Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അമേരിക്കയുടെ ചരിത്രം കുടിയേറ്റക്കാരിലൂടെ രൂപപ്പെട്ടത്’; വാൻസിന്റെ എച്ച്-1ബി പരാമർശത്തിൽ തിരിച്ചടിച്ച് ഇന്ത്യ

text_fields
bookmark_border
‘അമേരിക്കയുടെ ചരിത്രം കുടിയേറ്റക്കാരിലൂടെ രൂപപ്പെട്ടത്’; വാൻസിന്റെ എച്ച്-1ബി പരാമർശത്തിൽ തിരിച്ചടിച്ച് ഇന്ത്യ
cancel

ന്യൂഡൽഹി: എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നടത്തിയ പരാമർശങ്ങളിൽ ശക്തമായ പ്രതികരണവുമായി ഇന്ത്യ. ഇന്ത്യൻ പ്രൊഫഷണലുകളെക്കുറിച്ചുള്ള വാൻസിന്റെ പരാമർശങ്ങൾ അനാവശ്യവും അമേരിക്കൻ സമ്പദ്‌വ്യവസ്ഥക്കും നൂതനാശയ രംഗത്തിനും അവർ നൽകുന്ന സംഭാവനകളെ അവഗണിക്കുന്നതുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ചില കമ്പനികൾക്കായി പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പദ്ധതിയിലേക്കുള്ള (പെർം ) അപേക്ഷകൾ അമേരിക്ക സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു വാൻസിന്റെ പരാമർശങ്ങൾ. വിദേശ തൊഴിലാളികൾ അമേരിക്കക്കാരുടെ തൊഴിൽ അവസരങ്ങളെ ബാധിക്കുന്നുവെന്ന വാദമാണ് അദ്ദേഹം ഉയർത്തിയത്.

വിദേശ തൊഴിലാളികളെ വിശേഷിപ്പിക്കാൻ ‘ഫോറിൻ ഇൻഡെഞ്ചേർഡ് സെർവന്റ്സ്’ (വിദേശ കരാർത്തൊഴിലാളികൾ) എന്ന പദം വാൻസ് ഉപയോഗിച്ചതാണ് വിവാദമായത്. വിദേശ തൊഴിലാളികളെ നിയമിക്കുന്നത് അമേരിക്കൻ തൊഴിലാളികളുടെ വേതനം കുറയ്ക്കാനും അവരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കാനും ഇടയാക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അമേരിക്കൻ തൊഴിലാളികൾക്ക് പകരക്കാരെ കണ്ടെത്താനുള്ള മാർഗമായി എച്ച്-1ബി വിസ സംവിധാനം മാറരുതെന്നും അമേരിക്കയിൽ ലഭ്യമല്ലാത്ത ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ കൊണ്ടുവരാനായിരിക്കണം ഇത് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ പരാമർശങ്ങളോട് പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ പ്രൊഫഷണലുകളെക്കുറിച്ചുള്ള ഇത്തരം വിവരണങ്ങൾ അനാവശ്യമാണെന്ന് വ്യക്തമാക്കി. വിദഗ്ധ തൊഴിലാളികളുടെ രാജ്യാന്തര സഞ്ചാരം ഇന്ത്യക്കും അമേരിക്കക്കും ഒരുപോലെ പ്രയോജനകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. അമേരിക്കൻ കമ്പനികൾക്ക് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ ലഭ്യമാക്കുന്നതിലൂടെ നൂതനാശയങ്ങൾ, ഗവേഷണം, ഉൽപാദനക്ഷമത, തൊഴിലവസരങ്ങൾ എന്നിവക്ക് സഹായകമാകുന്നുവെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ ചരിത്രം തന്നെ തലമുറകളായി അവിടെയെത്തിയ കുടിയേറ്റക്കാരാൽ രൂപപ്പെട്ടതാണെന്നും ഇന്ത്യ വ്യക്തമാക്കി. അവരുടെ അധ്വാനം, സംരംഭകത്വം, നൂതനാശയങ്ങൾ എന്നിവയാണ് രാജ്യത്തിന്റെ വളർച്ചക്കും സമൃദ്ധിക്കും വലിയ സംഭാവന നൽകിയതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അമേരിക്ക പ്രഖ്യാപിച്ച പുതിയ നടപടികൾ ഇരു രാജ്യങ്ങളും പങ്കിടുന്ന അഭിലാഷങ്ങൾക്ക് മുന്നോട്ട് പോകാൻ സഹായിക്കുന്നതല്ലെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. പെർം നടപടികളിലെ മാറ്റം നിലവിലുള്ള എച്ച്-1ബി വിസകളെ നേരിട്ട് ബാധിക്കില്ലെങ്കിലും, അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകളുടെ ദീർഘകാല താമസവുമായി ബന്ധപ്പെട്ട ഗ്രീൻ കാർഡ് നടപടികളിൽ അതിന്റെ പ്രത്യാഘാതം ഉണ്ടാകാനിടയുണ്ടെന്ന ആശങ്കയ്ക്കിടെയാണ് ഇന്ത്യയുടെ പ്രതികരണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India fires back at JD Vance's ‘deeply offensive’ H-1B visa remarks
Next Story