ഇൻഡ്യ സഖ്യം ജൂൺ നാലിന് കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിക്കും -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ജൂൺ നാലിന് കേന്ദ്രത്തിൽ ഇൻഡ്യ സഖ്യം സർക്കാർ രൂപവത്കരിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്നും നാലാംഘട്ട പോളിങ് നടക്കുന്ന തിങ്കളാഴ്ച അദ്ദേഹം വോട്ടർമാരോട് ആവശ്യപ്പെട്ടു. ‘ആദ്യ മൂന്നു ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കാര്യങ്ങൾ വളരെ വ്യക്തമാണ്. ജൂൺ നാലിന് ഇൻഡ്യ സഖ്യം കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിക്കും’.
‘നിങ്ങളുടെ ഒരു വോട്ട് ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനുള്ളതാണെന്ന ഓർമ വേണം. ഒപ്പം, അത് നിങ്ങളുടെ മുഴുവൻ കുടുംബത്തിന്റെയും അവസ്ഥയെ മാറ്റിമറിക്കാൻ കൂടിയുള്ളതാണ്. ഒരു വോട്ട് എന്നത് യുവജനങ്ങൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ ലഭിക്കുന്ന ആദ്യജോലിക്ക് തുല്യമാണ്. പാവപ്പെട്ട സ്ത്രീകൾക്ക് വർഷം ഒരു ലക്ഷം രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലെത്താനുള്ള വഴി കൂടിയാണ് ഈ ഒരു വോട്ട്’ -രാഹുൽ പറഞ്ഞു.
രാജ്യം അതിന്റെ പ്രശ്നങ്ങൾക്കനുസരിച്ചാണ് വോട്ട് രേഖപ്പെടുത്തുകയെന്ന് കൂട്ടമായി പോളിങ് ബൂത്തിലെത്തി നിങ്ങൾ തെളിയിച്ചുകൊടുക്കണം. അടിസ്ഥാന വിഷയങ്ങളിൽനിന്ന് വ്യതിചലിക്കപ്പെട്ടുകൂടായെന്നും രാഹുൽ ഓർമിപ്പിച്ചു.
നാലാം ഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലെ 96 ലോക്സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 1,717 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 7.70 കോടി വോട്ടർമാരാണ് വിധിയെഴുതുക. ആന്ധ്രപ്രദേശിലെ ആകെയുള്ള 175 നിയമസഭ സീറ്റുകളിലേക്കും ഒഡിഷയിലെ 28 നിയമസഭ സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പും ഇതോടൊപ്പം നടക്കും.
തെലങ്കാന-17, ആന്ധ്രാപ്രദേശ്-25, ഉത്തർപ്രദേശ്-13, ബിഹാർ -അഞ്ച്, ഝാർഖണ്ഡ് -നാല്, മധ്യപ്രദേശ് -എട്ട്, മഹാരാഷ്ട്ര-11, ഒഡിഷ -നാല്, പശ്ചിമ ബംഗാൾ-എട്ട്, ജമ്മുകശ്മീർ -ഒന്ന് എന്നിങ്ങനെയാണ് നാലാം ഘട്ടത്തിൽ വോട്ടിങ് നടക്കുന്ന മണ്ഡലങ്ങൾ. 370-ാം വകുപ്പ് റദ്ദാക്കിയതിനു ശേഷം ജമ്മു-കശ്മീരിൽ നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിത്.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് (കനൗജ്), കേന്ദ്രമന്ത്രി ഗിരിരാജ് സിങ് (ബെഗുസാരായ്), തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര (കൃഷ്ണനഗർ), എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി (ഹൈദരാബാദ്), കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി (ബഹറാംപുർ), ആന്ധ്ര കോൺഗ്രസ് അധ്യക്ഷ വൈ.എസ് ശർമിള (കഡപ്പ) തുടങ്ങിയവരാണ് നാലാം ഘട്ടത്തിൽ ജനവിധി തേടുന്നവരിൽ പ്രമുഖർ. 543 അംഗ ലോക്സഭയിൽ 283 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇതുവരെ നടന്നത്. അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് മേയ് 20നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

