അരുണാചലിലെ പ്രദേശങ്ങളുടെ പേരുമാറ്റി ചൈന; അസംബന്ധമെന്ന് ഇന്ത്യ
text_fieldsന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ പ്രദേശങ്ങളുടെ പേരുമാറ്റി ചൈന. 27 ഇടങ്ങളുടെ പേരാണ് കഴിഞ്ഞ ദിവസം ചൈന സ്വന്തം നിലയിൽ മാറ്റിയത്. ഇതിൽ 15 പർവതങ്ങളും അഞ്ച് താമസസ്ഥലങ്ങളും നാല് ചുരങ്ങളും രണ്ട് പുഴകളും ഒരു തടാകവും പെടുമെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ചൈനീസ് നീക്കത്തിനെതിരെ ഇന്ത്യ ശക്തമായി രംഗത്തുവന്നു. പേരുമാറ്റിയത് അസംബന്ധവും വ്യർഥവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. പേരുമാറ്റിയതുകൊണ്ട് യാഥാര്‍ഥ്യം മാറില്ലെന്നും ചൈനയുടെ നീക്കം തള്ളുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
അരുണാചലിലെ സ്ഥലങ്ങള്‍ക്ക് പേരിടാനുള്ള വ്യർഥ ശ്രമങ്ങള്‍ ചൈന തുടരുന്നത് ശ്രദ്ധയില്‍പെട്ടു. ഈ കാര്യത്തില്‍ ഇന്ത്യക്ക് കൃത്യമായ നിലപാടുണ്ട്. പേരിടലിലൂടെ അവിടത്തെ യാഥാര്‍ഥ്യത്തില്‍ മാറ്റം വരുത്താനാകില്ല. അരുണാചല്‍ ഇന്നലെയും ഇന്നും ഇന്ത്യയുടെ അവിഭാജ്യവും അനിഷേധ്യവുമായ ഭാഗമാണ്. അത് നാളെയും തുടർന്നും അങ്ങനെ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജയ്സ്വാൾ. ടിബറ്റിന്റെ തെക്കൻ ഭാഗമാണെന്ന് അവകാശപ്പെടുന്ന അരുണാചലിലെ ചില സ്ഥലങ്ങൾക്ക് ബെയ്ജിങ് ചൈനീസ് പേരുകൾ പ്രഖ്യാപിച്ച ചോദ്യത്തിന് മറുപടിയായാണ് പ്രതികരണം. ഇതിന് മുമ്പും ഇവിടത്തെ സ്ഥലങ്ങള്‍ക്ക് ചൈന പേരുകള്‍ നല്‍കിയിട്ടുണ്ട്. ചൈനയുടെ ഭാഗമായ ടിബറ്റന്‍ പ്രവിശ്യയുടെ ഭാഗമാണ് അരുണാചല്‍ പ്രദേശ് എന്നാണ് അവരുടെ അവകാശവാദം. 2024ല്‍ 30 സ്ഥലങ്ങള്‍ക്ക് വേറെ പേരുകള്‍ നല്കി ചൈന പ്രത്യേക ഭൂപടം പുറത്തിറക്കിയിരുന്നു. ഈ നീക്കം ഇന്ത്യ രൂക്ഷമായ പ്രതികരണത്തോടെ അന്ന് തള്ളി.
അരുണാചലിലെ ആറ് സ്ഥലങ്ങളുടെ പേരുകളുടെ ആദ്യ പട്ടിക 2017 ലാണ് ചൈന പുറത്തിറക്കിയത്. 15 സ്ഥലങ്ങളുടെ രണ്ടാമത്തെ പട്ടിക 2021ൽ പുറത്തുവിട്ടു. 11 സ്ഥലങ്ങളുടെ പേരുകളുള്ള മറ്റൊരു പട്ടിക 2023ലും പുറത്തിറക്കി.
കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായി വരുന്നതിനിടെയാണ് അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുകളുടെ പുതിയ പട്ടിക ചൈന പുറത്തിറക്കിയത്. അഞ്ചുവർഷത്തെ ഇടവേളക്കുശേഷം, കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു. ഈ നീക്കം ബന്ധം നന്നാക്കാനുള്ള ശ്രമമായി കരുതുമ്പോഴാണ് പേരുമാറ്റവുമായി ചൈന പ്രകോപന നീക്കം തുടരുന്നത്.
കോവിഡും കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽ.എ.സി) ഇരു സൈന്യങ്ങളും തമ്മിലുള്ള സംഘർഷവും മൂലം 2020ൽ കൈലാസ് മാനസരോവർ യാത്ര നിർത്തിവെച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 21ന് ഒപ്പുവെച്ച കരാർ പ്രകാരം ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ ഡെംചോക്ക്, ഡെപ്സാങ് എന്നീ രണ്ട് സംഘർഷ കേന്ദ്രങ്ങളിൽനിന്ന് സൈനികരെ പിൻവലിക്കൽ പൂർത്തിയാക്കി.
രണ്ട് ദിവസത്തിനുശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ നഗരമായ കസാനിൽ ചർച്ച നടത്തി ഉഭയകക്ഷി സംഭാഷണ സംവിധാനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സമ്മതിച്ചിരുന്നു. അതിനുശേഷം, കുറച്ച് മാസങ്ങളായി ഇരുപക്ഷവും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി കൂടിക്കാഴ്ചകളും നടത്തി.
അതിനുപിന്നാലെയാണ് പുതിയ നടപടി. പഹൽഗാം ആക്രമണത്തിനുപിന്നാലെ പാകിസ്താനുമായുണ്ടായ സംഘർഷത്തിന്റെ പുകയടങ്ങും മുമ്പാണ് ചൈനയുടെ പ്രകോപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

