യമനിലെ ഹൂതി മേഖലയിൽ കുടുങ്ങിയ 19 ഇന്ത്യൻ നാവികരെ ഒഴിപ്പിച്ചു
text_fieldsന്യൂഡൽഹി: യമനിലെ ഹുദൈദയിലും സൻആയിലും രണ്ടാഴ്ചയായി കുടുങ്ങിക്കിടന്ന 19 ഇന്ത്യൻ നാവികരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഞായറാഴ്ചയാണ് ഇന്ത്യൻ എംബസി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
സമൂഹ മാധ്യമമായ എക്സിലൂടെയാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. നാവികരെല്ലാം സുരക്ഷിതരാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അവർ ഇപ്പോൾ ഇന്ത്യയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണെന്നും എംബസി അറിയിച്ചു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിന് സഹകരിച്ച എല്ലാവർക്കും എംബസി നന്ദി രേഖപ്പെടുത്തി.
ദിവസങ്ങൾക്ക് മുൻപ് യമൻ തീരത്ത് അപകടത്തിൽപ്പെട്ട യാട്ടിലുണ്ടായിരുന്ന 14 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇവർ ഇപ്പോൾ മടങ്ങുന്ന 19 പേരുടെ കൂട്ടത്തിലുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഹുദൈദക്ക് സമീപം യാട്ടിലുണ്ടായിരുന്ന 14 പേർ സുരക്ഷിതരാണെന്നും സംഭവം എന്താണെന്ന് അന്വേഷിക്കുകയാണെന്നും ഒക്ടോബർ 23-ന് ഇന്ത്യൻ മിഷൻ അറിയിച്ചിരുന്നു. ചെങ്കടലിൽ യുഖർ ദ്വീപിന് അടുത്ത് ഇന്ത്യൻ യാട്ടിനെ സൗദി സേന ആക്രമിച്ചെന്നാണ് ഹൂതി വിഭാഗത്തിന്റെ അവകാശവാദം. യാട്ടിലുണ്ടായിരുന്ന 14 ഇന്ത്യക്കാരെ തങ്ങൾ രക്ഷപ്പെടുത്തിയെന്നും ഹൂതി വക്താവ് യഹ്യ സരീ പറഞ്ഞതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ അവകാശവാദം ഇന്ത്യയോ സൗദിയോ സ്ഥിരീകരിച്ചിട്ടില്ല.
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇതുവരെ 23 ഇന്ത്യൻ പൗരന്മാരെയാണ് ഇന്ത്യക്ക് നഷ്ടമായത്. ഇതിൽ 15 പേർ ഇന്ത്യൻ നാവികരാണ്. കരിങ്കടൽ മേഖലയിലെ കപ്പലുകൾക്കുനേരെയുണ്ടായ ആക്രമണങ്ങളിൽ അഞ്ച് ഇന്ത്യക്കാർ കൊല്ലപ്പെടുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ ഹൂതികൾ സൗദി തലസ്ഥാനമായ റിയാദിന് നേരെ തൊടുത്തുവിട്ട രണ്ട് ബാലസ്റ്റിക് മിസൈലുകൾ സൗദി നേതൃത്വത്തിലുള്ള സഖ്യസേന തകർത്തു. ഇക്കാര്യം സഖ്യസേന എക്സിലൂടെ അറിയിച്ചു.ഇതിന് മുന്നോടിയായി സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, അബ്‌കൈഖ്, അൽ അഹ്സ എന്നിവിടങ്ങളിൽ സിവിൽ ഡിഫൻസ് അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിരുന്നു. ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ അഭയം പ്രാപിക്കണമെന്നും ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു.
സൗദിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആറ് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ അവകാശപ്പെട്ടതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം വീണ്ടും കനത്തത്. 2022-ലെ വെടിനിർത്തലിന് ശേഷം കൈവന്ന ശാന്തത തകരുമോ എന്ന ആശങ്കയിലാണ് മേഖല. ചെങ്കടലും ബാബ് അൽ-മൻദബ് കടലിടുക്കും വഴിയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷയെക്കുറിച്ചും ഈ സംഭവങ്ങൾ വലിയ ആശങ്ക ഉയർത്തുന്നുണ്ട്.

