യു.എ.ഇയിലെ ഇറാൻ ആക്രമണത്തെ അപലപിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ യു.എ.ഇയിലെ ഫുജൈറ പെട്രോളിയം വ്യവസായ മേഖലക്കുനേരെ ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. അംഗീകരിക്കാനാകാത്ത നടപടിയാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേൽക്കാനിടയായ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശക്തമായി അപലപിച്ചു. ഏപ്രിൽ ആദ്യത്തോടെ വെടിനിർത്തൽ നിലവിൽ വന്നശേഷം യു.എ.ഇക്കുനേരെ ആദ്യമായാണ് ആക്രമണം.
മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേൽക്കാൻ ഇടയായ ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും, അടിസ്ഥാന സൗകര്യങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള നടപടികൾ നിർത്തണമെന്നും വിദേശ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.
പശ്ചിമേഷ്യൻ മേഖലയിൽ സമാധാനവും സുസ്ഥിരതയും വീണ്ടെടുക്കാൻ കഴിയുന്നതിന് സംഭാഷണത്തിലൂടെയും നയതന്ത്ര മാർഗത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു. ഹുർമുസ് കടലിടുക്കിലൂടെ അന്താരാഷ്‍ട്ര നിയമങ്ങൾക്ക് അനുസൃതമായി വാണിജ്യ കപ്പൽ ഗതാഗതം തടസ്സമില്ലാതെ നടക്കണം. പ്രശ്നങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണാൻ ഇന്ത്യ എല്ലാവിധ സഹായത്തിനും സന്നദ്ധമാണെന്നും പ്രസ്താവന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

