Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭിന്നശേഷി നയം പുതുക്കൽ നീളുന്നു; 10 വർഷമായിട്ടും പുതിയ ദേശീയ നയം പ്രഖ്യാപിച്ചില്ല

text_fields
bookmark_border
disability
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച പുതിയ ദേശീയ നയം രൂപീകരിക്കാനുള്ള കേന്ദ്രസർക്കാർ നടപടി ഇനിയും പൂർത്തിയായിട്ടില്ല. നിലവിലെ ദേശീയ ഭിന്നശേഷി നയം 2006ൽ രൂപീകരിച്ചതാണ്. 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമം നിലവിൽവന്ന് പത്ത് വർഷം പിന്നിട്ടിട്ടും പുതിയ നയം പ്രഖ്യാപിച്ചിട്ടില്ലെന്ന് ‘ഡോക്ടേഴ്‌സ് വിത്ത് ഡിസെബിലിറ്റീസ്: ഏജന്റ്‌സ് ഓഫ് ചേഞ്ച്’ (ഡി.ഡബ്ല്യു.ഡി.എ.ഒ.സി) ചൂണ്ടിക്കാട്ടി.

കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ മന്ത്രിക്കും ഭിന്നശേഷിക്കാരുടെ ശാക്തീകരണ വകുപ്പിനും (ഡിപ്പാർട്ട്‌മെന്റ് ഓഫ് എമ്പവർമെന്റ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ്) നൽകിയ കത്തിലാണ് സംഘടന ഇക്കാര്യം ഉന്നയിച്ചത്. 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമം ഉറപ്പുനൽകുന്ന അവകാശങ്ങളും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച യു.എൻ കൺവെൻഷനോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതകളും ഫലപ്രദമായി നടപ്പാക്കാൻ പുതിയ ദേശീയ നയം അനിവാര്യമാണെന്ന് സംഘടന വ്യക്തമാക്കി.

പുതിയ നയം തയ്യാറാക്കാൻ നിയോഗിച്ച ടാസ്‌ക് ഫോഴ്സ് 2021 ഒക്ടോബർ 12ന് കരട് സമർപ്പിച്ചിരുന്നു. തുടർന്ന് കരടിൽ പങ്കാളികളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും തേടി. 2022 സെപ്റ്റംബർ 30 ആയിരുന്നു അഭിപ്രായങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി. എന്നാൽ, കൂടിയാലോചന നടപടികൾക്ക് ശേഷം നാല് വർഷത്തോളമായിട്ടും 2006ലെ നയം തന്നെയാണ് രാജ്യത്ത് തുടരുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി.

പുതിയ നയം രൂപീകരിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രസർക്കാർ തന്നെ 2022ൽ കരടിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പിൽ അംഗീകരിച്ചിരുന്നു. 2006ന് ശേഷം ഭിന്നശേഷിയുമായി ബന്ധപ്പെട്ട നിയമങ്ങളിലും നയങ്ങളിലും നിർണായകമായ മാറ്റങ്ങളുണ്ടായതും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യ യു.എൻ ഭിന്നശേഷിക്കാരുടെ അവകാശ കൺവെൻഷൻ അംഗീകരിച്ചതും 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമം നിലവിൽവന്നതും 2020ലെ ദേശീയ വിദ്യാഭ്യാസ നയം സ്വീകരിച്ചതും ഇതിൽ ഉൾപ്പെടുന്നു.

1995ലെ ‘വികലാംഗ (തുല്യ അവസരങ്ങൾ, അവകാശ സംരക്ഷണം, പൂർണ്ണ പങ്കാളിത്തം) നിയമത്തിന് പകരമായാണ് 2016ൽ ഭിന്നശേഷിക്കാരുടെ അവകാശ നിയമം നിലവിൽവന്നത്.

ആരോഗ്യം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളുമായി ഭിന്നശേഷി നയം ഫലപ്രദമായി ഏകോപിപ്പിക്കാത്തത് വിവിധ പോരായ്മകൾക്ക് ഇടയാക്കുന്നതായി ഡി.ഡബ്ല്യു.ഡി.എ.ഒ.സി സ്ഥാപകൻ ഡോ. സതേന്ദ്ര സിങ് കത്തിൽ പറഞ്ഞു. ഭിന്നശേഷിക്കാരുടെ വിലയിരുത്തലിലും ആനുകൂല്യങ്ങൾക്കുള്ള അർഹത നിർണയത്തിലും ഭിന്നശേഷിയെ മാത്രം അടിസ്ഥാനമാക്കി വ്യക്തിയുടെ കഴിവ് വിലയിരുത്തുന്ന സമീപനം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭിന്നശേഷിയെ കഴിവില്ലായ്മയുടെ സൂചകമായി കാണുന്നതിന് പകരം അവകാശങ്ങൾ, വ്യക്തിയുടെ പ്രവർത്തനശേഷി, ആവശ്യമായ സൗകര്യങ്ങൾ എന്നിവ മുൻനിർത്തിയ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India Delays New Disability Policy
Next Story