ന്യൂഡൽഹി: ദ്രുത ആൻറിജൻ പരിശോധനയിൽ( ആർ.എ.ടി) നെഗറ്റിവായതും പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളുള്ളതുമായ വ്യക്തികളിൽ ആർ.ടി-പി.സി.ആർ പരിശോധന നിർബന്ധമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇക്കാര്യത്തിൽ ചില സംസ്ഥാനങ്ങൾ വീഴ്ചവരുത്തുന്നതായി ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി.
രോഗലക്ഷണങ്ങളില്ലാത്തതും ദ്രുത ആൻറിജൻ പരിശോധനയിൽ നെഗറ്റിവായതും തുടർന്ന് രണ്ടുമുതൽ മൂന്നുദിവസത്തിനകം രോഗ ലക്ഷണങ്ങൾ കാണിക്കുന്നതുമായ ആളുകൾക്കും ആർ.ടി-പി.സി.ആർ പരിശോധന നടത്തണം. ഇക്കാര്യങ്ങൾ വ്യക്തമാക്കി ആരോഗ്യമന്ത്രാലയവും ഐ.സി.എം.ആറും സംയുക്തമായി എല്ലാ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ ഇക്കാര്യം നിരീക്ഷിക്കുന്നതിന് ജില്ലതലത്തിൽ സംഘത്തെ നിയോഗിക്കണം.
ആർ.എ.ടിയിൽ നെഗറ്റിവായ രോഗലക്ഷണങ്ങളുള്ള കേസുകൾ പരിശോധിക്കപ്പെടാതിരുന്നാൽ അവരുടെ സമ്പർക്കത്തിലൂടെ രോഗം പടരാൻ സാധ്യതയുണ്ട്. ഇത് തടയാൻ ആർ.ടി-പി.സി.ആർ പരിശോധന അത്യാവശ്യമാണ്. തെറ്റായ നെഗറ്റിവ് പരിശോധനാ ഫലങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ക്വാറൻറീൻ ചെയ്യുന്നതിനും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും ഇത് സഹായിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ജില്ലകളിലും സംസ്ഥാനതലത്തിലും അടിയന്തരമായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.