രോഗമുക്തി നിരക്കിൽ ഇന്ത്യ ഒന്നാമതെന്ന് ആരോഗ്യ മന്ത്രാലയം
text_fieldsന്യൂയോർക്ക്: ആഗോളതലത്തിലുള്ള കോവിഡ് രോഗമുക്തി നിരക്കിൽ ഇന്ത്യ യു.എസിനെ മറികടന്ന് ഒന്നാംസ്ഥാനത്തെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95,880 പേർ കോവിഡ് നെഗറ്റീവായി. ഇതോടെ കോവിഡ് രോഗമുക്തി നിരക്ക് 79.28 ശതമാനമായി ഉയർന്നു. രാജ്യത്ത് ഇതുവരെ 42,08,431 പേരാണ് രോഗമുക്തി നേടിയത്.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള യു.എസിെല രോഗമുക്തി നിരക്ക് 60.5 ശതമാനമാണ്. മരണനിരക്കിലും ഇന്ത്യയാണ് യു.എസിനേക്കാൾ മുന്നിട്ടുനിൽക്കുന്നത്. യു.എസിൽ 2.9 ശതമാനം പേർ മരിച്ചപ്പോൾ ഇന്ത്യയിൽ അത് 1.61 ശതമാനമാണ്.
ഫലപ്രദവും ഉയർന്ന നിരക്കിലുള്ളതുമായ കോവിഡ് പരിശോധന, നേരത്തെ തന്നെ രോഗ സാധ്യതയുള്ളവരെ നിരീക്ഷിക്കുന്നതും കണ്ടെത്തുന്നതും ഉയർന്ന നിലവാരമുള്ള ആരോഗ്യ ക്ലിനിക്കൽ പരിചരണവും മറ്റ് നടപടികളുമാണ് ആഗോളതലത്തിൽ ഉയർന്ന രോഗമുക്തി നിരക്കിന് കാരണമായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്. സെപ്തംബർ മുതൽ ഇന്ത്യയിൽ പ്രതിദിനം 90000ത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്.

