ഇൻഡ്യ മുന്നണി ഭോപാൽ റാലി ഉപേക്ഷിച്ചു
text_fieldsന്യൂഡൽഹി: പ്രതിപക്ഷ ഐക്യമായ ‘ഇൻഡ്യ’ മുന്നണി ഒക്ടോബർ ആദ്യവാരം ഭോപാലിൽ നടത്താനിരുന്ന റാലി ഉപേക്ഷിച്ചു. റാലി റദ്ദാക്കിയെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥാണ് അറിയിച്ചത്. മധ്യപ്രദേശ് സർക്കാറിന്റെ അഴിമതികൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് കോൺഗ്രസ് ഏഴ് ‘ജന്‍ ആക്രോശ് യാത്ര’കൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇൻഡ്യ മുന്നണിയുടെ റാലി വേണ്ടെന്നുവെച്ചതെന്നാണ് പാർട്ടി നേതാക്കൾ വിശദീകരിക്കുന്നത്.
ഗണേശ ചതുര്‍ഥി ദിനമായ സെപ്റ്റംബർ 19ന് ആരംഭിക്കുന്ന യാത്ര 15 ദിവസംകൊണ്ട് 230 നിയമസഭ മണ്ഡലങ്ങളിലും എത്തുന്ന രീതിയിലാണ് ക്രമീകരിച്ചത്. നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിലെ മറ്റു പാർട്ടികളുടെ പിന്തുണയില്ലാതെ വിജയിക്കാനാകുമെന്ന് കോൺഗ്രസിന് പ്രതീക്ഷയുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. ഡി.എം.കെയിലെ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശം ചർച്ചയാക്കാനുള്ള ബി.ജെ.പി ശ്രമത്തെ ചെറുക്കാനാകുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു.
വിലക്കയറ്റം, തൊഴിലില്ലായ്മ, മോദി സർക്കാറിന്റെ അഴിമതി എന്നിവ ഉയർത്തി വിവിധ സംസ്ഥാനങ്ങളിൽ റാലി സംഘടിപ്പിക്കാനും ആദ്യത്തേത് ഭോപാലിൽ നടത്താനും എൻ.സി.പി നേതാവ് ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയിൽ കഴിഞ്ഞ ദിവസം ചേർന്ന ഏകോപന സമിതി യോഗത്തിലായിരുന്നു തീരുമാനിച്ചത്.
എന്നാൽ, സനാതന വിഷയത്തിൽ അപമാനിതരായ ജനങ്ങള്‍ രോഷാകുലരാണെന്നു തിരിച്ചറിഞ്ഞാണ് റാലി ഉപേക്ഷിച്ചതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പ്രതികരിച്ചു. ഇൻഡ്യ മുന്നണി നേതൃത്വത്തിനു കരുത്തില്ലെന്നും ചൗഹാന് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

