പാക് മാധ്യമപ്രവർത്തകന്റെ 'എക്സ്' അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്; ശ്രദ്ധയിൽ പെട്ടത് എസ്.സി.ഒ വേദിയിൽ വെച്ച്
text_fieldsപാകിസ്താൻ മാധ്യമപ്രവർത്തകൻ ഷൗക്കത്ത് പിരാച്ച
ന്യൂഡൽഹി: പാകിസ്താൻ മാധ്യമപ്രവർത്തകൻ ഷൗക്കത്ത് പിരാച്ചയുടെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്. ഇന്ത്യയിൽനിന്ന് അക്കൗണ്ട് തുറക്കാൻ ശ്രമിക്കുന്നവർക്ക് ലഭ്യമാകാത്ത തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) സിവിലൈസേഷനൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കുന്നതിനായി പിരാച്ച ന്യൂഡൽഹിയിലുള്ളപ്പോഴാണ് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയത് ശ്രദ്ധയിൽപെട്ടത്. സമൂഹമാധ്യമ ഉപയോക്താക്കളാണ് ഇത് ചൂണ്ടിക്കാട്ടിയത്. എന്നാൽ, അക്കൗണ്ട് ആഗോളതലത്തിൽ സസ്പെൻഡ് ചെയ്തിട്ടില്ല. ഇന്ത്യയിൽ മാത്രമായി ഉപയോഗം തടയുകയായിരുന്നു.
എ.ബി.പി ന്യൂസ് മാധ്യമപ്രവർത്തകൻ ആശിഷ് സിങ് ഷൗക്കത്ത് പിരാച്ചക്കൊപ്പമുള്ള ചിത്രം എക്സിൽ പങ്കുവെച്ചതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധ നേടിയത്. പാകിസ്താൻ ഫെഡറൽ മന്ത്രി ഡോ. മുസാദിഖ് മാലിക്കിനെയും ഭാര്യയെയും കണ്ടുമുട്ടിയതിന്റെ ചിത്രവും ഇയാൾ പങ്കുവെച്ചിരുന്നു. തുടർന്നാണ് ഷൗക്കത്ത് പിരാച്ചയുടെ അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ഉയർന്നത്. അക്കൗണ്ട് നിയന്ത്രിച്ചതിന്റെ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമല്ല.
നവംബർ 20 മുതൽ 22 വരെ ന്യൂഡൽഹിയിൽ നടന്ന എസ്.സി.ഒ സിവിലൈസേഷനൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാനാണ് പാകിസ്താൻ പ്രതിനിധികൾ ഇന്ത്യയിലെത്തിയത്. എസ്.സി.ഒ അംഗരാജ്യങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള ബഹുരാഷ്ട്ര വേദിയായിരുന്നു പരിപാടി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പാക് പ്രതിനിധികളുടെ സന്ദർശനവും മാധ്യമപ്രവർത്തകരുടെ സാന്നിധ്യവും ശ്രദ്ധ നേടിയിരുന്നു.

