പാകിസ്താനിലെ ജനങ്ങൾക്ക് ഇന്ത്യ ശത്രുവോ മിത്രമോ അല്ല; മോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യ-പാക് ബന്ധം മരവിച്ചു - മണിശങ്കർ അയ്യർ
text_fieldsന്യൂഡൽഹി: പാകിസ്താനിലെ ജനങ്ങൾ ഇന്ത്യയെ ശത്രുവായോ മിത്രമായോ കാണുന്നില്ലെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. നരേന്ദ്ര മോദിക്ക് മുമ്പ് വന്ന എല്ലാ പ്രധാനമന്ത്രിമാരും പാകിസ്താനുമായി ചർച്ചകൾ നടത്തിയിരുന്നുവെന്നും എന്നാൽ മോദി അധികാരത്തിലെത്തിയ ശേഷം എല്ലാ കാര്യങ്ങളും മരവിച്ച നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്‍റെ പുസ്തകമായ 'മെമോയേഴ്സ് ഓഫ് എ മാവെറിക് - ദി ഫസ്റ്റ് ഫിഫ്ടി ടെയിൽസ്' എന്ന പുസ്തകത്തിന്‍റെ പ്രകാശനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
1978 മുതൽ 1982 വരെ കാറിച്ചിയിൽ കോൺസുൽ ജനറലായി നിയമതിനായിരുന്നു മണിശങ്കർ. ആ കാലയളവിൽ പാകിസ്താനികളുടെ പെരുമാറ്റത്തിൽ നിന്ന് അവർക്ക് ഇന്ത്യയോട് വെറുപ്പില്ലെന്ന് മനസിലായെന്നും, ഇന്ത്യയെ ശത്രുരാജ്യമായി കാണാത്ത ജനങ്ങളാണ് പാകിസ്താനിലെ ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തിന്‍റെയും, സൈന്യത്തിന്‍റെയും വകുപ്പുകൾ എന്തുമാകട്ടെ, പാകിസ്താനിലെ ജനങ്ങൾ ഇന്ത്യയെ ശത്രുരാജ്യമായി കാണുന്നില്ല. പാക് സർക്കാരിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ ഇന്ത്യ വിസ നിർത്തുന്നു, സിനിമകൾ നിർത്തുന്നു, ടി.വി എക്സ്ചേഞ്ചുകൾ നിർത്തുന്നു, പുസ്തകങ്ങളും യാത്രകളും വരെ നിർത്തി. ഇന്ത്യയുടെ നയതന്ത്ര സമീപനത്തിന്റെ അവിഭാജ്യ ഘടകമായി പാകിസ്താൻ ജനതയുടെ നല്ല മനസ് പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ ജനങ്ങളെയല്ല മറിച്ച് ആ രാജ്യത്തിന്‍റെ അടിത്തറയെയോ, അധികാരിവർഗത്തെയോ വിമർശിക്കാമെന്നും മണിശങ്കർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

