ബിഹാർ വോട്ടർപട്ടിക: തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ മാർച്ച് തിങ്കളാഴ്ച
text_fieldsപാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ, ബിഹാറിലെ വോട്ടർപട്ടികയിൽ അട്ടിമറി ആരോപിച്ച് നടന്ന പ്രതിഷേധത്തിൽ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, സഞ്ജയ് റൗത്ത്, സുപ്രിയ സുലെ തുടങ്ങിയവർ
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക ‘പ്രത്യേക തീവ്ര പരിശോധന’ (എസ്.ഐ.ആർ) പാർലമെന്റ് ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കിയ ഇൻഡ്യ നേതാക്കൾ തിങ്കളാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് സംയുക്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു.
‘ഇൻഡ്യ’ സഖ്യകക്ഷിയല്ലെന്ന് പ്രഖ്യാപിച്ച ആം ആദ്മി പാർട്ടിയും മാർച്ചിൽ പങ്കെടുക്കുമെന്നും എസ്.ഐ.ആറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ പാർട്ടി എന്ന നിലക്ക് കൂടെ നിൽക്കുമെന്നും വ്യക്തമാക്കി. ചർച്ച ആവശ്യപ്പെട്ട് ഇരുസഭകളും സ്തംഭിപ്പിച്ചായിരുന്നു വിജയ് ചൗക്കിൽ പ്രതിപക്ഷത്തിന്റെ വാർത്തസമ്മേളനം.
കമീഷൻ നടപടി പാർലമെന്റിൽ വിഷയം ചർച്ച ചെയ്യാനാവില്ലെന്ന രാജ്യസഭ ഉപാധ്യക്ഷൻ ഹരിവൻഷിന്റെ റൂളിങ് ഇൻഡ്യ നേതാക്കൾ തള്ളി. എസ്.ഐ.ആറിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാണെന്നും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സ്വന്തം സൗകര്യത്തിന് അനുസരിച്ച് സർക്കാർ കൃത്രിമം നടത്തുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിൽ വോട്ടർപട്ടികയിൽ വലിയ തോതിൽ വോട്ടുകൾ കൂട്ടിച്ചേർത്തപ്പോൾ ബിഹാറിൽ കൂട്ടത്തോടെ വെട്ടിമാറ്റുകയാണ്. ദലിത്, ആദിവാസി, കുടിയേറ്റ തൊഴിലാളികൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവരുടെ വോട്ടുകളാണ് കൂട്ടത്തോടെ വെട്ടിമാറ്റുന്നത്. എന്നിട്ടും വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയാറാകുന്നില്ലെന്ന് ഖാർഗെ കുറ്റപ്പെടുത്തി.
11ന് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം മാർച്ചിൽ അണിനിരക്കുമെന്നും ഇക്കാര്യത്തിൽ കമീഷൻ വ്യക്തമായ മറുപടി നൽകേണ്ടിവരുമെന്നും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
കമീഷൻ വാദം തള്ളി സി.പി.ഐ-എം.എൽ
ന്യൂഡൽഹി: ബിഹാറിലെ വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റിയ 65 ലക്ഷം പേരുടെ വിവരങ്ങൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് നൽകിയിട്ടുണ്ടെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വാദം ബിഹാറിലെ സജീവ ഇടതുപക്ഷ പാർട്ടിയായ സി.പി.ഐ-എം.എൽ തള്ളി.
തങ്ങൾക്ക് അത്തരമൊരു പട്ടിക കൈമാറിയിട്ടില്ലെന്നും അതിനാൽ എല്ലാ നിയോജക മണ്ഡലങ്ങളുടെയും വിവരങ്ങൾ കൈമാറണമെന്നും സി.പി.ഐ-എം.എൽ സംസ്ഥാന സെക്രട്ടറി ശ്യാം ചന്ദ്ര ചൗധരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

