പാകിസ്താന്റെ വ്യാജ പ്രചാരണം പൊളിച്ചടുക്കി ഇന്ത്യ; ചിത്രങ്ങൾ ഉൾപ്പടെ പുറത്തുവിട്ടു
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ആക്രമണങ്ങൾ സംബന്ധിച്ച് പാകിസ്താന്റെ വ്യാജ പ്രചാരണം പൊളിച്ചടുക്കി ഇന്ത്യ. ഇന്ത്യയുടെ വ്യോമതാവളങ്ങൾ തകർത്തുവെന്ന് പാകിസ്താൻ വലിയ രീതിയിൽ വ്യാജ പ്രചാരണം നടത്തിയിരുന്നു. ഇതാണ് ഇന്നത്തെ വാർത്താസമ്മേളനത്തിൽ സൈന്യം പൊളിച്ചടുക്കിയത്.
വ്യോമതാവളങ്ങളുടെ ഇന്നത്തെ ചിത്രങ്ങൾ പുറത്തുവിട്ടാണ് ഇന്ത്യ പാകിസ്താൻ പ്രചാരണങ്ങളുടെ മുനയൊടിച്ചത്. ടൈം സ്റ്റാമ്പുള്ള ചിത്രങ്ങളാണ് ഇന്ത്യൻസേന പുറത്തുവിട്ടത്. വ്യോമതാവളങ്ങളുടെ റൺവേ ഉൾപ്പടെ ഒന്നിനും പാക് ആക്രമണത്തിൽ ഒരു പോറൽ പോലും ഏറ്റിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യ പുറത്തുവിട്ട ചിത്രങ്ങൾ.
പാകിസ്താൻ പടിഞ്ഞാറൻ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇന്ത്യ ഇന്ന് അറിയിച്ചിരുന്നു. വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഉദംപൂർ, പത്താൻകോട്ട്, ബാത്തിൻഡ തുടങ്ങിയ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ, ഭൂരിപക്ഷം ആക്രമണങ്ങളേയും ഫലപ്രദമായി പ്രതിരോധിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ചില വ്യോമതാവളങ്ങൾക്ക് നേരിയ കേടുപാടുണ്ടായെന്നും വാർത്തസമ്മേളനത്തിൽ സോഫിയ ഖുറേഷി പറഞ്ഞു.
സൈനിക താവളങ്ങൾക്ക് പുറമേ സിവിലിയൻ മേഖലകളും പാകിസ്താൻ ലക്ഷ്യമിട്ടു. പാകിസ്താൻ ആക്രമണങ്ങളെ തുടർന്ന് അതിർത്തിയിൽ സൈനിക വിന്യാസം കൂട്ടിയിട്ടുണ്ട്. ഭിന്നിപ്പ് ലക്ഷ്യമിട്ട് മതകേന്ദ്രങ്ങൾ ആക്രമിക്കുന്നത് തുടരുകയാണെന്നും സംയുക്തവാർത്തസമ്മേളനത്തിൽ സോഫിയ ഖുറേഷിയും വ്യോമിക സിങ്ങും പറഞ്ഞു. ആറ് പാക് സൈനിക കേന്ദ്രങ്ങളിൽ ഇന്ത്യ തിരിച്ചടിച്ചു. രണ്ട് വ്യോമ കേന്ദ്രങ്ങളും ആക്രമിച്ചവയിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

