Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

48 മണിക്കൂറിനിടെ നാല് ഇന്ത്യൻ കപ്പലുകൾക്ക് നേരെ കരിങ്കടലിൽ ആക്രമണം; നാവികരുടെ സുരക്ഷയിൽ ആശങ്കയുമായി ഇന്ത്യ

text_fields
bookmark_border
48 മണിക്കൂറിൽ നാല് ഇന്ത്യൻ കപ്പലുകൾക്ക് നേരെ കരിങ്കടലിൽ ആക്രമണം; നാവികരുടെ സുരക്ഷയിൽ ആശങ്കയുമായി ഇന്ത്യ
cancel
camera_alt


രൺധീർ ജയ്‌സ്വാൾ


ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, കരിങ്കടലിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഇന്ത്യൻ നാവികരുമായി സഞ്ചരിച്ച നാല് വാണിജ്യ കപ്പലുകൾക്കുനേരെ ആക്രമണം നടന്നതായി ഇന്ത്യ സ്ഥിരീകരിച്ചു. സംഭവത്തിൽ നിരവധി ഇന്ത്യൻ നാവികർക്ക് പരിക്കേറ്റതോടെ, വാണിജ്യ കപ്പൽഗതാഗതത്തിനും നാവികരുടെ സുരക്ഷയ്ക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വാണിജ്യ കടൽ ഗതാഗതത്തിനും നാവികർക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജയ്‌സ്വാൾ ആക്രമണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. മൂന്ന് ഇന്ത്യൻ നാവികരുമായി സഞ്ചരിച്ച എം.ബി റയോഡ് മാമദോവ് എന്ന കപ്പലാണ് ആദ്യം ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികന് പരിക്കേറ്റു; ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് നാവികരുടെയും ക്ഷേമം ഉറപ്പാക്കാൻ റൊമാനിയൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യ അറിയിച്ചു. ടോഗോ പതാകയേന്തിയ അൽഫ വത്താൻ, പലാവു പതാകയേന്തിയ എം.ബി ഏബിൾ, ലൈബീരിയൻ പതാകയേന്തിയ അഫ്രാമാക്സ് റിയോ എണ്ണക്കപ്പൽ എന്നിവയാണ് ആക്രമിക്കപ്പെട്ട മറ്റ് മൂന്ന് കപ്പലുകൾ.

ചൊവ്വാഴ്ച ബൾഗേറിയയ്ക്ക് സമീപമാണ് അൽഫ വത്താൻ ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ബൾഗേറിയൻ അധികൃതരുമായി ഇന്ത്യയുടെ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ജയ്‌സ്വാൾ പറഞ്ഞു. എം.ബി ഏബിളിന് നേരെ ഡ്രോൺ ആക്രമണമാണ് ഉണ്ടായത്. കപ്പലിലുണ്ടായിരുന്ന മുഴുവൻ ഇന്ത്യൻ നാവികരെയും രക്ഷപ്പെടുത്തി. 18 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്; ഇതിൽ ഏഴ് പേർ ഇന്ത്യക്കാരായിരുന്നു. ഇവരിൽ ഒരാൾക്കാണ് പരിക്കേറ്റത്, ഇയാൾ ചികിത്സയിലാണ്. അതേസമയം, രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ബൾഗേറിയയ്ക്ക് ഇന്ത്യ നന്ദി അറിയിച്ചു. ബൾഗേറിയയിലെ ഇന്ത്യൻ ദൗത്യസംഘവും നാവികരുമായി ബന്ധപ്പെടുന്നുണ്ട്. നാലാമത്തെ കപ്പലിലെ 23 ഇന്ത്യൻ പൗരന്മാരെയും രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, കടലിൽ ജോലി ചെയ്യുന്ന നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ രാജ്യാന്തര സഖ്യം രൂപപ്പെടുത്തുന്നതിനുള്ള നീക്കവും ആരംഭിച്ചു. ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യ ഒരു പ്രൊപ്പോസലും അവതരിപ്പിച്ചിട്ടുണ്ട്. കരിങ്കടൽ മേഖലയിലെ കപ്പൽഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി റഷ്യയ്ക്കും യുക്രെയ്‌നും ഇന്ത്യ സമാധാന നിർദേശവും നൽകിയതായാണ് വിവരം. യുദ്ധം അവസാനിപ്പിക്കുന്നതിനൊപ്പം റഷ്യയുടെയും യുക്രെയ്‌നിന്റെയും ധാന്യ, ഊർജ കയറ്റുമതികൾ സുരക്ഷിതമാക്കുക, കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഒഴിവാക്കുന്നതിനുള്ള ധാരണകൾ രൂപപ്പെടുത്തുക എന്നിവയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളുമായും ഇന്ത്യ തുടർച്ചയായി ചർച്ചകൾ നടത്തുന്നുണ്ടെന്നും ജയ്‌സ്വാൾ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Seafarers Attacked in Ukraine
Next Story