ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യ ക്ഷണം; ഡൽഹിയിൽ നടക്കുന്ന എസ്.സി.ഒ സമ്മേളനത്തിലേക്ക് പാകിസ്താനെ ക്ഷണിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിനും സൈനിക സംഘർഷവും നടന്ന് ഏകദേശം 18 മാസത്തിനുശേഷം, ബഹുരാഷ്ട്ര വേദിയായ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) പരിപാടിയിലേക്ക് പാകിസ്താനെ ക്ഷണിച്ച് ഇന്ത്യ. നവംബർ 20 മുതൽ 22 വരെ ഡൽഹിയിൽ നടക്കുന്ന എസ്.സി.ഒയുടെ പ്രഥമ സിവിലൈസേഷനൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാനാണ് പാകിസ്താൻ ഉൾപ്പെടെ സംഘടനയിലെ പത്ത് അംഗരാജ്യങ്ങളെയും ഇന്ത്യ ക്ഷണിച്ചത്. വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം പാകിസ്താനുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ മാറ്റത്തിന്റെ സൂചനയായി ഈ ക്ഷണത്തെ കാണേണ്ടതില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എസ്.സി.ഒയിലെ എല്ലാ അംഗരാജ്യങ്ങൾക്കും നൽകിയ ക്ഷണം ബഹുരാഷ്ട്ര സഹകരണത്തിന്റെ ഭാഗമാണെന്നും പാകിസ്താനുമായുള്ള ഉഭയകക്ഷി ബന്ധവുമായി ഇതിന് ബന്ധമില്ലെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. പാകിസ്താൻ ദേശീയ പൈതൃക, സാംസ്കാരിക മന്ത്രി ഔറംഗസേബ് ഖാൻ ഖിച്ചിക്കും പരിപാടിയിലേക്ക് ക്ഷണമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
2023 മേയിൽ ഗോവയിൽ നടന്ന എസ്.സി.ഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് പാകിസ്താൻ അവസാനമായി പങ്കെടുത്തത്. അതിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്. എന്നാൽ പുതിയ നീക്കത്തിലൂടെ ബഹുരാഷ്ട്ര വേദികളിലെ സഹകരണം മുന്നോട്ടുകൊണ്ടുപോകാനുള്ള നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്.
എസ്.സി.ഒ നേതാക്കളുടെ ഉച്ചകോടിയിൽ കഴിഞ്ഞ വർഷം ചൈനയിലെ ടിയാൻജിനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സിവിലൈസേഷനൽ ഡയലോഗ് എന്ന ആശയം മുന്നോട്ടുവെച്ചത്. അംഗരാജ്യങ്ങൾക്കിടയിലെ സാംസ്കാരികവും നാഗരികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം. ഇന്ത്യയുടെ സാംസ്കാരിക മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
2024 ഒക്ടോബറിൽ എസ്.സി.ഒ ഗവൺമെന്റ് തലവന്മാരുടെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പാകിസ്താൻ സന്ദർശിച്ചിരുന്നു. ഒമ്പത് വർഷത്തിനിടെ പാകിസ്താൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ വിദേശകാര്യ മന്ത്രിയായിരുന്നു അദ്ദേഹം.
പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടപ്പിലാക്കിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിക്ക് ശേഷമാണ് നിലവിലെ നയതന്ത്ര നീക്കം. ഈ കാലയളവിൽ പാകിസ്താനിലും പാക് അധീന കശ്മീരിലുമായി ഒമ്പത് ഭീകരക്യാമ്പുകൾ ഇന്ത്യൻ സൈന്യം ആക്രമിച്ചതായും നൂറിലധികം ഭീകരർ കൊല്ലപ്പെട്ടതായും ഇന്ത്യ അവകാശപ്പെട്ടിരുന്നു. കൂടാതെ പാകിസ്ഥാന്റെ 13 പ്രധാന സൈനിക-വ്യോമസേനാ താവളങ്ങൾക്ക് നേരെയും ഇന്ത്യൻ വ്യോമസേന ശക്തമായ തിരിച്ചടി നൽകി.
സൈനിക സംഘർഷത്തിന് ശേഷവും ഭീകരവാദത്തെ പിന്തുണക്കുന്നുവെന്നാരോപിച്ച് ഇന്ത്യ പാകിസ്താനെതിരെ നിലപാട് ശക്തമാക്കിയിട്ടുണ്ട്. എസ്.സി.ഒയുടെ സമീപകാല യോഗത്തിലും ഇന്ത്യ ഈ വിഷയം ഉന്നയിച്ചിരുന്നു. ഒക്ടോബർ 20ന് താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടന്ന എസ്.സി.ഒ ഗവൺമെന്റ് തലവന്മാരുടെ കൗൺസിലിന്റെ 25-ാമത് യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഭീകരവാദത്തിനെതിരെ കൂട്ടായ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭീകരവാദത്തിന് ഒരു തരത്തിലുള്ള ന്യായീകരണവും സാധ്യമല്ലെന്നും അതിനെ നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഇഷാഖ് ദറിന്റെ സാന്നിധ്യത്തിലായിരുന്നു രാജ്നാഥ് സിങ്ങിന്റെ പരാമർശം.
അതുകൊണ്ടുതന്നെ, എസ്.സി.ഒയുടെ സാംസ്കാരിക സംവാദ വേദിയിലേക്ക് പാകിസ്താനെ ക്ഷണിച്ച ഇന്ത്യയുടെ നീക്കം നയതന്ത്രപരമായ ശ്രദ്ധ നേടുന്നുണ്ട്. എന്നാൽ ഈ ക്ഷണത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായി കാണാനാവില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ബഹുരാഷ്ട്ര സഹകരണത്തിൽ പങ്കാളിത്തം തുടരുമ്പോഴും ഭീകരവാദ വിഷയത്തിൽ പാകിസ്താനെതിരായ നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നുണ്ട്.

