ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശരിയായ ദിശയിൽ -വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ
text_fieldsന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും അത് സാധാരണ നിലയിലാക്കേണ്ടത് ആവശ്യമാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ.
ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലുകൾക്കു പിന്നാലെ ഇന്ത്യ-ചൈന ബന്ധം 1962ലെ യുദ്ധത്തിനുശേഷമുള്ള
ഏറ്റവും മോശം നിലയിലായിരുന്നു. നയതന്ത്രപരവും സൈനികവുമായ നിരവധി ചർച്ചകൾക്ക് ശേഷമാണ് കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിലെ സംഘർഷങ്ങളിൽനിന്ന് ഇരുപക്ഷവും തങ്ങളുടെ സൈന്യത്തെ പിൻവലിച്ചത്.
കിഴക്കൻ ലഡാക്കിലെ അവസാന സംഘർഷ കേന്ദ്രങ്ങളായ ഡെപ്‌സാങ്ങിനും ഡെംചോക്കിനും വേണ്ടി കഴിഞ്ഞ ഒക്ടോബറിൽ ഇരുപക്ഷവും ധാരണയിലെത്തി കരാറിൽ ഒപ്പുവെച്ചിരുന്നു. അവിടെ കഴിഞ്ഞ തവണത്തേക്കാൾ ശാന്തമാണ് ഇന്ന്. പ്രത്യേകിച്ച് കരാർ നല്ല മാറ്റമുണ്ടാക്കിയെന്നും ന്യൂസ് 18 റൈസിങ് ഭാരത് ഉച്ചകോടിയിൽ മന്ത്രി പറഞ്ഞു. കരാർ അന്തിമമായി ദിവസങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കസാനിൽ ചർച്ചകൾ നടത്തുകയും ബന്ധം മെച്ചപ്പെടുത്തുന്നതിന് നിരവധി തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. സൈനിക സാന്നിധ്യം വർധിച്ചുവരുന്നതിനാൽ അതിർത്തിയിലെ പ്രശ്നങ്ങൾ ഒരു പരിധിവരെ തുടരുന്നുണ്ടെന്നും ജയ്ശങ്കർ അഭിപ്രായപ്പെട്ടു.
'രാജ്യത്ത് മറ്റ് നിരവധി കാര്യങ്ങൾ സംഭവിച്ചു. അവയിൽ ചിലത് കോവിഡ് കാലഘട്ടത്തിന്റെ തുടർച്ചയാണ്. ഉദാഹരണത്തിന് കോവിഡ് സമയത്ത് ഞങ്ങളുടെ നേരിട്ടുള്ള വിമാനങ്ങൾ നിർത്തിവെച്ചു. പിന്നീട് അത് പുനരാരംഭിച്ചില്ല. അതുപോലെ കോവിഡ് സമയത്ത് നിർത്തിവെച്ച കൈലാസ് മാനസരോവർ യാത്രയും പുനരാരംഭിച്ചിരുന്നില്ല' -മന്ത്രി പറഞ്ഞു.
ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്‍റെ ഭാഗമായി മാനസരോവർ യാത്രയും വിമാന സർവിസും പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഡിസംബറിൽ എൻ.എസ്.ഇ അജിത് ഡോവൽ ബീജിങ്ങിലേക്ക് പോയി വിദേശകാര്യ മന്ത്രി വാങുമായി അതിർത്തി പ്രശ്‌നത്തിൽ ചർച്ചകൾ നടത്തി. ജനുവരിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ബീജിങ് സന്ദർശിച്ച് ചൈനീസ് വിദേശകാര്യ സെക്രട്ടറി സൺ വീഡോങ്ങുമായിചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

