങൾ മറിച്ചാകുമായിരുന്നോ എന്നാണ് ചിലർ ചോദിക്കുന്നത്. ഞങ്ങളുടെ പ്രതീക്ഷകൾ അസ്ഥാനത്തായി. ഞങ്ങളുടെ ഭാവനകൾക്ക് അണുബാധ ഏറ്റിരിക്കുന്നു.

ഈ യുദ്ധത്തിൽ ആർ.എസ്.എസ് വിജയിച്ചാൽ അതിന്റെ വിജയം അത്യധികം ഭയാനകം ആയിരിക്കും. കാരണം ഇന്ത്യ ഇല്ലാതാകും. തെരഞ്ഞെടുപ്പുകൾ അതിന്റെ ഗതിവേഗം മാറ്റില്ല. അതിന് വളരെ വൈകിപ്പോയിരിക്കുന്നു. ഈ യുദ്ധം നമ്മൾ ഓരോരുത്തരും നടത്തേണ്ടതുണ്ട്. തീ ഞങ്ങളുടെ വാതിൽപ്പടിക്കൽ എത്തിയിരിക്കുന്നു. നന്ദി.

(യു.എസിലെ ലിഡ്നൺ ബി ജോഹ്‌സണൻ ഓഡിറ്റോറിയത്തിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് നടത്തിയ സിസ്സി ഫാരൻഹോൾഡ് പ്രഭാഷണത്തിൽനിന്ന്. റാപ്പോപോർട്ട് സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് ജസ്റ്റിസാണ് പരിപാടി സംഘടിപ്പിച്ചത്)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arundhati roy
News Summary - India Is Ruled by Men Who Have Ridden to Power on Daylight Mass Murder of Muslims -arundhati roy
Next Story