റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യക്ക് സർവകാല റെക്കോർഡ്, പ്രതിദിനം 27 ലക്ഷം ബാരൽ
text_fieldsന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഈ മാസം സർവകാല റെക്കോർഡിലേക്ക്. ആഗോള എണ്ണ വിപണി നിരീക്ഷകരായ 'കെപ്ലർ' പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 2026 ജൂൺ മാസത്തിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി പ്രതിദിനം 22.5 ലക്ഷം ബാരൽ കടക്കുമെന്നാണ് പ്രവചനം. ചരിത്രത്തിൽ ഇതാദ്യമായാണ് ഒരൊറ്റ മാസം റഷ്യയിൽ നിന്ന് ഇത്രയധികം എണ്ണ ഇന്ത്യ വാങ്ങുന്നത്. അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച പുതിയ താൽക്കാലിക സമാധാന കരാറിന്റെ പശ്ചാത്തലത്തിൽ ഇറാൻ എണ്ണ വിപണിയിലേക്ക് തിരിച്ചെത്തുമെന്നത് ഉറപ്പായിട്ടുണ്ട്. എന്നാൽ, ഇതിന്റെ ഔദ്യോഗിക നടപടികൾ പൂർത്തിയാകുന്നതുവരെ റഷ്യൻ എണ്ണയെത്തന്നെയാണ് ഇന്ത്യൻ കമ്പനികൾ പ്രധാനമായും ആശ്രയിക്കുന്നത്.
ജൂൺ 1 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ പ്രതിദിനം ശരാശരി 27 ലക്ഷം ബാരൽ എണ്ണയാണ് റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ഒഴുകിയത്. റഷ്യൻ എണ്ണക്ക് ലഭിക്കുന്ന വലിയ ഡിസ്‌കൗണ്ടുകളും ഇന്ത്യൻ റിഫൈനറികളിലെ ഉയർന്ന ആവശ്യകതയുമാണ് ഈ റെക്കോർഡ് നേട്ടത്തിന് പിന്നിലെന്ന് കെപ്ലറിലെ ഓയിൽ മാർക്കറ്റ് മാനേജർ സുമിത് റിതോലിയ വ്യക്തമാക്കി. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനായി അമേരിക്ക നൽകിയിരുന്ന പ്രത്യേക ഇളവുകളുടെ കാലാവധി ജൂൺ 17ന് അവസാനിച്ചെങ്കിലും, വരും ദിവസങ്ങളിലും റഷ്യൻ എണ്ണയുടെ വരവ് ശക്തമായിത്തന്നെ തുടരുമെന്നാണ് വിലയിരുത്തൽ. കാരണം, ആഗോള വിപണിയിലെ മറ്റ് വിലകളുമായി താരതമ്യം ചെയ്യുമ്പോൾ റഷ്യ ഇപ്പോഴും വൻ ലാഭത്തിലാണ് ഇന്ത്യക്ക് എണ്ണ നൽകുന്നത്.
പുതിയ യു.എസ് - ഇറാൻ കരാർ പ്രകാരം ഇറാന് മേലുള്ള എണ്ണ ഉപരോധങ്ങൾ നീക്കാനും തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുനൽകാനും ധാരണയായിട്ടുണ്ട്. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇറാൻ എണ്ണ ഇന്ത്യയിലേക്ക് സ്ഥിരമായി എത്താൻ വഴിയൊരുങ്ങുന്നത്. ഇറാനും ഇന്ത്യയും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ അടുപ്പം യാത്രാച്ചെലവ് കുറക്കുമെന്നതും, 60 മുതൽ 90 ദിവസം വരെ പണം അടക്കാൻ ഇറാൻ സമയം അനുവദിക്കുമെന്നതും ഇന്ത്യൻ കമ്പനികൾക്ക് വലിയ നേട്ടമാണ്. എങ്കിലും ബാങ്കിങ് ഇടപാടുകളും മറ്റ് സാങ്കേതിക നടപടികളും പൂർത്തിയാകാൻ സമയമെടുക്കുമെന്നതിനാൽ ഇറാൻ എണ്ണ പൂർണ്ണതോതിൽ എത്താൻ സമയമെടുക്കും.
എണ്ണ ഇറക്കുമതിക്കായി ഒരൊറ്റ രാജ്യത്തെ മാത്രം ആശ്രയിക്കാതിരിക്കാൻ ഇന്ത്യ തങ്ങളുടെ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുകയാണ്. ഇതിന്റെ ഭാഗമായി ദക്ഷിണ അമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും ഇന്ത്യ കാര്യമായി വർധിപ്പിച്ചിട്ടുണ്ട്. ജൂൺ മാസത്തിൽ വെനിസ്വേലയിൽ നിന്നുള്ള ഇറക്കുമതി പ്രതിദിനം 3 ലക്ഷം ബാരലിലേക്ക് ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഹുർമുസ് കടലിടുക്ക് തുറക്കുന്നതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില വലിയ തോതിൽ കുതിച്ചുയരുന്നത് തടയാനാകുമെങ്കിലും, ബാരലിന് 70-80 ഡോളർ എന്ന നിരക്കിൽ വില തുടരാനാണ് സാധ്യതയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

