Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷിന്‍റെ രാജിക്കായി മൂന്നാംദിനവും തെരുവിൽ; ഇൻഡ്യ സഖ്യ എം.പിമാർ രാജ്ഘട്ടിലേക്ക്

text_fields
bookmark_border
സുരക്ഷാ വലയത്തിൽ കൊണാട്ട് പ്ലേസ്; മമതയും എസ്.പി നേതാക്കളും പങ്കെടുക്കും
ഗ്യാനേഷിന്‍റെ രാജിക്കായി മൂന്നാംദിനവും തെരുവിൽ; ഇൻഡ്യ സഖ്യ എം.പിമാർ രാജ്ഘട്ടിലേക്ക്
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും പ്രതിപക്ഷം തെരുവിലേക്ക്. കൊണാട്ട് പ്ലേസിലെ റസ്റ്റാറന്‍റിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഉച്ചഭക്ഷണ വിരുന്നിൽ പങ്കെടുത്ത എം.പിമാർ ബസുകളിൽ രാജ്ഘട്ടിലേക്ക് പുറപ്പെട്ടു.

ഗാന്ധി സമാധിയിൽ സമാധാനപരമായി പ്രാർഥന നടത്താനാണ് പോകുന്നതെന്ന് ഖാർഗെ പറഞ്ഞു. ‘ഇൻഡ്യ സഖ്യത്തിലെ അംഗങ്ങളായ ഞങ്ങൾ സമാധാനപരമായ ധർണ നടത്തുന്നതിനായി ഗാന്ധി സ്മാരകത്തിലേക്ക് പോവുകയാണ്. തങ്ങളുടെ നടപടികൾ രാജ്യതാൽപര്യത്തിന് നിരക്കുന്നതല്ലെന്ന തിരിച്ചറിവ് ബി.ജെ.പി സർക്കാറിനും, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും ഉണ്ടാകുന്നതിന് പ്രാർഥന നടത്തും. വോട്ട് മോഷണം, വിലക്കയറ്റം, യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം ജനതാൽപര്യത്തിന് എതിരാണ്’ -മല്ലികാർജുൻ ഖാർഗെ യാത്ര തിരിക്കുന്നതിനു മുമ്പ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നൂറുകണക്കിന് പാർട്ടി പ്രവർത്തകരും എത്തിയിട്ടുണ്ട്. ആദ്യദിനത്തിൽ തെരഞ്ഞെടുപ്പ് കമീഷനിലേക്കും രണ്ടാംദിനം ജന്തർ മന്തറിലേക്കും മാർച്ച് നടത്തിയ എം.പിമാരെ പൊലീസ് വഴിയിൽ തടഞ്ഞ് ബലമായി കസ്റ്റഡിയിലെടുക്കുകയായിന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ബസിലുണ്ട്. അതേസമയം, രാജ്ഘട്ടിൽ പ്രതിഷേധിക്കാൻ പൊലീസ് അനുമതി നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ എം.പിമാരുടെ മാർച്ച് പൊലീസ് തടയുമെന്ന് ഉറപ്പാണ്. ഇത് സംഘർഷത്തിന് ഇടയാക്കും. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയും എസ്.പി നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കും.

പൊലീസ് തടയുന്നതുവരെ ബസിൽ പോകാനാണ് തീരുമാനം. ‘അജണ്ടയിൽ മാറ്റമില്ല, അത് അതേപടി തുടരുന്നു. ഗ്യാനേഷ് കുമാർ രാജിവെക്കണം. അത് സംഭവിക്കും. ഇത് ഇന്ത്യ സഖ്യത്തിന്റെ മാത്രം ആവശ്യമല്ല, മറിച്ച് രാജ്യത്തിന്റെയാകെ ആവശ്യമാണ്. രാജ്യത്തിന്റെ ഈ ആവശ്യത്തിനായി ഇന്ത്യ സഖ്യം തെരുവിലിറങ്ങുകയാണ്. ഞങ്ങളെ എവിടെ തടയുന്നുവോ അവിടെയെല്ലാം പ്രതിഷേധങ്ങൾ ഉണ്ടാകും’ -കോൺഗ്രസ് എം.പി പവൻ ഖേര മാധ്യമങ്ങളോട് പറഞ്ഞു.

കൊണാട്ട് പ്ലേസിലും പരിസരങ്ങളും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗ്യാനേഷ് രാജിവെക്കുന്നതുവരെ പ്രതിഷേധം കടുപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം. അതിനിടെ, ജോലി തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും പ്രിയങ്ക ഗാന്ധി എം.പിക്കെതിരെയും വീണ്ടും ഡൽഹി പൊലീസ് കേസെടുത്തു. എം.പിമാർക്കെതിരെയും നിരവധി പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേസുകൾ തനിക്ക് മെഡലുകളാണെന്നാണ് രാഹുൽ ഇന്നലെ പ്രതികരിച്ചത്. തനിക്കെതിരെ നിലവിൽ 45 കേസുകളുണ്ടെന്നും 100 ആക്കുകയാണ് ലക്ഷ്യമെന്നും രാഹുൽ പരിഹസിച്ചിരുന്നു. കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുകയാണ്.

പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ, ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയും 10 മുതൽ ജന്തർ മന്തറിൽ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ വിദ്യാർഥിസംഘടനാപ്രവർത്തകരും ഡൽഹിയിലുണ്ട്. സിജെപിക്കൊപ്പം ഇവരും ചേരുന്നത് കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കും. കൂടുതൽ കേന്ദ്ര സേനയെ ഡൽഹിയിലെത്തിച്ച് പ്രതിഷേധത്തിന് തടയിടാനാണ് ആഭ്യന്തര വകുപ്പിന്‍റെ നീക്കം. ആം ആദ്മി പാർട്ടിയും ഡിഎംകെയും പ്രക്ഷോഭരംഗത്തു തുടരുന്നതും കേന്ദ്രത്തിനു തലവേദനയാണ്.

ബുധനാഴ്ചയും രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത് അസാധാരണ പ്രക്ഷോഭത്തിനാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന അപ്രതീക്ഷിത സമരത്തെ അതിക്രൂരമായാണ് പൊലീസ് നേരിട്ടത്. രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും എം.പിമാരെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് ബസിൽ കയറ്റി കസ്റ്റഡിയിലെടുത്തു. രാഹുലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയ വാഹനം പ്രവർത്തകർ അടിച്ചു തകർത്തു.

സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നേതാക്കളുടെ കസ്റ്റഡിക്ക് പിന്നാലെ പൊലീസുമായി കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. രാത്രി എട്ടുമണിയോടെ രാഹുൽ ഗാന്ധിയെ വിട്ടയച്ചതോടെയാണ് സംഘർഷത്തിന് അയവുവന്നത്. ഇൻഡ്യ മുന്നണി എം.പിമാർക്ക് കൊണാട്ട് പ്ലേസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ ഉച്ചഭക്ഷണ വിരുന്നിന് പിന്നാലെ അപ്രതീക്ഷിത സമരത്തിലേക്ക് കടക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - INDIA bloc MP march to Rajghat in anti-CEC stir
Next Story