ഇന്ത്യ എന്നെ ചൈനക്കെതിരെ ഉപയോഗിക്കില്ല- ദലൈലാമ
text_fieldsന്യൂഡൽഹി: ചൈനക്കെതിരെ ഇന്ത്യ ദലൈലാമയെ ഉപയോഗിക്കുകയാണെന്ന വിമർശനങ്ങളെ നിരാകരിച്ച് ടിബറ്റൻ ആത്മീയാചര്യൻ. ദലൈലാമയുടെ അരുണാചൽ സന്ദർശനം ചൈനയെ പ്രകോപിപ്പിക്കാനാണെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ദലൈലാമ രംഗത്തെത്തിയത്.
ദലൈലാമയുടെ അരുണാചൽ സന്ദർശനത്തിൽ ചൈനയുടെ എതിർപ്പ് ചൂണ്ടിക്കാട്ടിയപ്പോൾ ചൈനയിലെ ഭൂരിപക്ഷം ആളുകളും ഇന്ത്യയെ സ്നേഹിക്കുന്നുണ്ടെന്ന് ദലൈലാമ മറുപടി നൽകി. ഇടുങ്ങിയ മനസ്സുള്ള ചെറു ന്യൂനപക്ഷം രാഷ്ട്രീയക്കാർ മാത്രമേ ചൈനയിൽ ഇന്ത്യയെ എതിർക്കുന്നുള്ളുവെന്നും ദലൈലാമ കൂട്ടിച്ചേർത്തു.
ടിബറ്റിന് സ്വയഭരണാധികാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയിലാണ് ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികളുള്ളത്. രാജ്യത്തെ ഭൂരിപക്ഷം ബുദ്ധിജീവികളും തങ്ങളുടെ ആവശ്യത്തിന് അനുകൂലമാണെന്നും ദലൈലാമ പറഞ്ഞു.
ചൈനയിൽ നിന്ന് പൂർണ സ്വാതന്ത്രമല്ല ടിബറ്റ് ആഗ്രഹിക്കുന്നത്. ഭാവിയിലും പീപ്പൾസ് റിപബ്ലിക്ക് ഒാഫ് ചൈനയുടെ ഭാഗമായി നില നിൽക്കാനാണ് ടിബറ്റിെൻറ താൽപ്പര്യം. എന്നാൽ ആത്മീയ കാര്യങ്ങളിലുൾപ്പടെ ടിബറ്റിന് ചില പ്രത്യേക അവകാശങ്ങൾ ആവശ്യമാണെന്നും ദലൈലാമ കൂട്ടിച്ചേർത്തു.