‘ഇൻഡ്യ’ കെജ്രിവാളിന് പിന്നിൽ: 31ന് രാംലീലയിൽ മഹാറാലി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്നിൽ ഉറച്ചുനിൽക്കുമെന്ന് ഡൽഹിയിലെ ‘ഇൻഡ്യ’ സഖ്യ നേതാക്കൾ പ്രഖ്യാപിച്ചു. കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ച് ഡൽഹി രാംലീല മൈതാനിയിൽ ഈ മാസം 31ന് ഇൻഡ്യ സഖ്യം മഹാറാലി നടത്തും.
ഇൻഡ്യ സഖ്യത്തിലെ മുഖ്യമന്ത്രിമാരായ കെജ്രിവാളിനും ഹേമന്ത് സോറനുമെതിരായ നീക്കം എന്ന നിലയിൽ കണ്ട് വിഷയം ജനങ്ങളിലേക്കെത്തിക്കുമെന്നും ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ നേതാക്കൾ അറിയിച്ചു.
മദ്യനയ കേസിൽ കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരെ രംഗത്തുവന്നിരുന്ന തങ്ങൾ ഇപ്പോൾ നിലപാട് മാറ്റിയത് അറസ്റ്റ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ളതും രാഷ്ട്രീയ പ്രേരിതമായതും കൊണ്ടാണെന്ന് ഡൽഹി പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അരവീന്ദർ സിങ് ലവ്ലി പറഞ്ഞു. ജനാധിപത്യം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് രാഹുൽ ഗാന്ധി. അതിനായുള്ള യാത്രകളാണ് അദ്ദേഹം നടത്തിയത്. എന്നാൽ, എല്ലാവർക്കും തുല്യാവസരം നൽകാത്ത തെരഞ്ഞെടുപ്പായി ഇത് മാറി. എന്തൊരു ജനാധിപത്യമാണിത്? ജനാധിപത്യം വീണ്ടെടുത്തിട്ടേ ഇനി മറ്റു സമരങ്ങൾ നടത്തുന്നതിൽ അർഥമുള്ളൂ എന്നും ലവ്ലി പറഞ്ഞു. മദ്യനയ കേസിൽ അറസ്റ്റ് ചെയ്യേണ്ടത് ആദ്യം അറസ്റ്റിലായ പ്രതിയിൽനിന്ന് 60 കോടി സംഭാവന വാങ്ങിയ ബി.ജെ.പിയെയാണെന്ന് ആപ് നേതാവ് ഗോപാൽ റായ് പറഞ്ഞു.
മദ്യനയത്തിന്റെ ഗുണഭോക്താക്കൾ ബി.ജെ.പി ആയത് കൊണ്ടാണ് ആ പ്രതിയെ മാപ്പു സാക്ഷിയാക്കി കെജ്രിവാളിനെ കേസിൽ കുടുക്കിയതെന്നും റായ് കുറ്റപ്പെടുത്തി. ഡൽഹി മന്ത്രിമാരായ അതിഷി മർലേന, സൗരഭ് ഭരദ്വാജ്, സി.പി.എം നേതാവ് രാജീവ് കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

