അണക്കെട്ടിലൂടെ ജലമൊഴുക്ക് കുറച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: ചെനാബ് നദിയിലെ ബഗ്ളിഹാർ അണക്കെട്ടിെന്റ ഷട്ടർ താഴ്ത്തി പാകിസ്താനിലേക്കുള്ള നീരൊഴുക്ക് കുറച്ച് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിെന്റ പശ്ചാത്തലത്തിലാണ് നടപടി. ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും സമാന നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.
പാകിസ്താനിലേക്കുള്ള നീരൊഴുക്കിെന്റ നിയന്ത്രണം ഇന്ത്യക്ക് നൽകുന്നതാണ് ജമ്മുവിലെ ബഗ്ളിഹാർ അണക്കെട്ടും വടക്ക് കശ്മീരിലെ കൃഷ്ണഗംഗ അണക്കെട്ടും. ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനുമായുള്ള സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിെന്റ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. ബഗ്ളിഹാർ അണക്കെട്ടിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ ദീർഘനാളായി തർക്കം നിലവിലുണ്ട്.
അതേസമയം, ജമ്മു-കശ്മീരിലെ നിയന്ത്രണ രേഖയിൽ പലയിടങ്ങളിലും പാക് സൈന്യം പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തി. ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയതായി അധികൃതർ പറഞ്ഞു.
അഞ്ച് ജില്ലകളിലെ എട്ട് സ്ഥലങ്ങളിലാണ് വെടിനിർത്തൽ ലംഘനമുണ്ടായത്. തുടർച്ചയായ പത്താം രാത്രിയാണ് പാക് സൈന്യം അതിർത്തിയിൽ വെടിവെപ്പ് നടത്തുന്നത്.
അതിനിടെ, പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനിൽനിന്നുള്ള ഇറക്കുമതി നിരോധിക്കുകയും പാകിസ്താൻ കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശനം വിലക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിക്ക് തിരിച്ചടിയായി ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് പാക് തുറമുഖങ്ങളിൽ പ്രവേശനം തടഞ്ഞു. ശനിയാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

