ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ശൈത്യകാലത്തെ മുന്നൊരുക്കം ശക്തമാക്കാന്‍ ഒരുങ്ങി ഇന്ത്യ. തന്ത്രപ്രധാന സ്ഥലങ്ങളിലെ സേനാവിന്യാസം വിപുലമാക്കുന്നതിൻെറ ഭാഗമായി മുന്നൊരുക്കങ്ങള്‍ക്കായി അമേരിക്കയില്‍ നിന്ന് സൈനിക സാമഗ്രികള്‍ അടങ്ങിയ കിറ്റുകള്‍ ഇന്ത്യ അടിയന്തരമായി വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
സൈനിക വിന്യാസവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ലോജിസ്റ്റിക്‌സ് സഹായ കരാര്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാണ് ശൈത്യകാല സുരക്ഷ മുന്നൊരുക്കത്തിന് ആവശ്യമായ സാധന സാമഗ്രികള്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങിയത്. യുദ്ധവിമാനത്തിനും യുദ്ധക്കപ്പലിനും ആവശ്യമായ ഇന്ധനം, സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ എന്നിവ പരസ്പരം കൈമാറുന്ന കരാറിലാണ് ഇന്ത്യ 2016 ആഗസ്റ്റില്‍ ഒപ്പുവെച്ചത്.
അതിര്‍ത്തിയിലെ സംഘര്‍ഷം കുറക്കുന്നതിന് ഉന്നതതലത്തില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പൂര്‍ണമായി വിജയം കണ്ടിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് വരുന്ന ശൈത്യകാലത്ത് അതിര്‍ത്തിയിലെ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചത്.
നാലു പതിറ്റാണ്ടിനിടെ അതിര്‍ത്തിയില്‍ ഇത്രയും കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്നത് ആദ്യമായാണ്. ചൈന വൻതോതിൽ സൈനിക വിന്യാസവും ടാങ്കുകളും മിസൈലുകളും ഹിമാലയൻ അതിർത്തിയിൽ വവിന്യസിച്ച സാഹചര്യത്തില്‍ യുദ്ധത്തിന് സമാനമായ തയാറെടുപ്പുകളാണ് ഇന്ത്യയും നടത്തുന്നത്. അതിനിടെയാണ് ശൈത്യകാലം വെല്ലുവിളിയാകുന്നത്. 15000 അടി ഉയരത്തില്‍ മൈനസ് 30 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവ് താഴുന്ന കാലാവസ്ഥയെയാണ് പട്ടാളക്കാര്‍ നേരിടേണ്ടത്. ഇതിനാവശ്യമായ ഒരുക്കങ്ങളാണ് ഇന്ത്യ നടത്തി വരുന്നത്.