കോവിഡ് ബാധിത രാജ്യങ്ങളിൽ ഇന്ത്യ 12ാം സ്ഥാനത്ത്
text_fieldsന്യൂഡൽഹി: കോവിഡ് മാരകമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 12ാം സ്ഥാനത്തെത്തി. കോവിഡ് ബാധിതരുടെ എണ്ണം 70,000 കടന്നതോടെയാണ് ഇന്ത്യ കാനഡയേയും പിന്നിലാക്കി 12ാം സ്ഥാനത്തെത്തിയത്. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 74,281ഉം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2415മാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ഇപ്പോൾ കാനഡയിൽ 69,156 രോഗികളാണുള്ളത്. രോഗബാധിതരുടെ നിരക്കിൽ ഇന്ത്യ ഇപ്പോൾ ചൈനക്ക് തൊട്ടുപിന്നാലാണ്. 1.2 ദശലക്ഷം രോഗബാധിതരും 78,000 മരണവുമായി അമേരിക്ക തന്നെയാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. സ്പെയിൻ, റഷ്യ, യു.കെ, ഇറ്റലി, ഫ്രാൻസ്, ജർമനി, തുർക്കി, ഇറാൻ, ചൈന എന്നിവയാണ് ഈ പട്ടികയിൽ ഇന്ത്യക്ക് മുകളിലുള്ള രാജ്യങ്ങൾ.
24 മണിക്കൂറിനുള്ളിൽ 3,604 കേസുകളും 87 മരണങ്ങളും എന്ന നിലയിലാണ് ഇന്ത്യ ഇപ്പോഴുള്ളത്. ചൊവ്വാഴ്ച മാത്രം 13 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് 24 മണിക്കൂറിനിടെ രാജ്യത്തെ ഏറ്റവും അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായി ഡൽഹി മാറി.
എന്നാൽ നേരത്തേ 10 ദിവസത്തിലൊരിക്കൽ കോവിഡ്ബാധ ഇരട്ടിച്ചിരുന്നത് ഇപ്പോൾ 12 ദിവസം എന്ന നിലയിലേക്ക് താഴ്ന്നിട്ടുണ്ട്. മരണനിരക്ക് 3.2 ശതമാനമാണ്. രോഗമുക്തരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ആരോഗ്യമന്ത്രി ഹർഷ് വർധൻ അറിയിച്ചു. 347 സർക്കാർ ലാബുകളിലും 137 സ്വകാര്യ ലാബുകളിലുമായി ദിനം തോറും ഒരു ലക്ഷം പേർക്ക് കോവിഡ് പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
