ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ വീണ്ടും സമാധാനാഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമാധാനത്തിനൊപ്പമാണ് നിലകൊള്ളുന്നത്. ഈ യുദ്ധത്തിൽ വിജയികളുണ്ടാവില്ലെന്നും മോദി പറഞ്ഞു.
നിലവിലുണ്ടായ സംഘർഷത്തെ തുടർന്ന് ലോകത്തിന്റെ സമാധാനവും സുസ്ഥിരതയും അപകടത്തിലായി. ചർച്ചകൾ മാത്രമാണ് പ്രശ്നം പരിഹരിക്കാനുള്ള ഏക പോംവഴിയെന്നും മോദി പറഞ്ഞു.
യുക്രെയ്നെ ആക്രമിച്ചതിലൂടെ റഷ്യ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുവെന്ന് ജർമ്മൻ ചാൻസലർ സ്കോളസ് പറഞ്ഞു. യുദ്ധവും യുക്രെയ്ൻ പൗരൻമാർക്കെതിരായുള്ള ക്രൂരമായ ആക്രമണങ്ങളും മൂലം റഷ്യ യു.എൻ ചാർട്ടറിന്റെ തത്വങ്ങൾ ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യയും ജർമ്മനിയും ചേർന്ന് ഒമ്പത് കരാറുകളിലാണ് ഇന്ന് ഒപ്പിട്ടത്. ജർമ്മൻ ചാൻസലർ സ്കോളസ് മോദിയെ ജി7 ഉച്ചക്കോടിക്ക് ക്ഷണിക്കുകയും ചെയ്തു.