കാലിടറിയോ? തെരഞ്ഞെടുപ്പടുക്കവെ ബിഹാറിൽ ഇൻഡ്യ സഖ്യത്തിൽ പ്രതിസന്ധികളുടെ കുത്തൊഴുക്ക്
text_fieldsബിഹാർ ഇൻഡ്യ സഖ്യം പ്രഖ്യാപനത്തിനിടെ
പട്ന: ഇൻഡ്യ സഖ്യത്തിനും അവരുടെ മുഖ്യമന്ത്രി സ്ഥാനാർഥിക്കും ബിഹാറിൽ കാലിടറിയോ എന്നതാണ് ഇപ്പോഴത്തെ ചർച്ച. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുമ്പുവരെ നിതീഷ് കുമാറിനെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള ശ്രമത്തിൽ തേജസ്വി യാദവാണ് തേരു തെളിക്കാൻ ഏറ്റവും യോഗ്യൻ എന്നായിരുന്നു കേട്ടിരുന്നത്. എന്നാൽ തേജസ്വി അൽപം പിറകിലാണെന്നാണ് ഇപ്പോൾ പറയപ്പെടുന്നത്.
ആഗസ്റ്റ്-സെപ്റ്റംബറിൽ നടത്തിയ വോട്ടർ അധികാർ യാത്ര വഴി ഇൻഡ്യ സഖ്യം ഏറെ മുന്നോട്ടുപോയിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റ് വിഭജന ചർച്ച കീറാമുട്ടിയായി. വികാസ്ശീൽ ഇൻസാൻ പാർട്ടി (വി.ഐ.പി) നേതാവ് മുകേഷ് സാഹ്നിയുടെ നിലപാടുകൾ പരിഹാസ്യമാവുകയും ചെയ്തു. വോട്ടെടുപ്പിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണെങ്കിലും തേജസ്വിക്കും മറ്റു നേതാക്കൾക്കും പരിക്കുകൾ മായ്ച്ച് ഗോദയിലിറങ്ങാനാകുമെന്നും കരുതുന്നവരുണ്ട്. എന്നാൽ അത് എന്ന് സംഭവിക്കുമെന്ന കാര്യത്തിൽ ആർക്കും തീർച്ചയില്ല.
കോൺഗ്രസും ആർ.ജെ.ഡിയും സീറ്റ് വിട്ടുനൽകാൻ തയാറല്ല. വി.ഐ.പിക്ക് നൽകിയ സീറ്റിലും തർക്കമുണ്ട്. നിഷാദ് സമുദായക്കാരനാണ് പാർട്ടി നേതാവ് മുകേഷ് സാഹ്നി. ഈ വിഭാഗത്തിന് 50ഓളം സീറ്റുകളിൽ മൂന്നു ശതമാനം വരെ സാന്നിധ്യമുണ്ട്. ഇതുവെച്ചാണ് അവരുടെ വിലപേശൽ. ആദ്യം സാഹ്നി ചോദിച്ചത് 40 സീറ്റുകളാണ്. ബോചഹ, ആലംനഗർ തുടങ്ങിയ നിഷാദ് സമുദായക്കാരുടെ വലിയ സാന്നിധ്യമുള്ള മണ്ഡലങ്ങളുടെ പേരിൽ കോൺഗ്രസും ആർ.ജെ.ഡിയുമായി പോരടിക്കുകയും ചെയ്തു. തുടർന്ന് ഇൻഡ്യ സഖ്യം നല്ല നിലയിലല്ലെന്ന് പ്രഖ്യാപിച്ചു. സീറ്റുകൾക്ക് പുറമെ, തന്നെ ഉപ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്നും സാഹ്നി ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ഫലത്തിൽ മുന്നണിക്ക് തലവേദനായി.
തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ കോൺഗ്രസിനുള്ള മടിയും മെല്ലപ്പോക്കിന് കാരണമായി. നിതീഷിനെ പുറത്താക്കാൻ ആർ.ജെ.ഡിക്ക് കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണ അനിവാര്യമാണുതാനും. പത്രിക സമർപ്പണം ആദ്യ ഘട്ടം കഴിഞ്ഞിട്ടും ഇൻഡ്യ സഖ്യത്തിന് ഓരോ പാർട്ടിക്കുമുള്ള സീറ്റുകൾ കൃത്യമായി പ്രഖ്യാപിക്കാനായിട്ടില്ല. ഏകദേശ ധാരണകൾ മാത്രമാണുള്ളത്. ചർച്ച പൂർത്തിയാകും മുമ്പ് ചില പാർട്ടികൾ സ്വന്തം നിലക്ക് സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിച്ചിട്ടുണ്ട്. അത് പത്തോളം സീറ്റുകളിൽ സഖ്യത്തിനുള്ളിലെ ‘സൗഹൃദ മത്സര’ത്തിന് വഴിയൊരുക്കി. പത്രിക പിൻവലിക്കുന്നതോടെ മാത്രമേ ഇതിൽ അന്തിമ തീരുമാനമെന്തെന്ന് വ്യക്തമാകൂ.
കോൺഗ്രസിലും ഈ പ്രശ്നമുണ്ട്. പാർട്ടി സ്ഥാനാർഥികൾക്കെതിരെ ടിക്കറ്റ് ലഭിക്കാത്ത ചിലർ രംഗത്തുണ്ട്. ഏതായാലും എൻ.ഡി.എയിലെ പ്രശ്നങ്ങൾ പറഞ്ഞ് മാത്രം ഇൻഡ്യക്ക് മുന്നോട്ട് പോകാനാകില്ലെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധർ പറയുന്നത്. സീറ്റ് പങ്കുവെക്കൽ ചർച്ചകളിൽ രാഹുൽ ഗാന്ധി നേരിട്ട് ഇടപെടുന്നില്ല എന്നത് പോരായ്മയാണ്. എൻ.ഡി.എയിലാകട്ടെ അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കാര്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

