'മോദിയുടെയും ഷായുടെയും താളത്തിനൊത്ത് തുള്ളി'; സി.ഇ.സിക്കെതിരെ 6 കുറ്റങ്ങൾ ചുമത്തി 'ഇൻഡ്യ' മുന്നണി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷനെ രാഷ്ട്രീയ ചട്ടുകമാക്കി ബി.ജെ.പിക്ക് വേണ്ടി വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ വെട്ടിമാറ്റിയെന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ അസാധാരണ 'ജനകീയ കുറ്റവിചാരണ'യുമായി പ്രതിപക്ഷ 'ഇൻഡ്യ' മുന്നണി. വോട്ടവകാശം അട്ടിമറിച്ച സി.ഇ.സിയെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ പ്രഖ്യാപിച്ചു.
ന്യൂഡൽഹി 10 രാജാജി മാർഗിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ജനകീയ വിചാരണാ സഭയിൽ ഇരുപതിലധികം പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും വിദ്യാർഥി പ്രതിനിധികളും നിയമജ്ഞരും ഒന്നടങ്കം അണിനിരന്നു. ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയടക്കമുള്ള യുവജന-വിദ്യാർഥി നേതാക്കളും സദസ്സിൽ പങ്കാളികളായി.
"വോട്ട് തട്ടിയെടുക്കുന്നത് ജനാധിപത്യത്തിന്റെ ആത്മാവിനേൽക്കുന്ന പ്രഹരം": മീരാ കുമാർ
ഇംപീച്ച്‌മെന്റ് നടപടികളുടെ അധ്യക്ഷത വഹിച്ച മീരാ കുമാർ തെരഞ്ഞെടുപ്പ് കമീഷന്റെ വഴിവിട്ട നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മാതൃകയാണ് ആഫ്രിക്കൻ, ഏഷ്യൻ, തെക്കേ അമേരിക്കൻ രാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ കാതൽ വോട്ടറാണ്. ഒരാൾക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടാൽ പോലും അത് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ആത്മാവിനേൽക്കുന്ന മാരക പ്രഹരമാണ്. ഈ സാഹചര്യത്തിലാണ് ഗ്യാനേഷ് കുമാറിനെ പുറത്താക്കാനുള്ള ഔദ്യോഗിക ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വഴി പാർലമെന്റിൽ ഔദ്യോഗികമായി കൊണ്ടുവരാൻ 'ഇൻഡ്യ' മുന്നണി ഐകകണ്ഠ്യേന തീരുമാനിച്ചത്.
ഗ്യാനേഷ്കുമാർ മോദിയുടെയും അമിത് ഷായുടെയും റിമോട്ട് കൺട്രോളിൽ: മല്ലികാർജുൻ ഖാർഗെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേരിട്ടുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് കുറ്റപത്ര പ്രമേയം അവതരിപ്പിച്ചുകൊണ്ട് മല്ലികാർജുൻ ഖാർഗെ തുറന്നടിച്ചു.
- വ്യക്തിപരമായ വിദ്വേഷമല്ല: ഗ്യാനേഷ് കുമാറിനോട് പ്രതിപക്ഷത്തിന് വ്യക്തിപരമായ വിരോധമില്ല. മറിച്ച് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ്സും സുതാര്യതയും വീണ്ടെടുക്കുകയാണ് ലക്ഷ്യം.
- 193 എം.പിമാരുടെ നോട്ടീസ് തള്ളി: ഏഴ് മാസം മുൻപ് ഇരുസഭകളിലുമായി 193 പ്രതിപക്ഷ എം.പിമാർ സി.ഇ.സിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും പരിഗണിക്കുക പോലും ചെയ്യാതെ തള്ളിക്കളയുകയായിരുന്നു.
- ഡൽഹിയിലിരുന്ന് വോട്ട് വെട്ടുന്നു: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ, സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ വോട്ടുകൾ അവർ പോലുമറിയാതെ ഡൽഹിയിലെ കമ്പ്യൂട്ടറുകളിലിരുന്ന് ഉദ്യോഗസ്ഥർ വെട്ടിമാറ്റുകയാണ്. വോട്ടർമാരെ സംരക്ഷിക്കാൻ 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (എസ്.ഐ.ആർ) നടപടികൾ അടിയന്തരമായി പിൻവലിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. സി.ഇ.സിക്കെതിരെ 'ഇന്ത്യ' മുന്നണി നിരത്തിയ 6 കുറ്റങ്ങൾ
- 1. അട്ടിമറി ഗൂഢാലോചന: കേന്ദ്ര സർക്കാരുമായി ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം.
- 2. കൂട്ട വോട്ട് വെട്ടൽ: വോട്ടർപട്ടികയിൽ നിന്ന് 1.32 കോടി വോട്ടർമാരെ അകാരണമായി നീക്കം ചെയ്തു.
- 3. ഫോം 6 മാറ്റിയെഴുതി: പാർലമെന്റിന്റെ അനുമതിയില്ലാതെ വോട്ടർ രജിസ്ട്രേഷൻ ഫോമിൽ മാറ്റം വരുത്തി.
- 4. ECI NET ദുരുപയോഗം: വോട്ടർപട്ടികയുടെ നിയന്ത്രണം കേന്ദ്രീകൃത സെർവർ വഴി പിടിച്ചെടുത്തു.
- 5. കമ്മീഷണർമാരെ തളച്ചു: മറ്റ് രണ്ട് കമ്മീഷണർമാരെ പൂർണ്ണമായി നിശ്ശബ്ദരാക്കി.
- 6. രാഷ്ട്രീയ അടിമത്തം: മോദിയുടെയും അമിത് ഷായുടെയും നിർദ്ദേശപ്രകാരം ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചു.
പ്രതിഷേധിക്കുന്നവരെ ക്രൂരമായി മർദ്ദിച്ചൊതുക്കാനും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുമാണ് ഭരണകൂടം തുനിയുന്നതെന്ന് നേതാക്കൾ ആരോപിച്ചു. വോട്ടവകാശം സംരക്ഷിക്കാനുള്ള ഈ പോരാട്ടം തെരുവിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നിന് രാംലീല മൈതാനിയിൽ 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' മഹാറാലി സംഘടിപ്പിക്കുമെന്നും 'ഇൻഡ്യ' മുന്നണി പ്രഖ്യാപിച്ചു.

