ഇന്ത്യയിപ്പോൾ ഭാരതമോ ഹിന്ദുസ്ഥാനോ അല്ല, ലിഞ്ചിസ്ഥാൻ -ഇൽതിജ മുഫ്തി
text_fieldsശ്രീനഗർ: ഇന്ത്യ ഒരു ‘ലിഞ്ചിസ്ഥാൻ’ ആയി മാറിയെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി. രാജ്യത്ത് അസഹിഷ്ണുത വർധിച്ചുവരുകയാണെന്നും ബംഗ്ലാദേശിലെ ആൾക്കൂട്ടക്കൊലകളെ വിമർശിക്കുന്നവർ ഇവിടെ അത്തരം സംഭവങ്ങൾ നടന്നപ്പോൾ നിശബ്ദത പാലിക്കുന്നുവെന്നും അവർ ആരോപിച്ചു.
‘ഇന്ത്യയോ ഭാരതമോ ഹിന്ദുസ്ഥാനോ അല്ല. നിങ്ങളുടെ പേര് ലിഞ്ചിസ്ഥാൻ എന്നാണ്’ -ബംഗ്ലാദേശി എന്ന് മുദ്രകുത്തി ഒഡിഷയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന 19 വയസ്സുള്ള ബംഗാളി മുസ്‍ലിം കുടിയേറ്റ തൊഴിലാളിയായ ജുയേൽ ഷെയ്ക്കിനെക്കുറിച്ചുള്ള ഒരു ലേഖനത്തിന്റെ ഭാഗം പോസ്റ്റ് ചെയ്തുകൊണ്ട് ഇൽതിജ ‘എക്‌സിൽ’ കുറിച്ചു.
ഇൽതിജയുടെ മാതാവും പി.ഡി.പി മേധാവിയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും രാജ്യത്തെ ജുഡീഷ്യറിക്കെതിരെ വിമർശനമെയ്തു. ജമ്മു കശ്മീരിന് പുറത്തുള്ള ജയിലുകളിൽ കഴിയുന്ന കാശ്മീരി വിചാരണത്തടവുകാരെ ജമ്മു കശ്മീരിലേക്ക് മാറ്റണമെന്ന തന്റെ പൊതുതാൽപര്യ ഹരജി തള്ളിയ സമീപകാല ഹൈകോടതി വിധി പരാമർശിച്ചുകൊണ്ട്, രാജ്യത്തെ ജുഡീഷ്യറിയുടെ ഭൂരിഭാഗവും രാഷ്ട്രീയവൽക്കരിക്കപ്പെട്ടു എന്ന് മെഹബൂബ പറഞ്ഞു. ജുഡീഷ്യറിയെ ‘പക്ഷപാതപരമായ’ രാഷ്ട്രീയ അജണ്ട’കളിലേക്ക് മെഹബൂബ വലിച്ചിഴച്ചതായി കോടതി ആരോപിച്ചിരുന്നു.
രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി കോടതികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ജമ്മു കശ്മീർ, ലഡാക്ക് ഹൈകോടതിയുടെ സമീപകാല വിധിയെക്കുറിച്ച് പ്രതികരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ മെഹബൂബ സംസാരിച്ചു. മകളുടെ അഭിപ്രായങ്ങളോടും അവർ പ്രതികരിച്ചു.
‘രാജ്യത്ത് അസഹിഷ്ണുത വർധിച്ചുവെന്നാണ് ഞങ്ങൾ പറഞ്ഞുവരുന്നത്. ആൾക്കൂട്ടക്കൊലകൾ നടക്കുന്നു. ബംഗ്ലാദേശിൽ സംഭവിക്കുന്നത് ഞങ്ങളെ വേദനിപ്പിക്കുന്നു. പക്ഷേ, അതിനെ വിമർശിക്കുന്നവർ അവരുടെ മുന്നിൽ ഇത്തരം ആൾക്കൂട്ടക്കൊലകൾ നടക്കുമ്പോൾ വായ അടച്ചിരിക്കുകയാണ്’ -അവർ പറഞ്ഞു.
ഹിമാചൽ, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ മൂന്ന് കശ്മീരി ഷാൾ വിൽപ്പനക്കാരെ ഉപദ്രവിച്ച കേസുകൾ ഉണ്ടായതായി പി.ഡി.പി മേധാവി പറഞ്ഞു. വലതുപക്ഷ പ്രവർത്തകർ ചില മുദ്രാവാക്യങ്ങൾ വിളിക്കാൻ നിർബന്ധിക്കുന്നതായും അവർ അത് ചെയ്യാൻ വിസമ്മതിച്ചപ്പോൾ അവരെ മർദിക്കുന്നതായും വിഡിയോകളിൽ കാണാം.
‘എന്റെ സ്വഭാവത്തെ കുറ്റപ്പെടുത്തുന്നത് ജുഡീഷ്യറിയുടെ ജോലിയല്ല. ഒരു രാഷ്ട്രീയക്കാരി എന്ന നിലയിൽ, എല്ലാ ചോദ്യങ്ങളും ഉന്നയിക്കാനുള്ള എന്റെ അവകാശമാണ്’ എന്നും അവർ പറഞ്ഞു.
ചീഫ് ജസ്റ്റിസ് അരുൺ പള്ളി, ജസ്റ്റിസ് രജനീഷ് ഓസ്വാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അടുത്തിടെ അവരുടെ ഹരജി വസ്തുതാവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നും അത് പരിഗണിക്കുന്നതിന് ആവശ്യമായ നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും വിധിച്ചിരുന്നു. ‘രാഷ്ട്രീയ നേട്ടം കൈവരിക്കുക, ഒരു പ്രത്യേക ജനസംഖ്യാ വിഭാഗത്തിന്റെ നീതിയുടെ കുരിശുയുദ്ധക്കാരിയായി സ്വയം സ്ഥാപിക്കുക’ എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് മെഹബൂബ പൊതുതാൽപര്യ ഹരജി സമർപ്പിച്ചതെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു.
വിധി ഖേദകരവും ആശ്ചര്യകരവുമാണെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞു. ഒരു രാഷ്ട്രീയക്കാരി എന്ന നിലയിൽ ദരിദ്രർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്താണെന്ന് എനിക്കറിയാം. ജയിലുകളിലുള്ളവർക്ക് അവരുടെ കുടുംബാംഗങ്ങളെ കാണാൻ പോലും കഴിയുന്നില്ല. അവർക്ക് എങ്ങനെ അവരുടെ കേസുകൾ വാദിക്കാൻ കഴിയും? -മെഹബൂബ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

