ഇന്ത്യ-കാനഡ നിക്ഷേപ കരാർ ചർച്ചക്ക് തയ്യാറെന്ന് ഇന്ത്യ; 2030 ടെ വ്യാപാരം 4.65 ലക്ഷം കോടി രൂപ ലക്ഷ്യം
text_fieldsന്യൂഡൽഹി: കാനഡയുമായുള്ള ഉഭയകക്ഷി നിക്ഷേപ ഉടമ്പടി സംബന്ധിച്ച ചർച്ചകൾ എത്രയും വേഗം ആരംഭിക്കാൻ ഇന്ത്യ തയ്യാറാണെന്ന് ധനമന്ത്രാലയം അറിയിച്ചു. കാനഡ-ഇന്ത്യ ധനമന്ത്രിമാരുടെ ആദ്യ സാമ്പത്തിക-ധനകാര്യ ചർച്ചയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കനേഡിയൻ ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്നും സാമ്പത്തിക, ധനകാര്യ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തു.
2030ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 70 ബില്യൺ കനേഡിയൻ ഡോളറായി (ഏകദേശം 4.65 ലക്ഷം കോടി രൂപ) ഉയർത്തുകയാണ് ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
2026 മാർച്ചിൽ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ കൂടിക്കാഴ്ചയിൽ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനും 2026 അവസാനത്തോടെ ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) ചർച്ചകൾ പൂർത്തിയാക്കാനും ധാരണയായിരുന്നു. ഇതിന്റെ ഭാഗമായാണ് ധനമന്ത്രിമാരുടെ കൂടിക്കാഴ്ച നടന്നത്.
ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഇരു രാജ്യങ്ങളിലെയും സാമ്പത്തിക നയ മുൻഗണനകളും മന്ത്രിമാർ ചർച്ച ചെയ്തു. കാനഡയിലെ പെൻഷൻ ഫണ്ടുകളും മറ്റ് സ്ഥാപന നിക്ഷേപകരും ഇന്ത്യയിൽ നടത്തുന്ന നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള സാധ്യതകളും യോഗത്തിൽ പരിശോധിച്ചു.
ഇരു രാജ്യങ്ങളിലെയും ധനകാര്യ സ്ഥാപനങ്ങളും സ്ഥാപന നിക്ഷേപകരും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നിക്ഷേപകർക്ക് സ്ഥിരതയും വ്യക്തതയും ഉറപ്പാക്കുന്ന നികുതി നിയമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചയായി. പരസ്പര താൽപര്യമുള്ള മേഖലകളിലെ നിക്ഷേപ സാധ്യതകളും ഇരുപക്ഷവും വിലയിരുത്തി.
പേയ്മെന്റ് സംവിധാനങ്ങളുടെ നവീകരണം, സാമ്പത്തിക സ്ഥിരത, ഫിൻടെക്, മൂലധന വിപണി വികസനം, സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ തുടങ്ങിയ മേഖലകളിലെ സഹകരണവും ചർച്ചയായി. അതിർത്തി കടന്നുള്ള പണമിടപാടുകളും വ്യാപാര ഇടപാടുകളും കൂടുതൽ കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും തീരുമാനിച്ചു.
കാനഡയിൽ യു.പി.ഐ ഉപയോഗം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾക്കും ഇരുപക്ഷവും പിന്തുണ അറിയിച്ചു. പേയ്മെന്റ് സേവനദാതാക്കളുമായുള്ള പങ്കാളിത്തത്തിലൂടെ ഇത് നടപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ. വ്യാപാരം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ചെറുകിട-ഇടത്തരം സംരംഭങ്ങൾ എന്നിവക്ക് കൂടുതൽ കാര്യക്ഷമമായ പണമിടപാടുകൾ ഇതിലൂടെ സാധ്യമാകുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തവും വൈവിധ്യവത്കരിക്കപ്പെട്ടതുമായ വിതരണ ശൃംഖലകളുടെ പ്രാധാന്യവും മന്ത്രിമാർ ചൂണ്ടിക്കാട്ടി. നിർണായക ധാതുക്കൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനും ധാരണയായി.
ചർച്ചകൾക്ക് ശേഷം കാനഡയിലെ ധനകാര്യ സേവനങ്ങൾ, ഫിൻടെക്, സാങ്കേതികവിദ്യ, കൃത്രിമ ബുദ്ധി, അടിസ്ഥാന സൗകര്യം, ഊർജം, പ്രകൃതി വിഭവങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രതിനിധികളുമായും ഇരുവരും കൂടിക്കാഴ്ച നടത്തി. ദീർഘകാല നിക്ഷേപത്തിനും ബിസിനസ് സഹകരണത്തിനുമുള്ള സാധ്യതകൾ യോഗങ്ങളിൽ വിലയിരുത്തി.
ഇന്ത്യ-കാനഡ സാമ്പത്തിക-ധനകാര്യ ചർച്ചയുടെ അടുത്ത യോഗം 2027ൽ നടത്തും. മാക്രോ സാമ്പത്തിക സാഹചര്യം, ധനകാര്യ മേഖല, ഉഭയകക്ഷി നിക്ഷേപം, ആഗോള സാമ്പത്തിക വിഷയങ്ങൾ എന്നിവയിലാകും തുടർ ചർച്ചകൾ.
ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 2 വരെയാണ് നിർമല സീതാരാമന്റെ കാനഡ, യുഎസ് ഔദ്യോഗിക സന്ദർശനം. കാനഡയിൽ നിക്ഷേപ-വ്യവസായ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളിലും അവർ പങ്കെടുക്കുന്നുണ്ട്. ഊർജം, കൃത്രിമ ബുദ്ധി, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിലാണ് പ്രധാന ചർച്ചകൾ.
2025-26ൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ചരക്ക് വ്യാപാരം ഏകദേശം 8 ബില്യൺ യു.എസ് ഡോളറായിരുന്നു. ഇന്ത്യയുടെ കയറ്റുമതി 4.67 ബില്യൺ ഡോളറും ഇറക്കുമതി 3.28 ബില്യൺ ഡോളറുമാണെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനൊപ്പം, 2026 അവസാനത്തോടെ സി.ഇ.പി.എ ചർച്ചകൾ പൂർത്തിയാക്കുന്നതിനുള്ള നടപടികളും ഇരുരാജ്യങ്ങളും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

