വിമാനാപകടം: അന്വേഷണത്തിൽ യു.എൻ സഹായം നിരസിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹ്മദാബാദ് വിമാനാപകടത്തിലെ അന്വേഷണത്തിൽ ഐക്യരാഷ്ട്രസഭയുടെ സഹായം ഇന്ത്യ സ്വീകരിക്കില്ല. അന്വേഷണത്തിൽ പങ്കുചേരാൻ ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനെ അനുവദിക്കില്ലെന്ന് ഇന്ത്യ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) ആണ് നിലവിൽ അന്വേഷണം നടത്തുന്നത്. അന്വേഷണത്തിൽ പങ്കുചേരാമെന്ന യു.എൻ വാഗ്ദാനത്തിന് എ.എ.ഐ.ബിയും മറുപടി നൽകിയിട്ടില്ല.
2014ൽ മലേഷ്യൻ വിമാനം തകർന്നപ്പോഴും 2020ൽ യുക്രേനിയയിൽ ജെറ്റ് ലൈൻ തകർന്നപ്പോഴും അന്വേഷണങ്ങളിൽ സഹായിക്കാൻ ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അന്വേഷകരെ വിന്യസിച്ചിരുന്നു.
അഹ്മദാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്ക് ജൂൺ 12 വ്യാഴാഴ്ച ഉച്ചക്ക് 1.38ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിലാണ് എയർ ഇന്ത്യ 171 ബോയിങ് 787- 8 ഡ്രീംലൈനർ സമീപത്തെ മെഡിക്കൽ കോളജ് വിദ്യാർഥി ഹോസ്റ്റലിനുമേൽ തകർന്നുവീണത്.
വിമാനത്തിലുണ്ടായിരുന്ന രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെടുത്തിട്ടുണ്ട്. വിമാനം പതിച്ച കെട്ടിടത്തിന്റെ മുകളിൽനിന്ന് ജൂൺ 13നാണ് ആദ്യത്തെ ഭാഗം കണ്ടെടുത്തത്. രണ്ടാമത്തെ ഭാഗം ജൂൺ 16ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ലഭിച്ചു. ജൂൺ 24ന് ബ്ലാക്ക് ബോക്സുകൾ അഹ്മദാബാദിൽനിന്നും ഡൽഹിയിലെ എ.എ.ഐ.ബി ലാബിൽ എത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

