നിർണായക ഭൗമ ധാതുക്കൾ: അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ജി 7 ധനമന്ത്രിമാരുടെ യോഗത്തിലേക്ക് ഇന്ത്യക്കും ക്ഷണം
text_fieldsന്യൂഡൽഹി: നിർണായക ധാതുക്കളെക്കുറിച്ചുള്ള ചർച്ചക്കായി അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ജി 7 ധനമന്ത്രിമാരുടെ യോഗത്തിലേക്ക് ഇന്ത്യയും ആസ്ട്രേലിയയും ക്ഷണിക്കപ്പെട്ടതായി റിപ്പോർട്ട്. ആഗോളതലത്തിൽ പ്രധാന ധാതുക്കളുടെ കാര്യത്തിൽ ആധിപത്യം പുലർത്തുന്ന ചൈനയെ ജി 7 സമ്പദ്‌വ്യവസ്ഥകൾ അമിതമായി ആശ്രയിക്കുന്നത് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ ചർച്ചകൾ. വിദേശ പങ്കാളിത്തങ്ങളിലൂടെയും ബഹുമുഖ ഫോറങ്ങളിലൂടെയും നിർണായക ധാതു വിതരണം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.
നിർണായക ധാതുക്കളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ജി 7 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയും ആസ്‌ട്രേലിയയും മറ്റ് നിരവധി രാജ്യങ്ങളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഡിസംബറിൽ ധനമന്ത്രിമാർ ഈ വിഷയത്തിൽ ഒരു വെർച്വൽ മീറ്റിംഗ് നടത്തിയിരുന്നു. എന്നാൽ, തിങ്കളാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ഇന്ത്യ ഔദ്യോഗികമായി സ്വീകരിച്ചിട്ടുണ്ടോ എന്ന് തനിക്ക് ഉറപ്പില്ലെന്നും ബെസെന്റ് കൂട്ടിച്ചേർത്തു. ജി 7ൽ അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, കാനഡ എന്നിവയും യൂറോപ്യൻ യൂനിയനും ഉൾപ്പെടുന്നു.
വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകൾ കണക്കിലെടുത്ത്, കഴിഞ്ഞ വേനൽക്കാലത്ത് നടന്ന ജി 7 നേതാക്കളുടെ ഉച്ചകോടി മുതൽ നിർണായക ധാതുക്കളെക്കുറിച്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകൾക്കായി യു.എസ് സമ്മർദം ചെലുത്തുന്നുവെന്ന് ബെസെന്റ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഉൽപാദക രാജ്യമായ ചൈന കഴിഞ്ഞ വർഷം വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് നിർണായക ധാതുക്കളുടെ ആഗോള വിതരണം തടസ്സപ്പെട്ടിരുന്നു. അപൂർവ ഭൗമ ലോഹങ്ങളായ ലിഥിയം, കൊബാൾട്ട് തുടങ്ങിയ ധാതുക്കളുടെ വിതരണത്തിനായി ഈ സമ്പദ്‌വ്യവസ്ഥകളിൽ ഭൂരിഭാഗവും ചൈനയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. കഴിഞ്ഞ ജൂണിൽ നടന്ന യോഗത്തിൽ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും ഏതെങ്കിലും ഒരു രാജ്യത്തെ ആശ്രയിക്കുന്നത് കുറക്കുന്നതിനുമുള്ള ഒരു കർമ പദ്ധതിക്ക് ജി 7 നേതാക്കൾ സമ്മതിച്ചതായി ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് പറയുന്നു.
വൈദ്യുത വാഹനങ്ങൾ, പുനരുപയോഗ ഊർജം, പ്രതിരോധ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് എന്നിവക്ക് അത്യാവശ്യമായ നിർണായക ധാതുക്കളെക്കുറിച്ചുള്ള ആഗോള ചർച്ചകളിൽ ഇന്ത്യ കൂടുതലായി ഇടപെട്ടു വരുന്നുണ്ട്. 2023ൽ, സാമ്പത്തിക, ദേശീയ സുരക്ഷക്ക് ‘നിർണായകമായ’ 30 ധാതുക്കളെ ഇന്ത്യ തിരിച്ചറിഞ്ഞു. അതിനുശേഷം ഖാനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡ് (KABIL) പോലുള്ളവയുടെ പങ്കാളിത്തങ്ങളിലൂടെയും സംസ്ഥാനങ്ങളുടെ പിന്തുണയുള്ള സംരംഭങ്ങളിലൂടെയും വിദേശ വിതരണങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കി.
അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ചെമ്പ്, ലിഥിയം, കൊബാൾട്ട്, ഗ്രാഫൈറ്റ് തുടങ്ങിയ പ്രധാന ധാതുക്കളുടെ 47ശതമാനം മുതൽ 87ശതമാനം വരെ ശുദ്ധീകരിക്കുന്ന ചൈന നിലവിൽ ആഗോള നിർണായക ധാതു വിതരണ ശൃംഖലയിൽ ആധിപത്യം പുലർത്തുന്നു. സെമി കണ്ടക്ടറുകൾ, ശുദ്ധമായ ഊർജ സാങ്കേതികവിദ്യകൾ, ബാറ്ററികൾ, സൈനിക ഉപകരണങ്ങൾ എന്നിവക്ക് ഈ വസ്തുക്കൾ അത്യന്താപേക്ഷിതമാണ്.
വിദേശത്ത് നിർണായക ധാതു ആസ്തികൾ ഏറ്റെടുക്കുന്നതിലെ പുരോഗതിക്കും നിർണായക ധാതുക്കളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി 1,500 കോടി രൂപയുടെ പ്രോത്സാഹന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആഴ്ച അവലോകനം ചെയ്തിരുന്നു.
ഖനി മന്ത്രാലയത്തിന്റെ ത്രൈമാസ മേഖലാ അവലോകനമാണ് പ്രധാനമന്ത്രി നടത്തിയത്. വൈദ്യുത മൊബിലിറ്റി, പുനരുപയോഗ ഊർജം, ഇലക്ട്രോണിക്സ്, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കുന്ന ഉയർന്ന ഡിമാൻഡുള്ള നിർണായക ധാതുക്കൾക്ക് സ്ഥിരതയുള്ള വിതരണ ശൃംഖലകൾ ഉറപ്പാക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക, തന്ത്രപരമായ താൽപര്യങ്ങൾക്ക് വിദേശ ആസ്തികൾ ഏറ്റെടുക്കലുകൾ പ്രധാനമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
ആധുനിക വ്യവസായങ്ങൾക്ക് അത്യാവശ്യമായ ഉയർന്ന ഡിമാൻഡുള്ള ധാതുക്കളുടെ വിതരണ ശൃംഖലകൾ സുരക്ഷിതമാക്കുക എന്നതും ദേശീയ ലക്ഷ്യങ്ങളുമായി വിദേശ ആസ്തി ഏറ്റെടുക്കലുകൾ ബന്ധപ്പെട്ടു കിടക്കുന്നു.
രാജ്യത്തിന്റെ ഊർജ പരിവർത്തന പദ്ധതികളെ പിന്തുണക്കുന്നതിനും ഇറക്കുമതി ആശ്രിതത്വം കുറക്കുന്നതിനും ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കീഴിൽ ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്തുന്നതിനും ഈ ധാതുക്കളിലേക്കുള്ള ഉറപ്പായ പ്രവേശനം പ്രധാനമാണെന്നാണ് വാദം. അവലോകന യോഗത്തിൽ അപൂർവ ഭൂമി മൂലകങ്ങളുടെ ലഭ്യതയുടെ അവസ്ഥയും ചർച്ചക്ക് വന്നതായി വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

